തോറ്റു പോകുന്ന മോദിയുടെ ദൈവങ്ങള്‍

തോറ്റു പോകുന്ന മോദിയുടെ ദൈവങ്ങള്‍

1925-ൽ തുടങ്ങിയ ആർ.എസ്.എസ് എന്ന ഹിന്ദു സംഘടനയുടെ വലിയൊരു സ്വപ്നത്തിനാണ് ഇന്ന് ഇന്ത്യയിലെ മതേതര പൗരന്മാർ കടിഞ്ഞാണിട്ടിരിക്കുന്നത്. നൂറു വർഷം തികയുന്ന 2025- ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന അവരുടെ ( ആർ.എസ്. എസ്സിൻ്റെ ) ദീർഘകാലമായുള്ള സ്വപ്നത്തിന്! അതിനായി അവർ കണ്ടെത്തിയ രാഷ്ട്രീയ തേരാളിയാണ് നരേന്ദ്ര മോദി എന്ന ഗുജറാത്തുകാരൻ. അയാൾ തേരാളിയിൽ നിന്ന് സ്വയം പരിണമിച്ച് ദൈവത്തിൻ്റെ പ്രതിനിധിയായി മാറിയിട്ടു പോലും കാര്യങ്ങൾ ഉദ്ദേശിച്ചതു പോല സംഭവിച്ചില്ല. ഏതായാലും 2025 ലെ സ്വപ്നം അസാധ്യം തന്നെ എന്നുറപ്പായി. ഇതെഴുതുമ്പോൾ തിരഞ്ഞെടുപ്പു ഫലത്തിൻ്റെ അവസാനക്കണക്കുകൾ വന്നിട്ടില്ല. അതെന്തു തന്നെയായാലും നരേന്ദ്ര മോദിയെന്ന നേതാവിന് അധികാരത്തുടർച്ചയുണ്ടാക്കാൻ ആരുടെയൊക്കയോ മുന്നിൽ മുട്ടുകുത്തേണ്ടി വരും എന്ന കാര്യത്തിൽ സംശയങ്ങളില്ല. ആർ. എസ്. എസിനും ബി.ജെ.പിക്കും വേണമെങ്കിൽ ഭരണത്തിലെ നേതൃമാറ്റത്തെക്കുറിച്ചും ഇപ്പോൾ ചിന്തിക്കാവുന്നതുമാണ്. ഇതൊരു ചെറിയ കാര്യമല്ല. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തട്ടിൽ ഇപ്പോഴും തിരുത്താനുള്ള ശക്തി ബാക്കിയുണ്ട് എന്നതിൻ്റെ വ്യക്തമായ തെളിവുകളാണിത്. ഗാന്ധിജിയും നെഹ്റുവുമൊക്കെ വിത്തുപാകിയ ജനാധിപത്യബോധം പാവപ്പെട്ട ഇന്ത്യക്കാരനിൽ നിന്നും പൂർണ്ണമായും ഇല്ലാതാക്കാൻ വർഗീയതയുടെ കളകൾക്ക് സാധിച്ചിട്ടില്ല എന്ന ആശ്വാസമാണ് ഇന്നത്തെ വിധിയിലൂടെ വെളിച്ചമായി നിറഞ്ഞു നിൽക്കുന്നത്.

