ഇത് പ്ലാന്‍ ചെയ്ത് നടത്തിയ ആക്രമണം; ചൂരല്‍ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്; ഫോൺ കോൾ വിവാദത്തിൽ മുകേഷ് എം എൽ എ

ഇത് പ്ലാന്‍ ചെയ്ത് നടത്തിയ ആക്രമണം; ചൂരല്‍ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്; ഫോൺ കോൾ വിവാദത്തിൽ മുകേഷ് എം എൽ എ

പാലക്കാട് നിന്ന് ഫോണ്‍ വിളിച്ച പത്താം ക്ലാസ് വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മുകേഷ് എംഎല്‍എ. ഫോണ്‍ കോളിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട് . ഇത് പ്ലാന്‍ ചെയ്ത് നടത്തിയ അക്രമണത്തിന്റെ ഭാഗമാണ്. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണെന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ല . ഇതിന്‍റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. റിക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി ലക്ഷ്യമിട്ടാണ് ഇത്തരം ഫോണ്‍ വിളികള്‍ വരുന്നതെന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ അക്രമണമാണ് താന്‍ നേരിടുന്നത്. ഫോണില്‍ വിളിച്ച് പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും മുകേഷ് പറഞ്ഞു.

മുകേഷിന്റെ വിശദീകരണം

”നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ വേട്ടയാടലാണ് ഞാന്‍ അനുഭവിക്കുന്നത്. ആരെക്കെയോ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ചാര്‍ജ് ചെയ്താല്‍ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തീരുന്ന അവസ്ഥയാണ്. നിസാര കാര്യങ്ങള്‍ പറഞ്ഞാണ് വിളിക്കുന്നത്. ട്രെയിന്‍ മിസായി പോയി, കറന്റ് പോയി അങ്ങനെ പല സ്ഥലങ്ങളില്‍ നിന്നും വിളിക്കുന്ന സാഹചര്യമായിരുന്നു. ഇത് പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നതാണ്. എന്നെ പ്രകോപിപ്പിക്കാനായിരുന്നു ശ്രമം. ഇത്രയും നാളായി അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണത്തെയും പ്ലാനിന്റെ ഭാഗമായിരുന്നു.

പ്രധാനപ്പെട്ട ഒരു സൂം മീറ്റിംഗിലായിരുന്നു. തുടര്‍ച്ചയായി വിളിച്ചപ്പോള്‍, ഫോണ്‍ എടുത്തിട്ട് അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു. ആറു തവണ വിളിച്ചു. ഇതിനിടെ സൂം കട്ടായി പോയി. തുടര്‍ന്ന് കുട്ടിയോട് പറഞ്ഞു, അത്യാവശ്യ മീറ്റിംഗില്‍ ആയിരുന്നെന്ന്. സ്വന്തം എംഎല്‍എയെ വിളിക്കൂ, ശേഷം അദ്ദേഹം എന്ത് പറയുന്നെന്ന് നോക്കിയിട്ട് എന്നെ വിളിക്കൂ, ശേഷം മുന്നോട്ടു പോകാമെന്ന് പറഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി സ്വന്തം മണ്ഡലത്തിലെ എംഎല്‍എയെ അറിഞ്ഞിരിക്കണം.

അവന്‍ എന്നോട് പറഞ്ഞത് സുഹൃത്ത് വിളിക്കാന്‍ പറഞ്ഞിട്ടാണ് വിളിച്ചതെന്ന്. എന്ന് പറഞ്ഞാല്‍ അത് സുഹൃത്ത് അല്ല. അത് ശത്രുവാണ്. അത് ആ മോന്റെ മാത്രമല്ല, നാടിന്റെ ശത്രുവാണ് . കുട്ടികളെ ഉപയോഗിച്ച് ഫോണില്‍ വിളിക്കുക, അത് റെക്കോര്‍ഡ് ചെയ്യുക എന്നതാണ് രീതി. എന്നെ ഉപദ്രവിക്കാനാണ് ശ്രമിക്കുന്നത്. ചൂരല്‍ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാർഥി സ്വന്തം എംഎല്‍എയെ അറിഞ്ഞിരിക്കണം. ആസുത്രീതമായ അക്രമണമാണ് നടന്നത്. പക്ക രാഷ്ട്രീയം. ഇത് ജനങ്ങള്‍ വിശ്വാസിക്കരുത്. വിഷയത്തില്‍ പൊലീസ് പരാതി നല്‍കാന്‍ പോകുകയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

ഇവര്‍ ആ കോളിന് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ടാണ് പുറത്തുവിടാത്തത്. ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന് ഊഹിക്കാന്‍ പറ്റും. കുട്ടികള്‍ ശ്രദ്ധിക്കണം. ഇങ്ങനെ ആരെയും വിളിക്കരുത്. അവര്‍ വഴി തെറ്റിക്കാനാണ് ശ്രമിക്കുന്നത്. ഈ സംഭവത്തില്‍ മോനെക്കാള്‍ വിഷമം എനിക്കുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in