കര്‍ഷകര്‍ക്ക് താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം മോദിയുടെ സുഹൃത്ത് അദാനി; പരസ്യ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍

കര്‍ഷകര്‍ക്ക് താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം മോദിയുടെ സുഹൃത്ത് അദാനി; പരസ്യ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍

കര്‍ഷകര്‍ക്ക് വിളകളുടെ താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്ത് ഗൗതം അദാനിയെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഹരിയാനയില്‍ നടന്ന പരിപാടിയില്‍ വെച്ചായിരുന്നു നരേന്ദ്ര മോദിക്കെതിരായ ഗവര്‍ണറുടെ പരസ്യ വിമര്‍ശനം.

പൊലീസ് വിലക്ക് മറികടന്ന് ദില്ലിയില്‍ ഇന്ന് മഹാപഞ്ചായത്ത് നടക്കാനിരിക്കെയാണ് ഗവര്‍ണറുടെ പ്രതികരണം. കര്‍ഷകരുടെ സമരം ഇത്തവണ കൂടുതല്‍ കടുക്കുമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ കര്‍ഷകര്‍ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മോദിയുടെ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചുവെന്നാണ് സത്യപാല്‍ മാലിക്കിന്റെ പ്രതികരണത്തോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്.

താങ്ങുവില ഉറപ്പാക്കല്‍ നിയമം നടപ്പാക്കുക, രാജ്യത്തെ എല്ലാ കര്‍ഷകരെയും കടമുക്തരാക്കുക, ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുക, കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുക എന്നതടക്കം ഒമ്പത് വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ മഹാപഞ്ചായത്ത് നടത്തുന്നത്.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. താങ്ങുവില നിശ്ചയിക്കുക എന്നതാണ് കര്‍ഷകര്‍ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in