പര്‍ദ്ദ വിവാദത്തില്‍ ജമാഅത്തെ ഇസ്ലാമിയോട് എം.പി.ബഷീര്‍

പര്‍ദ്ദ വിവാദത്തില്‍ ജമാഅത്തെ ഇസ്ലാമിയോട് എം.പി.ബഷീര്‍

മുസ്ലിം സമുദായത്തില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ മതപരമായ വസ്ത്രം ധരിക്കാത്തത്തില്‍ ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ഇന്ത്യാവിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും ന്യൂസ്‌റപ്റ്റ് എഡിറ്ററും ആയ എം.പി.ബഷീര്‍. കേരളത്തിലെ മുസ്ലീം സ്ത്രീകളില്‍ പര്‍ദ്ദ വ്യാപിപ്പിക്കാന്‍ ജമാഅത്തെ ഇസ്ലാമി നടത്തിയ ശ്രമങ്ങള്‍ ക്‌ളബ് ഹൗസിലെ ഒരു ചര്‍ച്ചയില്‍ വിശദീകരിച്ചപ്പോഴായിരുന്നു എം.പി.ബഷീറിന്റെ വെളിപ്പെടുത്തല്‍

ആയിരത്താണ്ടുകള്‍ കേരളത്തിലെ ഇതര ജനവിഭാഗങ്ങളില്‍പ്പെടുന്ന സ്ത്രീകളുടേതില്‍ നിന്ന് ഏറെയൊന്നും വ്യത്യാസപ്പെടാത്ത ഒരു വസ്ത്രധാരണരീതി പുലര്‍ത്തിപ്പോന്ന മുസ്ലിം സ്ത്രീകള്‍, തികച്ചും മതപരമായ ഐഡന്‍ഡിറ്റി ഉള്ള ഒരു വസ്ത്ര സംഹിതയിലേക്ക് പൊടുന്നനെ മാറുന്നതിന് പിന്നിലെ കഥയായിരുന്നു താന്‍ പറയാന്‍ ശ്രമിച്ചതെന്ന് എംപി ബഷീര്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമം ദിനപത്രം, പ്രബോധനം വാരിക, ആരാമം മാഗസിന്‍, കുട്ടികളുടെ പ്രസിദ്ധീകരണണമായ മലര്‍വാടി, നിരോധിക്കപ്പെട്ട കാലത്ത് പ്രബോധനത്തിനു പകരംവന്ന ബോധനം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ പര്‍ദ്ദയ്ക്ക് നല്‍കിയ എഡിറ്റോറിയല്‍ പിന്തുണയായിരുന്നു എന്റെ അന്വേഷണ വിഷയങ്ങളില്‍ ഒന്ന്. ജമാഅത്തിന്റെ ചുവടുപിടിച്ച് മറ്റു മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ പര്‍ദ്ദക്ക് വേണ്ടി നടത്തിയ എഡിറ്റോറിയല്‍ കാമ്പയിനുകളും മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കപ്പെട്ട പരസ്യങ്ങളും അവയുടെ വിശദാംശങ്ങളും അതിലുണ്ടായിരുന്നു. ജമാഅത്ത് ഉള്‍പ്പെടെയുള്ള ഇസ്ലാമിസ്റ്റുകളും സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകളും എങ്ങനെയാണ് പര്‍ദ്ദാ വിപ്ലവം കൊണ്ടുവന്നത് എന്ന് അന്വേഷണമായിരുന്നു അത്.

രാജ്യത്തെ പ്രധാന മാധ്യമ ഫെല്ലോഷിപ്പുകളില്‍ ഒന്നായിരുന്ന എന്‍.എഫ്.ഐ ഫെലോഷിപ്പിന് കീഴിലായിരുന്നു സ്റ്റോറി ചെയ്തതെന്നും നൂറിലധികം ആളുകളുമായി സംസാരിക്കുകയും മുപ്പതോളം പ്രസിദ്ധീകരണങ്ങളുടെ ഒരു പതിറ്റാണ്ട് കാലത്തെ ആര്‍ക്കൈവുകള്‍ പരിശോധിക്കുകയും ചെയ്തതാണ് ആ ലേഖനം തയ്യാറാക്കിയതെന്നും അദ്ദേഹം വിശദമാക്കി. എങ്കിലും പ്രതിലോമകരമായ ഒരു സാംസ്‌കാരിക പരിണാമ കഥയ്ക്കപ്പുറം മറ്റൊന്നും താനതില്‍ സംശയിച്ചിരുന്നില്ല. ഒരു രഹസ്യാന്വേഷകന് പ്രസക്തമായി തോന്നുന്ന എന്താണ് ആ സ്റ്റോറിയില്‍ ഉള്ളത് എന്ന കൗതുകമായിരുന്നു അക്കാലത്ത് തനിക്ക് ഉണ്ടായിരുന്നതെന്നും കേന്ദ്ര അന്വേഷണ വിഭാഗത്തില്‍ നിന്നുള്ളയാള്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷിച്ച് വന്ന സംഭവം ഓര്‍ത്തുകൊണ്ട് എംപി ബഷീര്‍ പറഞ്ഞു.

