മൊതാസ്: ദുരന്തമുഖത്ത് നിന്നും ലോകത്തേക്ക് തുറന്നുവെച്ച ഗസയുടെ ക്യാമറ

കുട്ടികൾ ഊഞ്ഞാലിൽ കളിക്കുന്നതിന്റെയും പ്രായമായവർ ചിരിക്കുന്നതിന്റെയും ഞങ്ങളുടെ കുടുംബങ്ങളുടെ ഒത്തുചേരലിന്റെയും, പ്രകൃതിയുടെയും കടലിന്റെയും, തുടങ്ങി എന്റെ മനോഹരമായ ഗസയുടെ ഫോട്ടോകളെടുക്കുന്നത് എനിക്ക് നഷ്ടമായി. ഇപ്പോൾ ഞങ്ങളുടെ നാട്ടിൽ ആരും, ഒന്നും സുരക്ഷിതമല്ല, ഭയമാണ് എല്ലായിടത്തും. എല്ലാവരും വീട്ടിൽ ഒളിച്ചിരിക്കുന്നു, അവർക്ക് മുകളിലൂടെ പതിക്കുന്ന ബോംബിങ്ങിൽ ഒരുപക്ഷേ അവരും കൊല്ലപ്പെടുന്നു. പക്ഷേ എനിക്ക് വീട്ടിലിരിക്കേണ്ട, വീടിന് പുറത്തിറങ്ങി എഴുന്നേറ്റ് നിന്ന് ക്യാമറ ലെൻസിലൂടെ ഗസയുടെ സത്യത്തെ എനിക്ക് ലോകത്തിന് മുന്നിൽ കാണിക്കണം.

ഗസയുടെ മണ്ണിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ ക്രൂരതകൾ ഇൻസ്റ്റാഗ്രാമിലൂടെ പുറം ലോകത്തെത്തിച്ചു കൊണ്ടിരിക്കുന്ന മൊതാസ് അസൈസയുടെ രണ്ടായിരത്തിന് മുകളിലുള്ള പോസ്റ്റിൽ അദേഹം പ്രൊഫൈലിൽ പിൻ ചെയ്ത് വെച്ച മൂന്ന് മനോഹര ചിത്രങ്ങളുണ്ട്.

അതിലൊന്ന് കെയ്റോയിലെ ഒരു പുരാതന നഗരത്തിലെ ആന്റിക്കുകൾ ഭംഗിയായി അടുക്കി വെച്ച റെസ്റ്റോറന്റിൽ പ്രണിയിനികൾ പരസ്പരം ഈജിപ്ഷ്യൻ ചായയിലൂടെ സ്നേഹം പകരുന്നതാണ്. മറ്റൊന്ന് ഇടക്കാലത്ത് വെടി നിർത്തലുണ്ടായിരുന്ന സമാധാന രാത്രിയിൽ ഗസയുടെ കടൽ തീരത്തെ ആകാശത്ത് മഴവില്ല് വർണങ്ങൾക്ക് ചുറ്റും കടൽ പക്ഷികൾ വട്ടമിട്ട് പറക്കുന്നതാണ് ,മൂന്നാമത്തെ ചിത്രം രണ്ട് വർഷങ്ങൾക്ക് മുമ്പ് പകർത്തിയ ഗസ ഹെറിറ്റേജ് ടീം എന്ന ക്യാപ്ഷനിൽ മനോഹര വസ്ത്രങ്ങളോടപ്പം കെഫിയ ധരിച്ച ഒരു കൂട്ടം ചിരിക്കുന്ന കുട്ടികളുടേതാണ് .

മൊതാസ് അസൈസയും മുഴുവൻ പലസ്തീനികളും തിരികെ വരണമെന്നാഗ്രഹിക്കുന്നത് ആ മൂന്ന് ചിത്രത്തിലെ കാലങ്ങളിലേക്കാവും.

അതിലെ സന്തോഷങ്ങളിലേക്കും ചിരികളിലേക്കുമൊക്കെയായിരിക്കും. ഇനിയങ്ങനെയൊരു കാലം തങ്ങൾക്കോ തങ്ങൾക്ക് ശേഷമുള്ളവർക്കോ ഉണ്ടാവുമോ എന്ന സന്ദേഹത്തിലും യഥാർത്ഥ ഗസയെ ഇസ്രയേൽ നൽകിയ ഇരുട്ടിലും വെളിച്ചത്ത് കൊണ്ട് വരാൻ മൊതാസും കൂട്ടരും പരിശ്രമിക്കുന്നു.

