കണ്ണൂര്‍ സര്‍വകലാശാലയിലെ രണ്ടാം റാങ്കുകാരന് ഒന്നാം റാങ്കുകാരിയുടെ അത്ര യോഗ്യതയില്ല: എം.വി ജയരാജന്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ രണ്ടാം റാങ്കുകാരന് ഒന്നാം റാങ്കുകാരിയുടെ അത്ര യോഗ്യതയില്ല: എം.വി ജയരാജന്‍

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദ പട്ടികയിലെ രണ്ടാം റാങ്കുകാരന് ഒന്നാം റാങ്കുകാരിയുടെ അത്ര യോഗ്യതയില്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം റാങ്കുകാരന്‍ നെറ്റ് പാസായിട്ടില്ല. അയോഗ്യരായ ഒരാളെയും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചിട്ടില്ല. നിയമനം നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറയുന്നത് അടിസ്ഥാന രഹിതമാണ്. ഗവര്‍ണറുടെ പ്രതികരണങ്ങള്‍ ആരോ എഴുതി കൊടുത്ത് നടത്തുന്നതാണെന്നും ജയരാജന്‍ വിമര്‍ശിച്ചു.

ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായ ക്രിമിനല്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും ജയരാജന്‍ പറഞ്ഞു.

ഡല്‍ഹിയില്‍വെച്ച് ഗൂഢാലോചന നടത്തിയെന്ന വാദം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഗവര്‍ണര്‍ പൗരത്വ ഭേദഗതിയെ ന്യായീകരിച്ചു. എന്നാല്‍ ചരിത്ര കോണ്‍ഗ്രസ് വേദി രാഷ്ട്രീയ വേദിയല്ല. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ സംഘപരിവാറിന്റെ ശബ്ദമായി. അതാണ് ഇവിടെ പ്രതിഷേധമുണ്ടാകാന്‍ കാരണം. ഇങ്ങനെയൊക്കെ കള്ളം പറയാന്‍ ഈ പദവിയിലിരിക്കുന്ന ഒരാള്‍ക്ക് സാധിക്കുമോ എന്നും ജയരാജന്‍ ചോദിച്ചു.

വൈസ് ചാന്‍സലര്‍ക്കെതിരായ വ്യക്തിഹത്യ പരാമര്‍ശം പിന്‍വലിക്കണം. നാളെ മുതല്‍ നിയമസഭയില്‍ ഗവര്‍ണറുടെ നടപടി ചര്‍ച്ചയാകും. കെ സുധാകരന്‍ ചക്കിക്കൊത്ത ചങ്കരനാണ്. അതുകൊണ്ട് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in