എംപി ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മൂന്നോ നാലോ ആഴ്ചകള്‍ക്ക് മുമ്പ് ക്ലബ് ഹൗസില്‍ നടന്ന ഒരു ചര്‍ച്ചയില്‍ കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ പര്‍ദ്ദ വ്യാപിച്ചതിനെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലത് സാമൂഹ്യ മാധ്യമങ്ങളില്‍ പലപല വ്യാഖ്യാനങ്ങളോടെ പറന്നു നടക്കുന്നുണ്ട്. സംഘ്പരിവാറും ഇസ്ലാമിസ്റ്റുകളും, ഇതൊന്നുമല്ലാത്തവരും, അവ അവരവര്‍ക്ക് തോന്നുംപടി എടുത്തുപയോഗിക്കുന്നുണ്ട്. അതിനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ല, ഞാന്‍ പറഞ്ഞത് ഒന്നുകൂടി തെളിച്ച് പറയാനാണ് ഈ കുറിപ്പ്. പല സുഹൃത്തുക്കളും ചില കാര്യത്തില്‍ വ്യക്തത ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഒന്ന്

രണ്ടായിരാമാണ്ട് മെയ് മാസത്തില്‍ ആവണം രാജേഷ് എന്ന് ഒന്നാം പേരുള്ള ഒരാള്‍ ഒരു കേന്ദ്ര അന്വേഷണ വിഭാഗത്തില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി എന്നെ തേടിവന്നത്. ഞാനന്ന് ബാംഗ്ലൂരില്‍ ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തിന്റെ നാഷണല്‍ ഡെസ്‌കില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ആദ്യം ഫോണ്‍ കോള്‍ വന്നു, രണ്ടുദിവസം കഴിഞ്ഞ് അയാള്‍ നേരിട്ട് എത്തി. കോഴിക്കോട് നിന്ന് യാത്രചെയ്തു വരികയാണ് എന്നാണ് പറഞ്ഞത്. മെയ് മാസം എന്ന് പറയാന്‍ കാരണം, തൊട്ടുമുമ്പത്തെ മാസം ഞാനെഴുതിയ 'പര്‍ദ്ദയിലെ മത രാഷ്ട്രീയം' എന്ന ദീര്‍ഘ ലേഖനം പ്രസിദ്ധപ്പെടുത്തിയ സമകാലിക മലയാളം വാരികയുടെ കോപ്പിയും ആ ലേഖനത്തിനോടുള്ള പ്രതികരണമായി നെടുങ്കന്‍ മറു ലേഖനങ്ങള്‍ അച്ചടിച്ച ഇരുപതോളം മുസ്ലിം പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു.

എന്റെ ഡ്യൂട്ടി കഴിയുന്നതുവരെ അദ്ദേഹം കാത്തിരുന്നു. 75, എംജി റോഡിലെ ഒരു കോഫി ഷോപ്പില്‍ വെച്ച് ഞങ്ങള്‍ രണ്ടു മൂന്നു മണിക്കൂര്‍ നേരം സംസാരിച്ചു. എന്റെ ലേഖനത്തിലെയും മറു ലേഖനങ്ങളിലെയും ചില പരാമര്‍ശങ്ങളുടെയും പ്രയോഗങ്ങളുടെയും വിശദീകരണങ്ങളും വിശദാംശങ്ങളുമാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. ഈ ലേഖനത്തില്‍ ഞാന്‍ പറഞ്ഞ ചില കണക്കുകള്‍ക്ക് ഉള്ള തെളിവുകളും ചില വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങളും ചോദിച്ചു മനസ്സിലാക്കി. ദേശാഭിമാനിയുടെ ബാംഗ്ലൂര്‍ ബ്യൂറോ ചീഫും കേരള പ്രസ് അക്കാദമിയിലെ എന്റെ സഹപാഠിയുമായിരുന്ന അന്തരിച്ച രാജീവന്‍ കാവുമ്പായിയോടൊപ്പം മത്തിക്കരെ എന്ന സ്ഥലത്തായിരുന്നു എന്റെ താമസം. കാറില്‍ എന്നെ താമസസ്ഥലത്ത് കൊണ്ടുവിട്ടാണ് അദ്ദേഹം മടങ്ങിയത്.

