
ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തെ ചുരുങ്ങിയ സമയം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിച്ചുവെന്ന അവകാശവാദവുമായി കേന്ദ്ര മന്ത്രി അമിത് ഷാ. ഇന്ത്യയ്ക്ക് ചെറിയ സമയം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനായെന്നും അമിത് ഷാ അവകാശപ്പെട്ടു.
അതേ സമയം ഓക്‌സിജന്‍ ലഭ്യത, ആശുപത്രി കിടക്കകളുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ അമിത് ഷാ നടത്തിയ അവകാശവാദത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
രാജ്യത്ത് ഒരു ലക്ഷത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതെങ്ങനെ പറയാന്‍ തോന്നുന്നു, നിങ്ങള്‍ ആരെയാണ് കളിപ്പിക്കുന്നത് തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
'' രണ്ടാം തരംഗത്തിനൊപ്പം തന്നെ വൈറസിന് ജനിതകമാറ്റം സംഭവിച്ചു. അതുകൊണ്ട് രോഗം പെട്ടെന്ന് പടര്‍ന്ന് പിടിക്കുകയായിരുന്നു. ജനങ്ങളുടെ ജീവിതത്തെ കൊവിഡ് രണ്ടാം തരംഗം മോശമായി ബാധിച്ചു. എന്നിട്ടും ചുരുങ്ങിയ സമയം കൊണ്ട് രണ്ടാം തരംഗത്തെ നിയന്ത്രിക്കാന്‍ സാധിച്ചത് വിജയമാണ്,'' എന്നാണ് അമിത് ഷാ പറഞ്ഞത്
ഇന്ത്യ കൊവിഡിന്റെ ഒന്നാം തരംഗത്തെ വിജയകരമായി നേരിട്ടുവെന്നും, ഇപ്പോള്‍ രണ്ടാം തരംഗത്തെ പിടിച്ചു കെട്ടാനായെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എല്ലാവരും വാക്‌സിനേറ്റ് ചെയ്യപ്പെടാതെ കൊവിഡിനെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നിരിക്കേ വാക്‌സിനേഷന്‍ പ്രക്രിയകള്‍ രാജ്യത്ത് ഇഴഞ്ഞു നീങ്ങികൊണ്ടിരിക്കുന്നതിനെതിരെ പരക്കെ ആക്ഷേപം ഉയരുന്നുണ്ട്