കാലനായ സി.ഐയെ സര്‍വീസില്‍ നിന്ന് പറഞ്ഞുവിടണം, മൊഫിയയുടെ അമ്മ

കാലനായ സി.ഐയെ സര്‍വീസില്‍ നിന്ന് പറഞ്ഞുവിടണം, മൊഫിയയുടെ അമ്മ

സി.ഐ സി.എല്‍ സുധീറിനെ പുറത്താക്കണമെന്ന് മൊഫിയയുടെ അമ്മ. ജീവന്‍ കളയാന്‍ വേണ്ടി കാലനായി നില്‍ക്കുന്ന സി.ഐയെ പോലെ ഒരാളെ സര്‍വീസില്‍ നിര്‍ത്തരുത് എന്നും ഇത് മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും മൊഫിയയുടെ അമ്മ മീഡിയ വണ്ണിനോട് പറഞ്ഞു.

നടപടി എടുക്കും എന്ന് സി.ഐ പറഞ്ഞിരുന്നെങ്കില്‍ മകള്‍ വിട്ടുപോകില്ലായിരുന്നുവെന്നും, പൊലീസ് സേനയില്‍ നിന്ന് നമ്മള്‍ ആഗ്രഹിക്കുന്നത് സംരക്ഷണമാണെന്നും മൊഫിയ പറഞ്ഞു.

ബോള്‍ഡായ പെണ്‍കുട്ടിയായിരുന്നു അങ്ങനൊരാള്‍ തകരണമെങ്കില്‍ ആ സി.ഐ എത്രത്തോളം അപമാനിച്ച് വിട്ടിട്ടുണ്ടാകണം എന്നും മൊഫിയയുടെ ഉമ്മ ചോദിച്ചു.

സ്ത്രീധന പീഡന പരാതിയില്‍ നവംബര്‍ 18ന് പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്ക് പുറമെ ആലുവ സിഐക്കെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.

സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

മൊഫിയയുടെ അമ്മയുടെ വാക്കുകള്‍

ഈ സി.ഐയെ ജോലിയില്‍ നിന്നും പുറത്താക്കണം. പൊലീസ് സേനയില്‍ നിന്നും നമ്മള്‍ ആഗ്രഹിക്കുന്നത് സംരക്ഷണമാണ്. ജീവന്‍ കളയാന്‍ വേണ്ടി കാലനായി നില്‍ക്കുന്ന ഒരാളെ സര്‍വീസില്‍ നിര്‍ത്തരുത്. ഇത് മുഖ്യമന്ത്രിയെ അറിയിക്കണം.

കൊലചെയ്യപ്പെടുന്ന ഒരു സ്ഥലത്തേക്കല്ലല്ലോ, സംരക്ഷണം തരുന്ന സ്ഥലത്തേക്കല്ലേ ഞങ്ങള്‍ പോയത്. നീതി കിട്ടും എന്ന് വിശ്വസിച്ചിട്ടല്ലേ പോയത്, നടപടി എടുക്കും എന്ന് ആ സിഐക്ക് ഒന്ന് പറഞ്ഞാല്‍ പോരായിരുന്നോ. അല്ലാതെ ആക്രോശിച്ചു വിട്ടു. ബോള്‍ഡായ പെണ്‍കുട്ടിയാണ്. അവള് തകരണമെങ്കില്‍ ആ സി.ഐ എത്രത്തോളം അപമാനിച്ച് വിട്ടിട്ടുണ്ടാകണം ?

മറ്റ് ആത്മഹത്യകളൊക്കെ കാണുമ്പോള്‍ അവള്‍ പറയും, എന്തിനാ ഇവരൊക്കെ ആത്മഹത്യ ചെയ്യുന്നത്, നിന്ന് പോരാടിയാല്‍ പോരെ എന്ന്. എന്നിട്ട് അവളിങ്ങനെ പോകും എന്ന് കരുതിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in