1990നും രണ്ടായിരാമാണ്ടിനുമിടയില്‍ കേരളത്തിലെ മുസ്ലിം സ്ത്രീകളില്‍ പടര്‍ന്നുപിടിച്ച പര്‍ദ്ദാ ജ്വരത്തെക്കുറിച്ചായിരുന്നു അദ്ദേഹം അന്വേഷിച്ചു വന്ന ആ സ്റ്റോറി. ആയിരത്താണ്ടുകള്‍ കേരളത്തിലെ ഇതര ജനവിഭാഗങ്ങളില്‍പ്പെടുന്ന സ്ത്രീകളുടേതില്‍ നിന്ന് ഏറെയൊന്നും വ്യത്യാസപ്പെടാത്ത ഒരു വസ്ത്രധാരണരീതി പുലര്‍ത്തിപ്പോന്ന മുസ്ലിം സ്ത്രീകള്‍, തികച്ചും മതപരമായ ഐഡന്‍ഡിറ്റി ഉള്ള ഒരു വസ്ത്ര സംഹിതയിലേക്ക് പൊടുന്നനെ മാറുന്നതിന് പിന്നിലെ കഥയായിരുന്നു ഞാന്‍ പറയാന്‍ ശ്രമിച്ചത്.

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമം ദിനപത്രം, പ്രബോധനം വാരിക, ആരാമം മാഗസിന്‍, കുട്ടികളുടെ പ്രസിദ്ധീകരണണമായ മലര്‍വാടി, നിരോധിക്കപ്പെട്ട കാലത്ത് പ്രബോധനത്തിനു പകരംവന്ന ബോധനം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ പര്‍ദ്ദയ്ക്ക് നല്‍കിയ എഡിറ്റോറിയല്‍ പിന്തുണയായിരുന്നു എന്റെ അന്വേഷണ വിഷയങ്ങളില്‍ ഒന്ന്. ജമാഅത്തിന്റെ ചുവടുപിടിച്ച് മറ്റു മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ പര്‍ദ്ദക്ക് വേണ്ടി നടത്തിയ എഡിറ്റോറിയല്‍ കാമ്പയിനുകളും മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കപ്പെട്ട പരസ്യങ്ങളും അവയുടെ വിശദാംശങ്ങളും അതിലുണ്ടായിരുന്നു. ജമാഅത്ത് ഉള്‍പ്പെടെയുള്ള ഇസ്ലാമിസ്റ്റുകളും സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകളും എങ്ങനെയാണ് പര്‍ദ്ദാ വിപ്ലവം കൊണ്ടുവന്നത് എന്ന് അന്വേഷണമായിരുന്നു അത്. രാജ്യത്തെ പ്രധാന മാധ്യമ ഫെല്ലോഷിപ്പുകളില്‍ ഒന്നായിരുന്ന എന്‍.എഫ്.ഐ ഫെലോഷിപ്പിന് കീഴിലായിരുന്നു ആ സ്റ്റോറി ചെയ്തത്. നൂറിലധികം ആളുകളുമായി സംസാരിക്കുകയും മുപ്പതോളം പ്രസിദ്ധീകരണങ്ങളുടെ ഒരു പതിറ്റാണ്ട് കാലത്തെ ആര്‍ക്കൈവുകള്‍ പരിശോധിക്കുകയും ചെയ്തതാണ് ആ ലേഖനം തയ്യാറാക്കിയത്. എങ്കിലും പ്രതിലോമകരമായ ഒരു സാംസ്‌കാരിക പരിണാമ കഥയ്ക്കപ്പുറം മറ്റൊന്നും ഞാനതില്‍ സംശയിച്ചിരുന്നില്ല. ഒരു രഹസ്യാന്വേഷകന് പ്രസക്തമായി തോന്നുന്ന എന്താണ് ആ സ്റ്റോറിയില്‍ ഉള്ളത് എന്ന് കൗതുകമായിരുന്നു എനിക്ക് അക്കാലത്ത്.

