ഓപ്പറേഷന്‍ സിന്ദൂര്‍, 100ലേറെ ഭീകരര്‍ കൊല്ലപ്പെട്ടു, പ്രകോപനം തുടര്‍ന്നാല്‍ പ്രതികരിക്കും; സര്‍വ്വകക്ഷിയോഗത്തില്‍ രാജ്‌നാഥ് സിങ്

ഓപ്പറേഷന്‍ സിന്ദൂര്‍, 100ലേറെ ഭീകരര്‍ കൊല്ലപ്പെട്ടു, പ്രകോപനം തുടര്‍ന്നാല്‍ പ്രതികരിക്കും; സര്‍വ്വകക്ഷിയോഗത്തില്‍ രാജ്‌നാഥ് സിങ്
Published on

പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും തീവ്രവാദി ക്യാമ്പുകളില്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് സര്‍വ്വകക്ഷിയോഗത്തില്‍ നല്‍കിയ വിശദീകരണത്തിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണെന്നും പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ വീണ്ടും പ്രതികരിക്കുമെന്നും പ്രതിപക്ഷകക്ഷി നേതാക്കള്‍ പങ്കെടുത്ത സര്‍വ്വകക്ഷിയോഗത്തില്‍ മന്ത്രി വ്യക്തമാക്കി. ഇന്ത്യ ഇനി ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ പാക് സൈന്യം ആക്രമണം തുടരുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് രാജ്‌നാഥ് സിങ് വിശദീകരിച്ചു.

നിലവിലെ അന്തരീക്ഷത്തില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഉടന്‍ തന്നെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും അതൊരു നല്ല സന്ദേശമായിരിക്കുമെന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതില്‍ നിരാശയുണ്ടെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു. കഴിഞ്ഞ സര്‍വ്വകക്ഷിയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രിയുടെ സാന്നിധ്യം അനിവാര്യമായിരുന്നെന്നും ഖാര്‍ഗേ പറഞ്ഞു.

കാര്‍ഗില്‍ യുദ്ധ സമയത്ത് നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയിയാണ് വിശദീകരണം നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു തുടങ്ങി കേന്ദ്ര ക്യാബിനറ്റിലെ മന്ത്രിമാരെല്ലാവരും യോഗത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in