വാക്സിൻ ഒരു തുള്ളി പോലും പാഴാക്കിയില്ല; കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വാക്സിൻ ഒരു തുള്ളി പോലും പാഴാക്കിയില്ല; കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന് കിട്ടിയ വാക്സിൻ പാഴാക്കാതെ ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.

73,38,806 ഡോസുകളാണ് കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിച്ചത്. സംസ്ഥാനം ഉപയോഗിച്ചതാവട്ടെ 74,26,164 ഡോസുകളും. വളരെ സൂക്ഷമതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാലാണ് അധിക ഡോസ് നല്‍കാനായതെന്ന് മുഖ്യമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. വേയ്സ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ അധികമുണ്ടായിരുന്ന ഒരു ഡോസ് പോലും ജനങ്ങള്‍ക്ക് നല്‍കാന്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ വാക്‌സിൻ വേസ്റ്റേജ് കുറയ്ക്കുന്നത് പ്രധാനമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി.

ഏപ്രില്‍ മാസത്തെ വിവരാവകാശ രേഖ പ്രകാരം രാജ്യത്ത് 44.78 ലക്ഷം ഡോസ് ആസൂത്രണമില്ലായ്മ മൂലം പാഴായിട്ടുണ്ട്. തമിഴ്‌നാട്, ഹരിയാന പഞ്ചാബ്, മണിപ്പൂര്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിന്‍ പാഴാക്കിയ സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത്. 12.10 ശതമാനം വാക്‌സിന്‍ തമിഴ്‌നാടിന് ഇത്തരത്തില്‍ നഷ്ടമായി. ഹരിയാന 7.74%, പഞ്ചാബ് 8.2%, മണിപ്പൂര്‍ 7.8%, തെലങ്കാന 7.55% എന്നിങ്ങനെയാണ് കണക്കുകള്‍.

അതേസമയം വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിച്ച സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത് കേരളമാണ്. പഞ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, ദാമന്‍ ദിയു എന്നിവിടങ്ങളില്‍ വാക്‌സിന്‍ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in