'തായ്‌വാനോടൊപ്പം നില്‍ക്കുമെന്നത് 43 വര്‍ഷം മുമ്പ് അമേരിക്ക എടുത്ത തീരുമാനം'; ചൈനയുടെ മുന്നറിയിപ്പ് കാര്യമാക്കാതെ നാന്‍സി പെലോസി

'തായ്‌വാനോടൊപ്പം നില്‍ക്കുമെന്നത് 43 വര്‍ഷം മുമ്പ് അമേരിക്ക എടുത്ത തീരുമാനം'; ചൈനയുടെ മുന്നറിയിപ്പ് കാര്യമാക്കാതെ നാന്‍സി പെലോസി

നാന്‍ പെലോസിയുടെ വിവാദ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്ക. തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. ചൈനയുടെ മിലിറ്ററി ഭീഷണി അമേരിക്കയെ പിന്നോട്ട് നയിക്കില്ലെന്നും നാന്‍സി പെലോസി പറഞ്ഞു.

ബുധനാഴ്ച നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംങിന്റെ പ്രതികരണത്തെയും നാന്‍സി പെലോസി ചോദ്യം ചെയ്തു. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ചൈന തായ്‌വാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

'' സന്ദേശം കൃത്യമാകണമെന്ന് കരുതുന്നു. തായ്‌വാന്റെ സുരക്ഷയില്‍ അമേരിക്കയ്ക്ക് ഉത്തരവാദിത്തമുണ്ട്. അത് ജനാധിപത്യത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടും മൂല്യവുമായി ബന്ധപ്പെട്ടതാണ്,'' എന്നായിരുന്നു തായ്‌വാനില്‍ എത്തിയ ശേഷം നാന്‍സി പെലോസി പറഞ്ഞത്.

അതേസമയം നാന്‍സി പെലോസിയുടെ തായ്‌വാനിലേക്കുള്ള വിവാദ സന്ദര്‍ശനം ചൈനയെ ചൊടിപ്പിച്ചു. സൈനിക നടപടിയുള്‍പ്പെടെയുള്ള രൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ചൈനീസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. അതേസമയം അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവനയെന്ന് തായ്‌വാന്‍ പ്രതികരിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് നാന്‍സി പെലോസി തായ്‌വാനില്‍ എത്തിയത്. ബുധനാഴ്ച തായ്‌വാന്‍ പാര്‍ലമെന്റില്‍ അഡ്രസ് ചെയ്യുകയും ചെയ്തിരുന്നു. 43 വര്‍ഷം മുമ്പ് എല്ലാക്കാലത്തും തായ്‌വാനോടൊപ്പം തന്നെ നില്‍ക്കുമെന്നൊരു പ്രതിജ്ഞ അമേരിക്കയെടുത്തിരുന്നുവെന്നും നാന്‍സി പെലോസി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in