പെണ്‍കുട്ടികളെ പൊതുവേദിയില്‍ നിന്ന് ഒഴിവാക്കുന്നതിന് ഗുണങ്ങളുണ്ട്, സ്ത്രീകള്‍ മറയ്ക്ക് അപ്പുറത്ത് സന്തോഷിക്കും : അബ്ദുള്ള മുസ്ലിയാര്‍

പെണ്‍കുട്ടികളെ പൊതുവേദിയില്‍ നിന്ന് ഒഴിവാക്കുന്നതിന് ഗുണങ്ങളുണ്ട്, സ്ത്രീകള്‍ മറയ്ക്ക് അപ്പുറത്ത് സന്തോഷിക്കും : അബ്ദുള്ള മുസ്ലിയാര്‍

മുതിര്‍ന്ന പെണ്‍കുട്ടികള്‍ പൊതുവേദിയില്‍ കയറുന്നത് ഒഴിവാക്കുന്നതിന് ഒരുപാട് ഗുണങ്ങളുള്ളതായി സമസ്ത മനസിലാക്കുന്നുണ്ടെന്ന് എം.ടി അബ്ദുള്ള മുസ്ലിയാര്‍. സ്ത്രീകള്‍ പൊതു വേദിയില്‍ പുരുഷന്മാര്‍ക്കൊപ്പമിരിക്കുന്ന രീതി സമസ്തയ്ക്ക് ഇല്ല എന്നും അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു.

പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സമസ്ത നേതാവിന്റെ വിചിത്ര പ്രസ്താവന. കുട്ടികള്‍ക്ക് കോയിന്‍ അടക്കമുള്ളവ സമ്മാനമായി നല്‍കിയിട്ടുണ്ട്. പക്ഷെ അതൊന്നും പെണ്‍കുട്ടികളെ വേദിയിലേക്ക് വിളിച്ചിട്ടല്ലെന്നും സമസ്തയുടെ കീഴ്‌വഴക്കം അങ്ങനെ അല്ലെന്നും അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു.

സമസ്ത മത സംഘടനയാണ്. അവിടെ പെണ്‍കുട്ടിയെ അപമാനിക്കുന്ന ഒന്നും തന്നെ ഉണ്ടായിട്ടില്ല. കുട്ടിക്ക് സ്‌റ്റേജില്‍ കയറി സമ്മാനം കൊടുത്തു, അത് കഴിഞ്ഞ് കുട്ടി തിരിച്ചു പോയി എന്നും അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു. വിഷയത്തില്‍ ന്യായീകരണവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തെത്തിയിരുന്നു.

എം.ടി അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞത്

സമസ്ത ഒരു മത സംഘടനയാണ്. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ്. ഈ സംഭവം, അവിടെ ഒരു പെണ്‍കുട്ടിയെ അപമാനിക്കുന്ന ഒന്നും ഉണ്ടായിട്ടില്ല. ആ കുട്ടി വന്നു, ആ കുട്ടി സ്‌റ്റേജില്‍ കയറി, ആ കുട്ടിക്ക് സമ്മാനം കൊടുത്തു, സന്തോഷകരമായി ആ കുട്ടി ഇറങ്ങി പോയി. പക്ഷെ അവിടെ ഒരു ഇസ്ലാമിക ശിക്ഷണം ഉണ്ട്. പെണ്‍കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കണം. എല്ലാവരും പെണ്‍കുട്ടികളെ അതുപോലെ വളര്‍ത്തിയെടുക്കുക എന്നതാണ് സമസ്തയുടെ ലക്ഷ്യം. അപ്പോള്‍ അവിടെ നമ്മുടെ പ്രവര്‍ത്തകര്‍, പ്രവര്‍ത്തകര്‍ മാത്രമല്ല, എന്റെ ശിഷ്യന്മാര്‍, ഭാര്യാ സഹോദരന്മാര്‍, തുടങ്ങിയവരാണ് ഇരുന്നിരുന്നത്്. സമസ്തയുടെ ചരിത്രത്തില്‍ മുതിര്‍ന്ന സമസ്തയുടെ ചരിത്രത്തില്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ പൊതു സ്‌റ്റേജില്‍ കയറ്റുന്നത് ഒഴിവാക്കാറാണ് പതിവ്. അതിന് ഒരുപാട് ഗുണങ്ങള്‍ ഞങ്ങള്‍ അതിന് മനസിലാക്കുന്നുണ്ട്.

സമസ്തയുടെ നിലപാടും സമസ്തയുടെ കീഴ്‌വഴക്കവും സമസ്തയുടെ തീരുമാനവും ഇങ്ങനെയാണ്.

കുട്ടികള്‍ക്ക് കോയിന്‍ അടക്കമുള്ളവ സമ്മാനമായി ഞാന്‍ കൊടുത്തതിനെക്കുറിച്ച് നേരത്തെ പറഞ്ഞല്ലോ. അത് അവരെ സ്‌റ്റേജിലേക്ക് വിളിച്ചിട്ടല്ല. രക്ഷിതാക്കളെ വിളിക്കും, അല്ലെങ്കില്‍ ഉസ്താദുമാര്‍ ഒന്നുകില്‍ ഗുരുനാഥന്മാരെ വിളിക്കും. അവിടെ സ്ത്രീകളും പെണ്‍കുട്ടികളും ഒക്കെ ഒരു മറയുടെ അപ്പുറത്താണ് ഉണ്ടാവുക. സ്‌റ്റേജില്‍ ഒന്നിച്ച് സ്ത്രീകളും പുരുഷന്മാരും ഇടപഴകി കഴിയുന്ന രീതി സമസ്തയ്ക്ക് ഇല്ല. മറയ്ക്ക് അപ്പുറത്ത് ഇരുന്ന് അവര്‍ സന്തോഷിക്കും. ആസ്വദിക്കും.