ആ മൂന്ന് ചിത്രങ്ങൾക്കപ്പുറം മൊതാസ് ഈ അടുത്ത് പോസ്റ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളുമെല്ലാം ഭീതിപ്പെടുത്തുന്നതും കരളലിയിപ്പിക്കുന്നതുമാണ്. മിക്കതും സെൻസിറ്റീവ് കൺടെൻറന്ന് പറഞ്ഞ് ലോകത്തിന്റെ കാഴ്ച്ചയെയും കേൾവിയെയും മെറ്റ അതിൽ നിന്നും മാറ്റാൻ ശ്രമിക്കുന്നുണ്ട്. 25000 ഉണ്ടായിരുന്ന ഫോളോവേഴ്സെണ്ണം എന്നിട്ടും ഇപ്പോൾ 18 മില്യൺ കടന്നു. ഫോളോവേഴ്സ് എണ്ണമല്ല ഫ്രീ പലസ്തീനാണ് ലക്ഷ്യമെന്ന് മൊതാസ് പറയുന്നു. തൊട്ടടുത്ത നിമിഷത്തിൽ ജീവിച്ചിരിക്കുമോ എന്നതിൽ ഓരോ നിമിഷം കൂടുമ്പോഴും കൂടുതൽ ആശങ്കയുണ്ടാകുന്ന ഗസയിൽ അത്തരം ഗ്രാഫ് കാർഡുകൾക്ക് പ്രസക്തി ഒട്ടുമേയില്ല.

ഇസ്രായേൽ യുദ്ധ വിമാനത്തിൽ നിന്നും ഗസ സിറ്റിയിലെ അൽ റിമാൽ പരിസരത്ത് പതിച്ച മാരക ശേഷിയുള്ള ബോംബിൽ തകർന്ന അവശിഷ്ട്ടങ്ങളിലേക്കും മനുഷ്യരിലേക്കും ഓടി പോകുന്ന ദൃശ്യത്തിൽ മൊതാസ് പറയുന്നുണ്ട്, ക്ഷമിക്കണം ഇതന്റെ അവസാന വീഡിയോ ആവാം ശരിക്കും ഞാൻ ഭയപ്പെടുന്നുണ്ട്

മൊതാസ് അടക്കമുള്ള ഓരോ പലസ്തീനിയൻ ജേണലിസ്റ്റുകളും യൂട്യൂബർമാരും ഓരോ ഫോട്ടോയോ വീഡിയോയോ പകർത്തുമ്പോഴും കരുതുന്നത് ഇത് തങ്ങളുടെ അവസാനത്തേതാണെന്നാണ്. ലോകത്തിനുള്ള തങ്ങളുടെ ലാസ്റ്റ് മെസ്സേജ് എഴുതിവെച്ചാണ് അവർ ദുരന്തമുഖത്തേക്ക് ഇറങ്ങുന്നത് തന്നെ. വളരെ ന്യൂനപക്ഷം അറബ് ചാനലുകൾക്കപ്പുറം ലോകത്ത് വേവിച്ച് വിളമ്പുന്ന വലത് പ്രോപഗണ്ടയെ കുറച്ചെങ്കിലും എതിർത്ത് തോൽപ്പിക്കാൻ കഴിയുക തങ്ങൾ ഇവിടുന്ന് പുറത്ത് വിടുന്ന സത്യത്തിലൂടെയായിരിക്കും എന്നവർക്കുറപ്പുണ്ട്. അതിന് വേണ്ടി തങ്ങളുടെ ജീവന്റെ അവസാനം വരെയും ബോബുകൾക്കും മിസൈലുകൾക്കും തോക്കുകൾക്കും മുന്നിൽ തുടരുന്നു.

മറ്റൊരു ദൃശ്യത്തിൽ മൊതാസിനെ കാണിക്കുന്നത് ക്യാമറ താഴെ വെച്ച് ചോരയിൽ കുതിർന്ന പിഞ്ചു കുഞ്ഞുങ്ങളെയും ഇരു തോളിലുമിട്ട് ആശുപത്രിയിലേക്ക് ഓടുന്നതാണ്.