2000 ജൂണ്‍ മാസത്തില്‍ 'ശശികുമാറിന്റെ നേതൃത്വത്തില്‍ സിപിഐഎം തുടങ്ങുന്ന 'മലയാളം' ചാനലില്‍' ചേരാനായി ഞാന്‍ ഡെക്കാന്‍ ഹെറാള്‍ഡ് വിട്ടുപോന്നു. ശശികുമാര്‍ ചാനല്‍ തുടങ്ങുംമുമ്പേ പിന്‍വാങ്ങി, മലയാളം, കൈരളിയായി. കൈരളിയുടെ കൊച്ചി, കാക്കനാട്ടുള്ള ന്യൂസ്‌റൂമില്‍ ഇരിക്കുമ്പോഴാണ്, 2000 ഒക്ടോബര്‍-നവംബര്‍ മാസത്തിലാവണം, രാജേഷ് എന്ന് ഒന്നാം പേരുള്ള രഹസ്യാന്വേഷകന്‍ വീണ്ടും എന്നെ കാണാന്‍ വന്നത്. മുന്‍കൂട്ടി പറയാതെയുള്ള വരവായിരുന്നു. അദ്ദേഹം താമസിക്കുന്ന എറണാകുളത്തെ എംജി റോഡിനോട് ചേര്‍ന്നുള്ള ഇന്റര്‍നാഷണല്‍ ഹോട്ടലിലെ കോഫീ ഷോപ്പില്‍ വെച്ച് അന്ന് വൈകുന്നേരം ഞങ്ങള്‍ കണ്ടു. എന്നോട് പോയിന്റഡായി ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറേക്കൂടി സൗഹാര്‍ദത്തോടെയാണ് ഇടപെട്ടത്. സംസാരം പകുതി പിന്നിട്ടപ്പോള്‍ അദ്ദേഹം ബാഗില്‍നിന്ന് കുറെ രേഖകള്‍ എടുത്ത് എന്നെ കാണിച്ചു. കോഴിക്കോട് ജില്ലയിലെ ചേന്നമങല്ലൂരിലുള്ള ഇസ്ലാഹിയ കോളേജിന്റെ ലെറ്റര്‍ ഹെഡില്‍ എഴുതിയ ഒരു കത്തായിരുന്നു അതിലൊന്ന്. അറബിക് ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ച് എഴുതിയ കത്തിന് 'ഏജന്‍സി' തയ്യാറാക്കിയ ഇംഗ്ലീഷ് ട്രാന്‍സ്ലേഷനും കൂടെയുണ്ടായിരുന്നു. 1996-97 കാലത്തെ തീയതിയായിരുന്നു കത്തില്‍ എന്നാണ് ഓര്‍മ്മ. സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ ഒരു കള്‍ച്ചറല്‍ പ്രോജക്ടിന് തങ്ങളെക്കൂടി പരിഗണിക്കണം എന്ന ആവശ്യമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്ലാമിക് ഡ്രസ്സ് കോഡിനെ കുറിച്ച് കത്തില്‍ പരാമര്‍ശിക്കുന്നുണ്ടായിരുന്നു.

അദ്ദേഹം എന്നെ കാണിച്ച രേഖകളില്‍ മറ്റൊന്ന് 15നും 20നും ഇടയില്‍ ആളുകളുടെ പേരുകളും ഓരോരുത്തരെയും കുറിച്ചുള്ള ലഘു വിവരണങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു. കേരളത്തില്‍ ഇസ്ലാമിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ശമ്പളം വാങ്ങുന്നവര്‍ എന്ന വിവരണമാണ് അദ്ദേഹം നല്‍കിയത്. രേഖയിലും അത്തരത്തിലുള്ള പരാമര്‍ശമുണ്ടായിരുന്നു. ആ ലിസ്റ്റിലെ മറ്റുള്ളവരുടെ പേരുകള്‍ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നില്ല. രണ്ടുപേരുകള്‍ അന്ന് എന്നെ അത്ഭുതപ്പെടുത്താനും ഇപ്പോഴും അതോര്‍ത്ത് വെക്കാനുമുള്ള കാരണം, അവര്‍ മൂന്നു വര്‍ഷം മുന്പ് എന്റെ മേലധികാരികള്‍ ആയിരുന്നു എന്നതാണ്.

