എസ്എഫ്ഐക്ക് എസ്‌കോർട്ടും എംഎസ്എഫിന് കയ്യാമവും: പി.കെ ഫിറോസ്

എസ്എഫ്ഐക്ക് എസ്‌കോർട്ടും എംഎസ്എഫിന് കയ്യാമവും: പി.കെ ഫിറോസ്
Summary

'മന്ത്രിമാർക്ക് എസ്‌കോർട്ട് പോകുന്ന പോലെയാണ് കേരളത്തിലെ പൊലീസ്, ക്രിമിനൽ കേസുകളിൽ പ്രതികളായ എസ്എഫ്ഐ നേതാക്കന്മാർക്ക് എസ്‌കോർട്ട് പോകുന്നത്. ആ കാഴ്ച കേരളം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷത്തുള്ള, എംഎസ്എഫിന്റെ രണ്ട് വിദ്യാർത്ഥി നേതാക്കളെ ഇമ്മട്ടിൽ പൊലീസ് അറസ്റ്റ് ചെയ്ത് കയ്യാമം വെച്ച് കൊണ്ടുപോകുന്നത്. ഇത് ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല.' പി.കെ ഫിറോസ് ദ ക്യുവിനോട്

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ചെന്ന പേരിൽ അറസ്റ്റിലായ എംഎസ്എഫ് വിദ്യാർത്ഥി നേതാക്കളെ പൊലീസ് വിലങ്ങ് അണിയിച്ചതിൽ പ്രതിഷേധം. കയ്യാമം വെക്കുന്നതിന് സുപ്രീംകോടതിയുടെ മാർഗനിർദേശം നിലനിൽക്കെയാണ് പൊലീസ് നടപടിയെന്നും വിദ്യാർത്ഥി പ്രതിഷേധത്തെ നേരിട്ടത് അടിയന്തരാവസ്ഥക്കാലത്തേക്കാൾ ഭീകരമായിട്ടാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ. സെക്രട്ടറി പി.കെ ഫിറോസ്. മലബാറിൽ ഹയർ സെക്കണ്ടറി സീറ്റുകളിലെ വർദ്ധന ആവശ്യപ്പെട്ട് എംഎസ്എഫ് സമരത്തിലായിരുന്നു. ഇതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ വിദ്യാഭ്യാസമന്ത്രിയെ കരിങ്കൊടി കാണിച്ചതിനാണ് ടി.ടി അഫ്രിൻ, സി. ഫസീഹ് എന്നീ വിദ്യാർത്ഥി നേതാക്കളെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത് കയ്യാമം അണിയിച്ചത്. കൊയിലാണ്ടി എസ്‌ഐ അനീഷിനെ സസ്‌പെൻഡ് ചെയ്തില്ലെങ്കിൽ അതിശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും പി.കെ ഫിറോസ് ദ ക്യുവിനോട് പറഞ്ഞു.

പി.കെ ഫിറോസിന്റെ പ്രതികരണം

'അടിയന്തരാവസ്ഥ കാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് കേരളത്തിലെ പൊലീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥയുടെ മുറിപ്പാടുകൾ ഭീകരമായി അവതരിപ്പിക്കുന്ന ഒരു ആഭ്യന്തര മന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. അദ്ദേഹത്തിന്റെ കീഴിലെ പൊലീസാണ് അടിയന്തരാവസ്ഥയെ പോലും തോൽപ്പിക്കുന്ന തരത്തിൽ രണ്ട് വിദ്യാർത്ഥി നേതാക്കളെ കൈവിലങ്ങ് അണിയിച്ച് നടുറോഡിലൂടെ കൊണ്ടുപോയത്.

ഇവർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിക്കുകയോ വഴിയിൽ തടയുകയോ ചെയ്തവരല്ല. കരിങ്കൊടി കാണിച്ചത് വേറെ വിദ്യാർത്ഥികളാണ്. ഇവർ മറ്റെവിടെയെങ്കിലും വെച്ച് കാണിക്കുമെന്ന വിചാരത്തിന്റെ പുറത്താണ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യം ലഭിക്കാവുന്ന നിസ്സാരമായൊരു കേസാണ്. അതിനാണ് കയ്യാമം വെക്കുന്നത്. ഇത് ആർക്കും അംഗീകരിക്കാൻ കഴിയുന്നതല്ല.'

കൊയിലാണ്ടി എസ്‌ഐ അനീഷ് വിദ്യാർത്ഥികളോട് ക്രൂരമായാണ് പെരുമാറിയതെന്നും പി.കെ ഫിറോസ് ദ ക്യുവിനോട് പറഞ്ഞു. കൈവിലങ്ങ് അണിയിക്കുക മാത്രമല്ല, വിദ്യാർത്ഥികളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതിന് ശേഷം തിരിച്ച് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഒരു കോൺസ്റ്റബിൾ അവർക്ക് ഇരിക്കാൻ കൊടുത്ത കസേര എസ്‌.ഐ അനീഷ് തട്ടിത്തെറിപ്പിച്ചെന്നും ഫിറോസ് ആരോപിച്ചു.

'മന്ത്രിമാർക്ക് എസ്‌കോർട്ട് പോകുന്ന പോലെയാണ് കേരളത്തിലെ പൊലീസ് ക്രിമിനൽ കേസുകളിൽ പ്രതികളായ എസ്എഫ്ഐ നേതാക്കന്മാർക്ക് എസ്‌കോർട്ട് പോകുന്നത്. ആ കാഴ്ച കേരളം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷത്തുള്ള, എംഎസ്എഫിന്റെ രണ്ട് വിദ്യാർത്ഥി നേതാക്കളെ ഇമ്മട്ടിൽ പൊലീസ് അറസ്റ്റ് ചെയ്ത് കയ്യാമം വെച്ച് കൊണ്ടുപോകുന്നത്. ഇത് ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല.'

എസ്‌ഐ അനീഷിനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും ഇല്ലെങ്കിൽ രാഷ്ട്രീയമായും നിയമപരമായും അതിശക്തമായ സമരങ്ങൾക്ക് യൂത്ത് ലീഗും എംഎസ്എഫും നീങ്ങുമെന്നും പി.കെ ഫിറോസ് ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in