മധ്യപ്രദേശില്‍ വീര്‍ ദാസിന്റെ പരിപാടിക്ക് വിലക്കേര്‍പ്പെടുത്തി മന്ത്രി; 'രാഹുല്‍ഗാന്ധിയും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു'

മധ്യപ്രദേശില്‍ വീര്‍ ദാസിന്റെ പരിപാടിക്ക് വിലക്കേര്‍പ്പെടുത്തി മന്ത്രി; 'രാഹുല്‍ഗാന്ധിയും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു'

സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ വീര്‍ ദാസിന്റെ പരിപാടികള്‍ക്ക് മധ്യപ്രദേശില്‍ വിലക്കേര്‍പ്പെടുത്തി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. വീര്‍ ദാസിന്റെ 'ഐ കം ഫ്രം 2 ഇന്ത്യാസ്' എന്ന വീഡിയോ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മിശ്രയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിദേശത്ത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയെന്നും, അതുകൊണ്ടാണ് വീര്‍ ദാസിനെ പോലുള്ളവരെ പിന്തുണക്കുന്നതെന്നും മന്ത്രി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

'രാഹുല്‍ ഗാന്ധിയും, കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തി. വീര്‍ ദാസിനെ പോലുള്ളവരെ വിദൂഷകന്മാര്‍ എന്നാണ് ഞാന്‍ വിളിക്കുന്നത്. അത്തരക്കാരെ ഈ സംസ്ഥാനത്ത് പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ല.' വീര്‍ ദാസ് മാപ്പ് പറയുകയാണെങ്കില്‍ തീരുമാനം മാറ്റുന്ന കാര്യം ആലോചിക്കുമെന്നും നരേത്തം മിശ്ര പറയുന്നുണ്ട്.

അമേരിക്കയിലെ വാഷിങ്ടണ്‍ കെന്നഡി സെന്ററില്‍ ഷൂട്ട് ചെയ്ത 7 മിനിറ്റ് ദൈര്യഘ്യമുള്ള വീര്‍ ദാസിന്റെ വീഡിയോയായിരുന്നു വിവാദമായത്. തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ രാജ്യത്തെ വിവിധ സാഹചര്യങ്ങളിലെ രണ്ട് വശങ്ങള്‍ അവതരിപ്പിച്ച വീഡിയോ കര്‍ഷക പ്രതിഷേധങ്ങള്‍, കൊവിഡ് മഹാമാരി, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങല്‍ പ്രതിബാധിക്കുന്നതായിരുന്നു.

കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ വീര്‍ ദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സ്റ്റാന്‍ഡ് അപ് എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയുന്ന സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ എന്നായിരുന്നു ശശി തരൂര്‍ വീര്‍ ദാസിനെ വിശേഷിപ്പിച്ചത്.

വീഡിയോയില്‍ വിമര്‍ശനവുമായി കങ്കണ റണാവത് ഉള്‍പ്പടെയുള്ളവരും രംഗത്തെത്തി. മൃദു ഭീകരവാദമാണ് വീര്‍ദാസിന്റേതെന്നായിരുന്നു കങ്കണ ആരോപിച്ചത്. വീഡിയോയിലൂടെ രാജ്യത്തെ ഒന്നടങ്കം അപമാനിച്ചുവെന്നും, ശക്തമായ നടപടിയെടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in