ക്ലബ് ഹൗസിലെ ചര്‍ച്ച പിന്നീട് ചര്‍ച്ചയായപ്പോള്‍ ഒരുപാട് പേര്‍ എന്നെ വിളിച്ചു. ജമാഅത്തുകാരായ പണ്ഡിതര്‍ക്ക് സൗദിയില്‍നിന്ന് ശമ്പളം കിട്ടിയിരിക്കാന്‍ ഇടയില്ലെന്നും, അവര്‍ പണം പറ്റിയത് ഖത്തര്‍ മതകാര്യ വകുപ്പില്‍ നിന്നാണെന്നും എന്നെക്കാള്‍ ഇക്കാര്യത്തില്‍ ഗ്രാഹ്യമുള്ളവര്‍ പറയുന്നു. 21 വര്‍ഷം മുമ്പ് നടന്ന ഒരു കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അടുക്കിയപ്പോള്‍ എനിക്ക് പറ്റിയ തെറ്റായിരിക്കാം. പക്ഷേ അക്കാലത്തുതന്നെ മാധ്യമത്തില്‍ ജോലി ചെയ്തിരുന്ന മുതിര്‍ന്ന ആളുകള്‍ ഉള്‍പ്പെടെ ചില മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അവരെയൊന്നും ഈ ഘട്ടത്തില്‍ ഈ സീനിലേക്ക് വലിച്ചിഴക്കാന്‍ ഉദ്ദേശിക്കുന്നില്ല.

പ്യൂരിറ്റാനിക്കല്‍ സലഫികളായ സൗദിക്കാര്‍ ഇഖ്വാനികളായ ജമാഅത്തുകാര്‍ക്ക് ഫണ്ട് നല്‍കാന്‍ ഇടയില്ല എന്ന തിയറിയും പുറമേക്ക് ലോജിക്കലായി തോന്നാം. ഞാന്‍ പറഞ്ഞത് എന്റെ മുന്നില്‍ വന്നുപെട്ട ഒരു വിവരത്തെക്കുറിച്ച് മാത്രമാണ്. ഖത്തര്‍ സൗദിയുടെ അയല്‍ക്കാരാണ് എന്ന കാര്യം മറക്കണ്ട. പ്യൂരിട്ടാനിക്കല്‍ സലഫിയുടെ മൂത്ത അമ്മാവന്റെ മകനാണ് ഇഖ്വാനി എന്ന കാര്യവും.

തിരുവനന്തപുരം സര്‍ക്കാര്‍ സെക്രട്ടറിയേറ്റിലെ പിആര്‍ഡി ചേംബറിനോട് ചേര്‍ന്നുള്ള തെക്കേ ഗേറ്റില്‍ വച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ക്കൂടി യാദൃശ്ചികമായി കാണുകയും അഞ്ചോ പത്തോ മിനുട്ട് സംസാരിക്കുകയും ചെയ്തതൊഴിച്ചാല്‍ രാജേഷ് എന്ന ഒന്നാം പേരുള്ള ആ രഹസ്യാന്വേഷകന്‍ പിന്നെ എന്റെ വഴി വന്നിട്ടില്ല. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളെക്കുറിച്ചോ, സൗദി അറേബ്യയില്‍നിന്ന് കയറ്റി അയക്കുന്ന സലഫി-വഹാബിസം ലോകത്തെ മുസ്ലിം ജനസംഖ്യ കൂടുതലുള്ള ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള ഇരുപതിലധികം രാജ്യങ്ങളില്‍ നടപ്പാക്കുന്ന മത രാഷ്ട്ര പ്രോജക്ടുകളെക്കുറിച്ചോ ഇന്നത്തെ ധാരണ അന്നെനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ രേഖകളിലെ തുടര്‍ വാര്‍ത്താ സാധ്യതകള്‍ ഞാന്‍ അന്വേഷിച്ചതുമില്ല.