ഇസ്രായേൽ ബോംബിങ്ങിൽ തകർന്ന തങ്ങൾ തിങ്ങി ജീവിച്ചിരുന്ന റെസിഡന്റൽ ബിൽഡിങ്ങുകൾക്കിടയിലിരുന്ന് രണ്ട് പലസ്തീൻ ഉമ്മമാർ തങ്ങളുടെ കയ്യിലുള്ള കുട്ടികളെ പരസ്പരം ചിരിപ്പിച്ച് ആ ദുരന്ത നിമിഷത്തെയും മറി കടക്കുന്ന വീഡിയോ, അതിന്റെ പശ്ചാത്തലത്തിലും ഇസ്രായേൽ പട്ടാളക്കാരുടെ ആക്രോശ ശബ്ദങ്ങൾ കേൾക്കാം.

കോൺക്രീറ്റവശിഷ്ട്ടങ്ങൾകിടയിൽ നിന്ന് രക്ഷപ്പെട്ടെത്തിയ മൂന്നോ നാലോ വയസ്സുള്ള ഒരു കുട്ടി ആശുപത്രി കിടക്കിയിലിരുന്ന് നിർത്താതെ വിറക്കുന്നത്, അത് കണ്ട് ദേഹമാസകലം മുറികെട്ടിയ മറ്റൊരു കുട്ടി ശരീരം ചേർത്ത് പിടിക്കുന്നത്, മണ്ണിനടിയിലായ വീടിൻറെ അവശിഷ്ട്ടത്തിന്റെ പുറമെ കാണുന്ന ദ്വാരങ്ങൾക്കിടയിലൂടെ തങ്ങളുടെ മക്കളെ അലറി വിളിച്ച് നടക്കുന്ന ഒരു പിതാവ്, തെക്കിൽ നിന്നും ഗസ മുനമ്പിന്റെ സൗത്തിലേക്ക് പലായനം ചെയ്യുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖങ്ങൾ , അൽ ശിഫ ഹോസ്പിറ്റലിലെ യുഎൻ ചിൽഡ്രൻസ് ക്യാമ്പിൽ പിഞ്ചു കുഞ്ഞുങ്ങൾ എല്ലാം മറന്ന് ചാർട്ടിൽ ചിത്രമെഴുതുമ്പോൾ അവരുടെ കാത് കീറി മുകളിൽ ഇരമ്പിയെത്തുന്ന ഇസ്രായേലിൻറെ യുദ്ധ ഹെലികോപ്പുകൾ, ബിൽഡിങ്ങുകൾക്കുള്ളിലകപ്പെട്ട് ശരീരം പല രീതിയിൽ മുറിഞ്ഞു പിടയുന്ന ജീവനുകൾ, നിരത്തിയിട്ടിരിക്കുന്ന മയ്യത്തുകൾ, കവണ കൊണ്ടും കല്ലുകൊണ്ടുമുള്ള അവരുടെ ചെറുത്ത് നിൽപ്പുകൾ, മൊതാസിന്റെ ഇൻസ്റ്റാ വാൾ ഒക്ടോബർ 7 മുതൽ ഇതെല്ലാമാണ്.

മറ്റെല്ലാ പലസ്തീനിയരെ പോലെയും ദേർ അൽ ബലാഹ് എന്ന അഭയാർത്ഥി ക്യാമ്പിലാണ് 24 വയസ്സുകാരനായ മൊതാസെയും ജനിക്കുന്നത്. പിന്നീട് ഗസയിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടി. എന്നാൽ നിരന്തര അധിനിവേശവും ഇസ്രയേലിന്റെ ചെക്ക്പോസ്റ്റ് മതിലുകളും അനിശ്ചിതത്ത്വം നിറച്ച ഗസയിലെ യുവാക്കൾക്ക് ഒരു തൊഴിലിലേക്ക് കടക്കുക വലിയ വെല്ലുവിളിയായിരുന്നു. മൊതാസ് തന്റെ കയ്യിലെ ചെറിയ ക്യാമറയിൽ ഗസയുടെ കടലിന്റെയും മനുഷ്യരുടെയും സൗന്ദര്യം പകർത്തി സോഷ്യൽ മീഡിയകളിലിട്ടു കൊണ്ടിരുന്നു.

