സുള്ളി ഡീല്‍സിന് പിന്നാലെ ബുള്ളി ബായ്; മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം, അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് ഐ.ടി മന്ത്രി

സുള്ളി ഡീല്‍സിന് പിന്നാലെ ബുള്ളി ബായ്; മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം, അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് ഐ.ടി മന്ത്രി

മുസ്ലിം സ്ത്രീകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പ്രചരണം. വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച സുള്ളി ഡീല്‍സിന് ശേഷമാണ് ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെയും മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടക്കുന്നത്.

പ്രശ്‌നം വിവാദമായതോടെ ബുള്ളി ബായ് അക്കൗണ്ടിന് പിന്നിലുള്ള ഗിറ്റ്ഹബ് ഉപയോക്താവിനെ ബ്ലോക്ക് ചെയ്തുവെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു.

സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഗവേഷകര്‍, തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം സ്ത്രീകളുടെ ഫോട്ടോ ദുരുപയോഗം ചെയ്തുകൊണ്ട് ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള സുള്ളി ഡീല്‍സ് എന്ന ആപ്ലിക്കേഷന്‍ നേരത്തെ വലിയ വിവാദം തീര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ പ്ലാറ്റ് ഫോമില്‍ തന്നെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനും എത്തിയത്.

ബുള്ളി ബായ് ആപ്ലിക്കേഷനിലൂടെ വ്യാജ ഫോട്ടോകള്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിച്ചതിനെതിരെ ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയിരുന്നു.

മുസ്ലിം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള കമന്റുകളും പ്രചരിക്കുന്നുണ്ടെന്ന് മാധ്യമ പ്രവര്‍ത്ത നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി അടക്കം നിരവധിപേര്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

The Cue
www.thecue.in