രണ്ട്

2011 പകുതിക്കു ശേഷമോ 2012-ലോ ആണ് ജമാഅത്തെ ഇസ്ലാമി ഓഫീസില്‍ നിന്ന് എന്നെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഷെയ്ഖ് മുഹമ്മദ് കാരക്കുന്നിന് എന്നെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്. കൊച്ചിയില്‍ വെച്ച് പിറ്റേന്ന് കാണാന്‍ കഴിയുമോ എന്നായിരുന്നു അന്വേഷണം. ഞാന്‍ പിറ്റേന്ന് തിരുവനന്തപുരത്ത് പോവുകയാണെന്നും അടുത്ത ആഴ്ച കാണാം എന്നും പറഞ്ഞപ്പോള്‍, എങ്കില്‍ മൂന്നാംനാള്‍ തിരുവനന്തപുരത്ത് വച്ച് കാണാമോ എന്ന് ചോദിച്ചു. അങ്ങനെയാണ് തിരുവനന്തപുരത്ത് പാളയത്തുള്ള ഇസ്ലാമിക് സെന്ററില്‍ വച്ച് ആ കൂടിക്കാഴ്ച നിശ്ചയിച്ചത്. അവിടെ എത്തിയപ്പോഴാണ് ടി. ആരിഫലിയും ഉണ്ടെന്ന കാര്യമറിഞ്ഞത്. ഇപ്പോള്‍ പേര് ഓര്‍മ്മയിലില്ലാത്ത രണ്ടുപേര്‍കൂടി അക്കൂട്ടത്തിലുണ്ടായിരുന്നു.

ആ കൂടിക്കാഴ്ചയെക്കുറിച്ച് ഞാന്‍ പറഞ്ഞത്, ഇന്ത്യാവിഷനിലെ മുസ്ലിം വനിതാ ജേണലിസ്റ്റുകളുടെ ഡ്രസ്സ് കോഡിനെക്കുറിച്ച് ശാസന നല്‍കാന്‍ എഡിറ്ററായ എന്നെ ജമാഅത്തുകാര് വുളിച്ചുവരുത്തി എന്ന മട്ടില്‍ മനസ്സിലാക്കപ്പെട്ടത് തെറ്റാണ്. രാത്രി വളരെ വൈകി നടന്ന ഒരു ചര്‍ച്ചയില്‍ വിശദാംശങ്ങളിലേക്ക് പോകാതെ ഞാന്‍ മര്‍മ്മം മാത്രം പറയാന്‍ ശ്രമിച്ചത് കൊണ്ടുണ്ടായ തെറ്റിദ്ധാരണയാവാം ഇത്. അങ്ങോട്ട് ചെന്ന് കാണാമെന്ന് ഞാന്‍ തീരുമാനിച്ചതാണ്. രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ മറ്റനേകം കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഡ്രസ്സ് കോഡ് അതില്‍ ഒന്നുമാത്രമായിരുന്നു. മുസ്ലിം വനിതാ ജേര്‍ണലിസ്റ്റുകള്‍ കുറേകൂടി മതപരമായ വസ്ത്രം ധരിച്ചാല്‍ മുസ്ലിം കുടുംബങ്ങളില്‍നിന്ന് കുറേയധികം പെണ്‍കുട്ടികളെ ജേണലിസത്തിലേക്ക് വിടാന്‍ കാരണമാകും എന്ന മട്ടിലായിരുന്നു ആ ഗുണദോഷം.

തെരഞ്ഞെടുപ്പുകളിലെ ഇന്ത്യാവിഷന്‍ റോളിനെക്കുറിച്ചാണ് അവര്‍ കൂടുതലും സംസാരിച്ചത്. 2011 പകുതിക്ക് ശേഷമെന്ന് ഞാന്‍ പറയാന്‍ കാരണം വിഎസിനെ രണ്ടുസീറ്റിന്റെ തുടര്‍ ഭരണനഷ്ടം ചര്‍ച്ചാവിഷയമായി എന്നോര്‍ക്കുന്നതുകൊണ്ടാണ്. വാര്‍ത്തയുടെ സബ്ജക്ടായ മനുഷ്യര്‍ സംസാരിക്കുമ്പോള്‍, ക്യാമറക്ക് മുന്നിലല്ലെങ്കില്‍ പ്രത്യേകിച്ചും, എത്ര നേരവും കേട്ടിരിക്കുക എന്നത് എന്റെ ഒരു സന്തോഷമാണ്. ജമാഅത്തെ ഇസ്ലാമിക്കാരുടെ ബോഡി ലാഗ്വേജ് നിരീക്ഷിക്കലും. അതുകൊണ്ട് സഹപ്രവര്‍ത്തകര്‍ ഔറത്ത് മറക്കാത്ത കാര്യം ഷെയ്ക്കും (അസി) അമീറും ഓര്‍മ്മിപ്പിച്ചപ്പോള്‍ ഞാന്‍ ചിരിച്ചതേയുള്ളൂ. പക്ഷേ, അവര്‍ ഏറ്റവും ആത്മാര്‍ത്ഥമായി പറഞ്ഞകാര്യം വനിതാ ജേണലിസ്റ്റുകളുടെ വേഷം തന്നെയായിരുന്നു.

