വാഗമണ്‍ ഓഫ് റോഡ് റേസ്; നടന്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

വാഗമണ്‍ ഓഫ് റോഡ് റേസ്; നടന്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ നടന്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരിക്കുന്നതിനാലാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നതെന്ന് ഇടുക്കി ആര്‍.ടി.ഒ ആര്‍. രമണന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ആര്‍.ടി.ഒ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് ജോജുവിനെതിരെ പരാതി നല്‍കിയത്.

ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ആയിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആര്‍.ടി.ഒ ഓഫീസില്‍ എത്തുമെന്ന് ഫോണില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഹാജരാകാത്തതിനെതുടര്‍ന്നാണ് എം.വി.ഡി നടപടികളിലേക്ക് കടക്കുന്നത്.

'കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സ് ഉള്‍പ്പെടെ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാനാണ് ജോജുവിനോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാക്കിയില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ എടുക്കുന്നതാണ്.

ഇത്തരത്തില്‍ പരിപാടി സംഘടിപ്പക്കുന്നവരും വസ്തു വിട്ടുകൊടുക്കുന്നവരും സെക്ഷന്‍ 189 പ്രകാരമുള്ള സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങിക്കേണ്ടതാണ്. എന്നാല്‍ മുന്‍കൂര്‍ അനുവാദം വാങ്ങിക്കാതെ ഇത് സംഘടിപ്പിച്ചു എന്നുള്ളത് മോട്ടോര്‍ വാഹന വകുപ്പ് പ്രകാരം കുറ്റകരമാണ്,' ആര്‍.ടി.ഒ പറഞ്ഞു.

പരിപാടി സംഘടിപ്പിച്ച നടന്‍ ബിനു പപ്പുവിനും നോട്ടീസ് നല്‍കിയിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്നാണ് ഇടുക്കി ആര്‍.ടി.ഒ അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in