'ചെയ്യാത്ത കുറ്റം ആരോപിച്ച് ക്രൂര മര്‍ദ്ദനം, മതത്തിന്റെ പേര് പറഞ്ഞ് ചീത്തവിളി'; ഡല്‍ഹി പൊലീസിനെതിരെ മുസ്ലീം യുവതി

'ചെയ്യാത്ത കുറ്റം ആരോപിച്ച് ക്രൂര മര്‍ദ്ദനം, മതത്തിന്റെ പേര് പറഞ്ഞ് ചീത്തവിളി'; ഡല്‍ഹി പൊലീസിനെതിരെ മുസ്ലീം യുവതി

ഡല്‍ഹി പൊലീസിനെതിരെ പരാതിയുമായി വികലാംഗയായ മുസ്ലീം യുവതി. വാടകക്കാരനും അയല്‍ക്കാരുമായുമുണ്ടായ പ്രശ്‌നത്തിന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് 37കാരിയായ ഹമീദ ഇദ്രിസി ആരോപിച്ചു. ദയാല്‍പുര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് പരാതി.

ചെയ്യാത്ത കുറ്റം ആരോപിച്ച് തന്നെ സ്റ്റേഷന്‍ ഓഫീസറായ ഗിരീഷ് ജെയ്ന്‍ കസ്റ്റഡിയിലെടുത്തുവെന്നും, ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും, മനുഷ്യാവകാശ കമ്മീഷനും, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷനും നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

ജന്മനാ ഹമീദ ഇന്ദ്രിസിയുടെ ഒരു കാലിന് ചലനശേഷിയില്ല. ഭര്‍ത്താവിനൊപ്പം നെഹ്‌റുവിഹാറിലെ വീട്ടിലാണ് താമസം. വീടിനോട് ചേര്‍ന്നുള്ള ഒരു മുറി കരീം എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇയാളുടെ മക്കള്‍ ഇവിടെ ഒരു കട നടത്തുകയാണ്. ഇതിന്റെ വാടകയായി ലഭിക്കുന്ന തുകയാണ് ഹമീദയുടെ കുടുംബത്തിന്റെ ഏകവരുമാനം.

ആഗസ്റ്റ് 30ന് കരീമിന്റെ മക്കളും, അയല്‍ക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും, താന്‍ അത് പരിഹരിക്കാന്‍ ഇടപെടുകയായിരുന്നുവെന്നും ഹമീദ പറയുന്നു. പ്രശ്‌നമെല്ലാം അവസാനിച്ച ശേഷം സ്ഥലത്തെത്തിയ സ്റ്റേഷന്‍ ഓഫീസര്‍ ഗിരീഷ് ജെയ്ന്‍, തന്നോട് മോശമായാണ് പെരുമാറിയതെന്നും അവര്‍ ദ വയറിനോട് പറഞ്ഞു. ആവശ്യപ്പെട്ടത് പ്രകാരം വാടക കരാര്‍ ഉള്‍പ്പടെ കാണിച്ചു കൊടുത്തു. തുടര്‍ന്ന് വാടകക്കാരന്റെ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു, ഭര്‍ത്താവ് വീട്ടിലില്ലാത്തതിനാല്‍ ഇത് സാധിക്കില്ലെന്ന് പറഞ്ഞതോടെ തന്നെ വലിച്ചിഴച്ച് പൊലീസ് ജീപ്പില്‍ കയറ്റുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.

പൊലീസ് സ്റ്റേഷനില്‍ കോമള്‍ എന്ന് പേരുള്ള വനിതാ കോണ്‍സ്റ്റബിള്‍ തന്റെ കൈകള്‍ കെട്ടി ചെറിയ ഒരു മുറയിലേക്ക് കൊണ്ടുപോയി, തുടര്‍ന്ന് ഗിരീഷ് ജെയ്‌നും ആ മുറിയിലേക്ക് വന്നു. പൈപ്പ് പോലുള്ള വസ്തു കൊണ്ടാണ് അവര്‍ തന്നെ മര്‍ദ്ദിച്ചത്. പുറത്തും കാലുകളിലും മര്‍ദ്ദിച്ചു. മതത്തിന്റെ പേര് പറഞ്ഞ് ചീത്ത വിളിച്ചു. രണ്ട് മണിക്കൂറോളം ഇത് തുടര്‍ന്നു.

ശരീരം മുറിഞ്ഞ് ചോര വരുന്നത് വരെ മര്‍ദ്ദിച്ചു. രാത്രി രണ്ട് മണിയോടെയാണ് സ്‌റ്റേഷനില്‍ നിന്നും വിട്ടയച്ചത്. സംഭവം പുറത്ത് പറഞ്ഞാല്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും, കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ഹമീദ പറഞ്ഞു. കൈക്കൂലിയായി 5000 രൂപ പൊലീസുകാര്‍ തന്റെ പക്കല്‍ നിന്ന് വാങ്ങിയെന്നും, അവര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നും ഹമീദ ആരോപിച്ചു. അയല്‍ക്കാരന്റെ മകന്‍ പണം നല്‍കിയാണ് പൊലീസുകാരെ കൊണ്ട് ഇത് ചെയ്യിച്ചതെന്നും ആരോപണമുണ്ട്.

അതേസമയം ഹമീദയുടെ ആരോപണങ്ങള്‍ സ്റ്റേഷന്‍ ഓഫീസര്‍ ഗിരീഷ് ജെയ്ന്‍ നിഷേധിച്ചു. ആരോപണം വ്യാജമാണെന്നും, അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുക മാത്രമാണ് ചെയ്തത്, അതിന് ശേഷം പോകാന്‍ അനുവദിച്ചിരുന്നുവെന്നും ഗിരീഷ് പറഞ്ഞു.

ഹമീദയുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു. അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in