'നാളെ വിളിക്കുമ്പോഴേക്കും അത് മാറ്റിയിരിക്കണം', മന്ത്രി റിയാസിന്റെ വിളിയും റോഡ് റോളര്‍ നീക്കുന്ന വീഡിയോയും വൈറല്

'നാളെ വിളിക്കുമ്പോഴേക്കും അത് മാറ്റിയിരിക്കണം', മന്ത്രി റിയാസിന്റെ വിളിയും റോഡ് റോളര്‍ നീക്കുന്ന വീഡിയോയും വൈറല്

റോഡ് റോളർ റോഡിൽ ഇടങ്ങേറായി കിടക്കുന്നുവെന്ന പരാതിന്മേൽ ഉടൻ നടപടിയുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജനങ്ങളുമായുള്ള ഫോൺ ഇൻ പരിപാടിയിലാണ് ഒരു റോഡ് റോളർ റോഡിൽ കിടക്കുന്നുവെന്ന പരാതി വന്നത്. മന്ത്രിയുടെ ഇടപെടലിൽ 24 മണിക്കൂറിനുള്ളിൽ റോഡ് റോളർ നീക്കം ചെയ്തു. മന്ത്രിയുടെ ഫോൺ വിളിയും റോഡിൽ റോഡ് റോളർ മാറ്റുന്നതിന്റെയും വീഡിയോ ഇപ്പോൾ വൈറൽ ആണ്.

കഴിഞ്ഞദിവസം തൃശൂർ ഇരിങ്ങാലക്കുട മണ്ഡലം കാട്ടൂർ പഞ്ചായത്തിലെ നെടുമ്പറയിലെ സുമിത്രനാണ് ഫോണിൽ വിളിച്ച് പരാതി പറഞ്ഞത്. പഞ്ചായത്ത് ഒന്നാം വാർഡിൽ താണിശേരി കാരാഞ്ചിറ റോഡിൽ കഴിഞ്ഞ ലോക്ഡൗൺ കാലത്ത് റോഡരികിൽ ഉപേക്ഷിച്ചുപോയ ഒരു വലിയ ടാർ മിക്സിങ് യൂണിറ്റാണ് അപകടാവസ്ഥയിൽ കിടന്നത്.  റോഡിലെ വളവിലാണ് ഇത് ഉപേക്ഷിച്ചിരുന്നത്. പരാതി പറഞ്ഞ സുമിത്രനോട് ഫോൺ ഹോൾഡ് ചെയ്യുവാൻ മന്ത്രി പറഞ്ഞു . ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ മന്ത്രി വിളിച്ചു ‘എന്താണ് ഒരു റോഡ് റോളർ അവിടെ ഉപേക്ഷിച്ചിട്ടിരിക്കുന്നു എന്നു പരാതിയുണ്ടല്ലോ. നാളെ വൈകുന്നേരം ഞാൻ വിളിക്കും അതിനു മുൻപ് ബന്ധപ്പെട്ട കോൺട്രാക്ടറോട്‌ പറഞ്ഞ് അവിടെനിന്നു മാറ്റിയിരിക്കണം' മന്ത്രിയുടെ ഓർഡർ വന്നതിന് പിന്നാലെ റോഡ് റോളർ നീക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ തുടങ്ങി.

ഉദ്യോഗസ്ഥരെത്തി ലോറിയിൽ റോഡ് റോളർ കെട്ടിവലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ട് . ജനങ്ങളുടെ അഭിപ്രായം കേൾക്കാനും നടപടിയെടുക്കുന്നതിനും മന്ത്രി മുഹമ്മദ് റിയാസ് എല്ലാ ആഴ്ചയിലും ഒരു ദിവസം ഫോണിലൂടെ ജനങ്ങളുമായി സംസാരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in