മൂന്ന്

ക്ലബ്ബ് ഹൗസ് ചര്‍ച്ചയെ മുന്‍നിര്‍ത്തി ബഷീറും പര്‍ദ്ദയും എന്ന പേരില്‍ അഡ്വ ജയശങ്കര്‍ പുറത്തിറക്കിയ ഒരു വീഡിയോയില്‍ പറയുന്ന ഒരു കാര്യത്തോട് ഉള്ള എന്റെ പ്രതികരണം കൂടി ഇവിടെ പറയാമെന്ന് കരുതുന്നു. എല്ലാം ഒന്നിച്ചാവട്ടെ.

ഇന്ത്യാവിഷനില്‍ ട്രെയിനീ ജേര്‍ണലിസ്റ്റുകളുടെ അഭിമുഖം നടക്കുമ്പോള്‍, അന്യത്ര സര്‍വ്വ യോഗ്യതകളും ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ മൂടിക്കെട്ടിയ മക്കന ഇടണം എന്ന് വാശിപിടിച്ചതിന്റെ പേരില്‍ ഞാന്‍ ഒഴിവാക്കി എന്നാണ് വക്കീല്‍ പറഞ്ഞത്. ഞാനിത് പലകോണുകളില്‍ നിന്നായി കുറച്ചധികം കാലമായി കേള്‍ക്കുന്ന ഒരു ആക്ഷേപമാണ്.

അവിടെ അന്തിമതീരുമാനം എന്റേത് ആയിരുന്നില്ലെങ്കിലും ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാകണം. അതിനു പക്ഷേ വക്കീല്‍ പറയാത്ത പല കാരണങ്ങളുമുണ്ട്. ഇന്ത്യാവിഷന്‍ മലയാളം ടെലിവിഷന്‍ വാര്‍ത്താ രംഗത്ത് ട്രെന്‍ഡ് സെറ്റര്‍ ആയ സ്ഥാപനമായിരുന്നു. എഴുതപ്പെട്ട ഒരു സ്‌റ്റൈല്‍ ബുക്കിന്റെ അടിസ്ഥാനത്തിലാണ് ആ ന്യൂസ്‌റൂം പ്രവര്‍ത്തിച്ചത്. ലോകത്തെ പല മാധ്യമ സ്ഥാപനങ്ങളുടേയും ശൈലീ പുസ്തകങ്ങള്‍ പരിശോധിച്ചും ഭാഷാ പണ്ഡിതരോട് ഉള്‍പ്പെടെ സംസാരിച്ചും എ സഹദേവന്‍ സാറാണ് കാലാകാലങ്ങളില്‍ അത് പുതുക്കി കൊണ്ടിരുന്നത്.

ആ സ്റ്റൈല്‍ ബുക്ക് പ്രകാരം മത-രാഷ്ട്രീയ ഐഡന്റിറ്റി കഠിനമായി പ്രതിഫലിപ്പിക്കുന്ന ഒന്നും, ചിഹ്നങ്ങളും വേഷവിധാനവുമൊന്നും, ജേണലിസ്റ്റുകള്‍ സ്‌ക്രീനില്‍ വരുമ്പോള്‍ ഉപയോഗിച്ചുകൂടാ എന്ന് അവിടെ നിഷ്‌കര്‍ഷ ഉണ്ടായിരുന്നു. സഹദേവന്‍ സാര്‍ എന്നെക്കാള്‍ കഠിന ഹൃദയനാണ്. കൈയിലെ ചരടുകൂട്ടങ്ങള്‍, കഴുത്തിലെ കുരിശുമാല, ആണുങ്ങളുടെ നെറ്റിയിലെ നീണ്ട കുറി, ഹിജാബ്, മുഖം മുടികെട്ടുന്ന മക്കന- എല്ലാം അദ്ദേഹം ഇന്ത്യാവിഷനില്‍ നിയമവിരുദ്ധമാക്കി. സ്ത്രീകളുടെ നെറ്റിയിലെ പൊട്ടിനും തലയിലേക്ക് കയറ്റി ഇടാവുന്ന തട്ടത്തിനും വിലക്കില്ലായിരുന്നു എന്നാണ് ഓര്‍മ്മ. സ്‌ക്രീനില്‍ വരുന്ന ആളുകളുടെ മത-രാഷ്ട്രീ സ്വത്വം പരമാവധി കുറയ്ക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശം. വക്കീലിന് കുട്ടികളുടെ വിവരവും അറിവും നോക്കി മാര്‍ക്കിട്ടാല്‍ മാത്രം മതി. ഞങ്ങളെ സംബന്ധിച്ചിടത്തോളം, സ്ഥാപനത്തിന്റെ സ്‌റ്റൈല്‍ ബുക്കുകൂടി പാലിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ കണ്ടാല്‍ മതി.

