ആലുവ സമരം സര്‍ക്കാരിനുള്ള താക്കീത്; സി.ഐയുടെ സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസിന്റെ സമരവിജയമെന്ന് വി.ഡി സതീശന്‍

ആലുവ സമരം സര്‍ക്കാരിനുള്ള താക്കീത്;  സി.ഐയുടെ സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസിന്റെ സമരവിജയമെന്ന് വി.ഡി സതീശന്‍

മോഫിയ കേസില്‍ ആരോപണ വിധേയനായ സി.ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തത് കോണ്‍ഗ്രസിന്റെ സമര വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ മുട്ടുമടക്കിയെന്നും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിട്ടുവിഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിട്ടുവിഴ്ചയില്ലാത്ത നിലപാട് തുടരും. ആലുവയില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ സമരമാണ് സര്‍ക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ചത്. സമര നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍. നിരവധി കേസുകളില്‍ ആരോപണ വിധേയനായ സി.ഐ യെ സംരക്ഷിച്ചത് സി.പി.എം നേതാക്കളാണ്. പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടിയാണ് ഭരണം.

പഴയ കാല സെല്‍ ഭരണത്തിലേക്ക് കേരളത്തെ തിരിച്ച് കൊണ്ടു പോകാന്‍ പ്രതിപക്ഷം അനുവദിക്കില്ല. പോലീസ് സ്റ്റേഷനുകളില്‍ ഒരു സ്ത്രീ പോലും അപമാനിക്കപ്പെടില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ആലുവ സമരം സര്‍ക്കാരിനുള്ള താക്കീതാണ്.

മോഫിയ കേസില്‍ വെള്ളിയാഴ്ചയാണ് സി.ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തത്. സുധീറിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനും നിര്‍ദേശമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ പിതാവിനെ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി. കേസില്‍ സി.ഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. കൊച്ചി ഈസ്റ്റ് ട്രാഫിക്ക് എസ്.പിക്കാണ് അന്വേഷണ ചുമതല.

The Cue
www.thecue.in