നമ്മൾ കാണുന്ന അലറി വിളിക്കുന്ന ചോരപ്പാടുള്ള ഗസയല്ലാത്ത സന്തോഷത്തിന്റെ വൈകുന്നേരങ്ങളുള്ള, തീരത്തും തെരുവിലും സോക്കർ കളിക്കുന്ന കുട്ടികളുള്ള , രാത്രിയിൽ തീ കൂട്ടി സൊറ പറയുന്ന പ്രായമായ മനുഷ്യരുള്ള ചിത്രങ്ങളും ആ കണ്ണുകളുടെയെല്ലാം വേറിട്ട ഭംഗിയും പകർത്തി കൊണ്ടിരുന്നു. വ്യത്യസ്ത നോട്ടവും വികാരവും കോരിയിടുന്ന പോർട്രെയിറ്റുകൾ ബ്ലാക് ആൻഡ് വൈറ്റ് ഫ്രയിമുകൾ കൊണ്ട് നിറച്ചു. എടുക്കുന്ന ചിത്രങ്ങളുടെയും അതിന്റെ ഫ്രയിമുകളുടെ ഭംഗികൊണ്ട് വളരെ പെട്ടെന്ന് തന്നെ റീച്ച് കിട്ടുന്ന കൺടെൻറ് ക്രിയേറ്ററായി മൊതാസ്.

എന്നാൽ ഒക്ടോബർ 7 മുതൽ മൊതാസെയുടെയും പലസ്തീനുകാരുടെയും ജീവിതം പൂർണ്ണമായി മാറ്റി മറിക്കപ്പെട്ടു. മൊതാസ് അതിന് ശേഷമെടുത്ത പോർട്രൈറ്റുകളെല്ലാം കരളലിയിപ്പിക്കുന്നതും അനാഥത്വം നിറഞ്ഞതുമായിരുന്നു. ഇക്കഴിഞ്ഞ കാലയളവിൽ ഏകദേശം 25000 ത്തോളം മനുഷ്യർ ക്രൂരമായി കൊല്ലപ്പെട്ടു. അതിൽ 40 ശതമാനത്തോളം കുട്ടികളായിരുന്നു. കൊല്ലപ്പെട്ട മനുഷ്യരെക്കാൾ കൂടുതൽ പേർ ഗുരുതര അംഗ ഛേദത്തിന് വിധേയരായി.

മൊതാസ് ബിരുദം നേടിയ അൽഅസ്ഹർ യൂണിവേഴ്സിറ്റിയടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്പിറ്റലുകളും വെറും അവശിഷ്ട്ടങ്ങൾ മാത്രമായി. മൊതാസ് താമസിച്ചിരുന്ന ദേർ അൽ ബലാഹ് അഭയാർത്ഥി ക്യാമ്പിൽ തന്റെ പതിനഞ്ചോളം കുടുംബാഗങ്ങൾ കഴിഞ്ഞ ഒക്ടോബറിൽ നടന്ന ബോംബിങ്ങിനിടെ കൊല്ലപ്പെട്ടു.

മിഡിൽ ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജിക്യൂ മിഡിൽ ഈസ്റ്റ് എന്ന മാഗസിൻ മൊതാസ് അസൈസയെ 2023 ലെ മാൻ ഓഫ് ദി ഇയർ ആയി പ്രഖ്യാപിച്ചപ്പോൾ ക്വാട്ട് ചെയ്തത് ഇങ്ങനെയാണ്.

മൊതാസിന് പുറമെ പ്ലെസ്റ്റിയ അലഖാദ്, ഹിന്ദ് ഖൗദരി ,വാൽ ദാഹദൂദ്, റിപ്പോർട്ടിങ്ങ് മുഖത്ത് നിന്നും കൊല്ലപ്പെട്ട ഇസ്സ അബ്ദുള്ള, ഷിറിൻ ബാബു തുടങ്ങി അറിയുന്നതും അറിയാത്തതുമായ സമാനതകളില്ലാത്തതും നിർഭയത്തോടെയുമുള്ള പോരാട്ട മനുഷ്യർക്ക് ഈ പുരസ്കാരം സമർപ്പിക്കുന്നു. നമ്മൾ കാണാനാഗ്രഹിക്കുന്ന മാറ്റങ്ങൾ നടപ്പിലാക്കാൻ മനുഷ്യന് ശക്തിയുണ്ടെന്ന് മൊതാസ് തെളിയിക്കുന്നു. ലോകത്തോട് ധൈര്യത്തോടെ സത്യം പറയുന്നത് തുടരുമ്പോഴും ഗസയിൽ അവർക്കും അവർക്ക് ചുറ്റുള്ളവരുടെയും സുരക്ഷക്കും വേണ്ടി പ്രാർത്ഥിക്കുന്നു. മൊതാസിനും കൂട്ടർക്കും അതിന് സാധിക്കട്ടെ.....

Related Stories

No stories found.
logo
The Cue
www.thecue.in