മോദിയുടെ ‘’ഷോ ബിസിനസ്സ്, ‘ ലോകത്തിൻ്റെ രാഷ്ട്രീയക്കളരി നാളിതുവരെ കണ്ടതിലേക്കുംവെച്ച് ഏറ്റവും വികലവും നീചവുമായ ഒന്നായിരുന്നു. അതിൻ്റെ കൃത്രിമ പ്രഭയിൽ ഇന്ത്യ മുങ്ങിപ്പോവുമോ എന്ന ഭയം പലരിലുമുണ്ടായിരുന്നു. അവസാന നിമിഷംവരെ ആ ഭയം നില നിർത്താൻ മോദിക്കൂട്ടായ്മയ്ക്ക് സാധിച്ചു. അതുകൊണ്ടാണ് ബലൂൺ പോലെ പൊട്ടിയ എക്സിറ്റ് പോളുകൾ കുറേ മണിക്കൂറുകൾ അരങ്ങു തകർത്തത്. ജനം ഭയന്നതുകൊണ്ട് ആർക്ക് വോട്ട് ചെയ്തു എന്നു തുറന്നു പറയാത്തതായിരുന്നോ, അതോ അടിമ മാധ്യമങ്ങൾക്ക് ഒരു പണി കൊടുക്കാനായി മനസ്സ് തുറക്കാത്തതായിരുന്നോ എന്തോ! മറിച്ച് അതിൻ്റെ പുറകിൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ വ്യാപാര കണ്ണു മാത്രമായിരുന്നോ? യാഥാർത്ഥ്യം നമുക്കിപ്പോളറിയില്ല.

സത്യത്തിൽ ശുഭാപ്തി വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് ഇന്ത്യ ഇന്നലെ കിടന്നുറങ്ങിയത്. 400 കടന്ന സീറ്റുകളുമായി മോദി തിരിച്ചു വന്നാൽ എന്തായിരിക്കും എന്നത് ഊഹിക്കുവാൻ ശരാശരി ഇന്ത്യക്കാരന് കഴിയുമായിരുന്നു. അതിൻ്റെ തയ്യാറെടുപ്പിന് മോദിക്കൂട്ടായ്മ തുടക്കം കുറിച്ചിരുന്നല്ലോ. ആ സംഹാരതാണ്ഡവത്തിന് എന്തായാലും ഇന്ത്യയിലെ ശരാശരി ജനത അനുമതി നൽകിയില്ല. മോദി ഇന്ന് ഉച്ചയോടെ അധികാര ഗർവ്വിൻ്റെ ധ്യാനത്തിൽ നിന്നുണർന്ന് ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡു, ബിഹാറിലെ നിതീഷ് കുമാർ എന്നിവരെ പിന്തുണ തേടി നേരിട്ട് ഫോണിൽ വിളിച്ചു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ഞാൻ കേട്ടത്. മോദിയെന്ന അമിതാധികാരപ്രിയന് ഇതിൽപ്പരം ഒരു ദുരവസ്ഥ വന്നു പെടാനില്ല. ഇന്ത്യയെന്ന മഹാരാജ്യത്തെ നയിക്കാൻ, അഥവാ കൂട്ടിച്ചോറാക്കാൻ ദൈവം തന്നെ ഏല്പിച്ചു എന്നു പോലും വീമ്പിളക്കിയ നേതാവാണ് അദ്ദേഹം. ക്യാബിനറ്റിലെ മന്ത്രിമാരോട് പോലും മുഖാമുഖം സംസാരിക്കാത്ത അദ്ദേഹം കേവലം പ്രാദേശിക നേതാക്കൾക്ക് മുന്നിൽ പിന്തുണയ്ക്കായ് കെഞ്ചി എന്നത് തീർച്ചയായും രസിപ്പിക്കുന്ന

വാർത്തയാണ്. ഇന്ത്യയെന്നാൽ രാമൻ്റെ രാജ്യം എന്ന മോദിവാദം കൂടിയാണ് ഇന്നത്തോടെ പൊളിഞ്ഞു വീഴുന്നത്. ഇന്ത്യക്കാരൻ്റെ ദൈവം രാമൻ മാത്രമല്ല എന്നും മറ്റനേകം ദൈവങ്ങളും വിവിധ തരം ദൈവങ്ങളുടെ പ്രതിപുരുഷന്മാരും ഇന്ത്യക്കാരൻ്റെ മനസ്സിലുണ്ടെന്നും മോദിയോട്‌ പറയുകയായിരുന്നു ഇന്ത്യയിലെ വോട്ടർമാർ. ലോകത്തെ എല്ലാ മതവിശ്വാസങ്ങളിലെയും ദൈവങ്ങൾ സ്നേഹത്തോടെ നിലകൊള്ളുന്ന നാടാണ് ഇന്ത്യ എന്ന് ഓർമ്മിപ്പിക്കുകയായിരുന്നു വോട്ടർമാർ.