സ്‌റ്റൈല്‍ ബുക്ക് ഇല്ലാതെയും മാധ്യമസ്ഥാപനങ്ങള്‍ നടത്താന്‍ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പര്‍ദ്ദയും മക്കനയും ഇടാതെ തന്നെ സ്റ്റേറ്റ് അവാര്‍ഡുകള്‍ ഉള്‍പ്പെടെ വാങ്ങിക്കൂട്ടിയ ഒരു വനിതാ ജേണലിസ്റ്റിനോട് പര്‍ദ്ദ ഇടാമോ ജോലി തരാം എന്ന് പറയാനും ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഒരു കാര്യം എനിക്കുറപ്പാണ്. മലയാളത്തിലെ മാധ്യമ സ്ഥാപനങ്ങളുടെ അതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളും ദളിതുകളും മുസ്ലിങ്ങളുമായ ജേണലിസ്റ്റുകള്‍ ഒന്നിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനം ഇന്ത്യാവിഷനായിരുന്നു.

മക്കനയിട്ട് സ്‌ക്രീനില്‍ കയറാനാവില്ല എന്നുപറഞ്ഞ ഇന്ത്യാവിഷനില്‍ അതുമാത്രമല്ല സംഭവിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്‍പില്‍ നിന്ന് മുണ്ടും വേഷ്ടിയും ഉടുത്ത് പുലര്‍കാല റിപ്പോര്‍ട്ടിംഗിന് പോയ കുലപുരുഷനായ റിപ്പോര്‍ട്ടര്‍ക്ക് ഷോകോസ് നോട്ടീസ് കൊടുത്തിട്ടുമുണ്ട്.

പര്‍ദ്ദയെയും മതരാഷ്ട്ര വേഷസംഹിതയെയും രാഷ്ട്രീയ ഇസ്ലാമിന്റെ അജണ്ടകളെയും കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ സംഘ്പരിവാറിന്റെ ഉപകരണമാവുകയാണെന്ന് പറയുന്ന ശുദ്ധഗതിക്കാരായ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്. ഞാനൊരു മതവിശ്വാസിയോ ദൈവഭക്തനോ അല്ല. മതം, ഈ അന്‍പത്തൊന്നാം വയസ്സിലും, ഇടറച്ച കൂടാതെ പറയാന്‍ കഴിയാത്ത പല നികൃഷ്ഠകതളും എന്റെ ജീവിതത്തോട് ചെയ്തിട്ടുണ്ട്. എങ്കിലും ഞാനൊരു മതവിരുദ്ധനല്ല.

സ്വത്വപരമായി ഞാനൊരു മുസ്ലിമാണ്. കുടുംബത്തിന്റെ വേരുകളും സാമൂഹിക സാഹചര്യങ്ങളും വച്ചുനോക്കുമ്പോള്‍, ഒരു ദളിത് മുസ്ലിം. ഈ സ്വത്വമാണ് ഇന്ത്യയിലെ സംഘപരിവാര്‍ ഫാസിസത്തിനറെ ഒന്നാമത്തെ ടാര്‍ഗറ്റ് എന്നറിയാത്തതല്ല. മതനിരപേക്ഷമായ ജീവിതമൂല്യങ്ങള്‍ മാത്രമാണ് അങ്ങനെയുള്ളവര്‍ക്ക് പരിച. ഫാസിസത്തിന്റെ കാട് വെട്ടാന്‍ പോകും മുമ്പ് അങ്ങനെയുള്ളവര്‍ക്ക് സ്വന്തം തോട്ടത്തില്‍ തഴച്ച മത-രാഷ്ട്രവാദത്തിന്റെ കള പറിക്കാനുണ്ട്, അല്‍പനേരം. അത്രമാത്രം.

Related Stories

No stories found.
logo
The Cue
www.thecue.in