സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനെന്ന് അമ്മ ; ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ കടുത്ത ബിജെപിക്കാരന്‍

സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനെന്ന് അമ്മ ; ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ കടുത്ത ബിജെപിക്കാരന്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ് പറയുന്ന ഒളിവിലുള്ള സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനെന്ന് അമ്മ മാധ്യമങ്ങളോട്. അവന്‍ പാര്‍ട്ടിയിലുണ്ട്. സിപിഎം പ്രവര്‍ത്തകനാണെന്നും അവര്‍ പറയുന്നു. എന്നാല്‍ സന്ദീപ് നായരുടെ ഫെയ്‌സ്ബുക്കില്‍ നിറയെ ബിജെപി അനൂകൂല പോസ്റ്റുകളാണ്. കടുത്ത ബിജെപി അനുഭാവിയെന്ന് തോന്നിപ്പിക്കുന്നവയാണ് പോസ്റ്റുകള്‍. സന്ദീപ് ഇപ്പോള്‍ എവിടെയെന്ന് അറിയില്ല. പല കമ്പനികളില്‍ ജോലി ചെയ്തിരുന്നു. അതെല്ലാം കഴിഞ്ഞാണ് കാര്‍ബണ്‍ ഡോക്ടര്‍ എന്ന പരിപാടി തുടങ്ങിയത്. വലിയ ടെന്‍ഷനുള്ള ജോലിയാണ്. വലിയ തിരക്കാണ്. എപ്പോഴുമൊന്നും വീട്ടില്‍ വരാറില്ല. അവന്റെ ജോലിയെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അമ്മ പറയുന്നു. സ്വപ്നയെ അറിയാം. സന്ദീപിന്റെ കട ഉദ്ഘാടനത്തിനാണ് ആദ്യമായി കണ്ടത്. പിന്നെ രണ്ടുമൂന്ന് തവണ കൂടി കണ്ടിട്ടുണ്ട്. സ്വപ്‌നയ്ക്ക് രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന് സന്ദീപ് പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതാണ് സന്ദീപിന്റെ കവര്‍ ഫോട്ടോ. എന്നാല്‍ 2015 നിപ്പുറമുള്ള പോസ്റ്റുകളില്‍ കടുത്ത ബിജെപി അനുഭാവമാണുള്ളത്.താന്‍ എന്നും ബിജെപിയാണെന്ന് 2016 ല്‍ ഒരാള്‍ക്ക് കമന്റിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളോടൊത്ത് കുമ്മനം രാജശേഖരനൊപ്പമുണ്ടെന്ന് മറ്റൊരു കമന്റുമുണ്ട്. കൂടാതെ ബിജെപി അനുകൂല പോസ്റ്റുകളും പ്രൊഫൈലിലുണ്ട്.

തിരുവനന്തപുരത്തെ ഒരു തടിക്കടയിലായിരുന്നു ആദ്യം ജോലി. തുടര്‍ന്ന് പലര്‍ക്കൊപ്പം ഡ്രൈവറായി പ്രവര്‍ത്തിച്ചു. ശേഷം ഒരു കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്കൊപ്പമടക്കമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ ഒരു ആഡംബര കാര്‍ വാങ്ങിയത്. നെടുമങ്ങാട്ടുള്ള, കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്വപ്‌നയാണ് സ്പീക്കറെ നേരിട്ടെത്തി ക്ഷണിച്ചത്. 2019 ഡിസംബര്‍ 31 നായിരുന്നു ഉദ്ഘാടനം. സ്പീക്കര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വളരെ നിര്‍ബന്ധിച്ചപ്പോഴാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും കോണ്‍സുലേറ്റിന്റെ പ്രതിനിധിയെന്ന നിലയിലാണ് അവരെ പരിചയമെന്നും പി ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in