ഇന്ത്യയെന്ന ആശയത്തിനു നേരെ വെല്ലുവിളി ഉയത്തിയ നേതാവാണ് ഇന്ന് ക്ഷീണിതനായിരിക്കുന്നത്. നമ്മുടെ സാമൂഹിക ഘടനയുടെ അടിവേരുകൾ പിഴുതുകളയാനാണ് അദ്ദേഹം കഴിഞ്ഞ പത്തു വർഷക്കാലമായി ശ്രമിച്ചുകൊണ്ടിരുന്നത്. നമ്മുടെ ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശിലകളെ പിഴുതെറിയാനാണ് തുടക്കം കുറിച്ചത്. അതിൻ്റെ വേഗത കണ്ട് ലോകം പോലും ഞെട്ടിയിരുന്നു. അതിനാണ് വോട്ടർമാർ കടിഞ്ഞാണിട്ടിരിക്കുന്നത്. ഇതുമൊരു തുടക്കം മാത്രം. മോദിക്ക് ഇനി എന്തായാലും പരീക്ഷണ നാളുകളാണ്. അദ്ദേഹത്തിൻ്റെ ഏകാധിപത്യ സ്വഭാവവും അദ്ദേഹത്തിൻ്റെ പാർട്ടി മുന്നോട്ടു വെക്കുന്ന ഫാസിസ്റ്റ് രീതികളും ഇനി മുമ്പത്തെപ്പോലെ മുന്നോട്ടു പോകില്ല എന്നത് തീർച്ചയാണ്. രാജ്യം മുഴുവനായും കാവി പുതപ്പിക്കാമെന്ന മൗഢ്യത്തിനാണ് ഇന്നിപ്പോൾ തിരിച്ചടി കിട്ടിയിരിക്കുന്നത്. മതം, രാഷ്ട്രീയാധികാരം, മൂലധനാധികാരം ഇവ മൂന്നും ചേർത്താണ് അവർ ഇന്ത്യയെ ഹിന്ദുത്വവത്ക്കരിക്കാൻ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് ഗോദയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടപ്പോൾ മോദി സ്വയം മറന്നു. നഗ്നമായ വർഗീയത പ്രസംഗിച്ചു. മുസ്ലീം വിരുദ്ധത ദിനംപ്രതി ഛർദ്ദിച്ചു. പ്രതിപക്ഷത്തെ സാധ്യമായ എല്ലാ രീതിയിലും നിഷ്ക്രിയരാക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തൻ്റെ വിജയത്തിനായി ദുരുപയോഗം ചെയ്തു. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിമാരെ വരെ ജയിലിലടച്ചു. പ്രതിപക്ഷമെന്ന ആശയത്തെ തന്നെ അടിച്ചമർത്താൻ ശ്രമിച്ചു. എന്നിട്ടെന്തായി? പ്രതീക്ഷിച്ച ഫലത്തിൻ്റെ അടുത്തു പോലും അവർ എത്തിയില്ല.

മോദിയ്ക്കു പോലും ക്ലേശിച്ചു കൊണ്ടാണ് വാരാണസിയിൽ വിജയം നേടാൻ കഴിഞ്ഞത്. അദ്ദേഹത്തിൻ്റെ ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടായി.

രാമക്ഷേത്രം പണിതുയർത്തിയ അയോധ്യയിൽ പോലും ബി.ജെ.പിക്ക് ജയിക്കാൻ സാധിച്ചില്ല എന്നത് സാധാരണ നാണക്കേടല്ല; അസാധാരണമായ തിരിച്ചടിയാണ്.

ജനങ്ങളെ അങ്ങനെയങ്ങ് പറ്റിക്കാൻ കഴിയില്ല എന്ന വലിയ സന്ദേശവും .മുപ്പതിനായിരം കോടി രൂപയുടെ വികസനമാണ് അയോധ്യയ്ക്ക് മോദി വാഗ്ദാനം ചെയ്തത് എന്നോർക്കണം!

ഏതാനും ദിവസത്തിനകം നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഒരിക്കൽ കൂടി അധികാരത്തിലെത്തുമായിരിക്കും. എന്നാലത് പഴയതുപോലുള്ള അധികാരമായിരിക്കില്ല. അപ്പോഴും അദ്ദേഹത്തെയും കൂട്ടാളികളെയും കരുതലോടെ വേണം നോക്കിക്കാണാൻ. അത്രമാത്രം വിഷലിപ്തമാണ് അവരുടെ മസ്തിഷ്ക്കങ്ങൾ. മനസ്സിലെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാനായി ഏതു വഴിയും അവർ സ്വീകരിച്ചെന്നു വരും. മോദിയെ അധികാര കസേരയിൽ നിന്നും സ്ഥാനഭ്രഷ്ടനാക്കുന്നതു വരെ, ഹിന്ദുത്വ ശക്തികളെ ജനാധിപത്യത്തിന് പുറത്തു നിർത്തുന്നതു വരെ ഇന്ത്യയിലെ മതേതര മനുഷ്യർക്ക്, ഭരണഘടനയുടെ പിൻബലത്തോടെ സുഖനിദ്രയിലാവുന്നവർക്ക് വിശ്രമമില്ല. ഭയം നമ്മുടെ മനസ്സിൽ നിന്നും ഇല്ലാതാവുക തന്നെ വേണം.

ആർ. എസ്. എസ്സിൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കുക അസാധ്യമാണെന്ന്

അവരെ ഇന്ത്യൻ ജനത ബോധ്യപ്പെടുത്തുക തന്നെ വേണം. വിശ്വഗുരുവിൻ്റെ ദിവാസ്വപ്നങ്ങൾക്ക് ഇനി വലിയ ആയുസ്സില്ല. നെഹ്റുവിൻ്റെയും കൂട്ടരുടെയും ഇന്ത്യയെന്ന മതേതര റിപ്പബ്ലിക് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് നിലനിൽക്കുക തന്നെ ചെയ്യും. അമിതാധികാരം എന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ വേരുറയ്ക്കാത്ത ഒന്നാണെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം അസന്നിഗ്ദമായി പ്രഖ്യാപിക്കുകയാണ്.

ഇന്ത്യയിലെ പ്രതിപക്ഷം എന്നതും ഒരു ബഹുസ്വര കൂട്ടായ്മയാണ്. അതിൻ്റെ വൈകല്യങ്ങൾ എത്ര തന്നെയായാലും അതിന് മുഖ്യശത്രുവിൻ്റെ കരങ്ങൾ മുറിച്ചുകളയാനുള്ള കരുത്തുണ്ട്. എൻ്റെ അടുത്ത തലമുറയെ ഓർത്ത് വേദനിച്ച ദിവസങ്ങളാണ് കടന്നു പോയത്. ഒരു ഹിന്ദു രാഷ്ട്രത്തിൽ അവർക്ക് ശ്വാസം മുട്ടില്ലേ എന്നോർത്ത്. ഇന്ന് ഞാൻ കുറച്ചെങ്കിലും ആശ്വസിക്കട്ടെ. അവരുടെ നാളെകൾ ഭയപ്പെട്ടതു പോലെ ഇരുളടഞ്ഞതാവില്ലല്ലോ എന്നോർത്ത്. മോദിയുടെ ദൈവങ്ങൾ തോറ്റു പോകുന്നു എന്നത് ചെറിയൊരാശ്വാസമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in