മണ്ഡലം കുടുംബസ്വത്തല്ല, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ തോല്‍പ്പിക്കാനുള്ള പണിയല്ല എടുക്കേണ്ടത്; എസ് രാജന്ദ്രനെതിരെ എംഎം മണി

മണ്ഡലം കുടുംബസ്വത്തല്ല, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ തോല്‍പ്പിക്കാനുള്ള പണിയല്ല എടുക്കേണ്ടത്;  എസ് രാജന്ദ്രനെതിരെ എംഎം മണി

എസ് രാജേന്ദ്രന്‍ തന്നെ ലക്ഷ്യം വെക്കുന്നത് എന്തിനാണെന്ന് സമയമാകുമ്പോള്‍ വ്യക്തമാക്കാമെന്ന് എം.എം മണി എം.എല്‍.എ. ദേവികുളത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ ജയിപ്പിക്കേണ്ടതിന് പകരം രാജേന്ദ്രന്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും മണി പറഞ്ഞു.

'ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബ സ്വത്തോ ഉടുമ്പന്‍ചോല മണ്ഡലം എന്റെ അച്ഛന്‍ മാധവന്റെ കുടുംബ സ്വത്തോ അല്ല. അടുത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ ജയിപ്പിക്കേണ്ടതിന് പകരം രാജേന്ദ്രന്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. രാജേന്ദ്രനെതിരെയുള്ള നടപടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. എന്നെ പേടിച്ചാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നാണ് പറഞ്ഞത്. അയാള്‍ ആണാണെങ്കില്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ശാപ്പാട് കഴിച്ച് പോകേണ്ടേ. തിരുവനന്തപുരത്ത് വെച്ച് മോശമായി പെരുമാറി എന്ന ആരോപണം ശരിയല്ല,' എന്നാണ് എം.എംമണിയുടെ വിശദീകരണം.

ദേവികുളം മുന്‍ എം.എല്‍.എയായിരുന്നു എസ്. രാജേന്ദ്രന്‍. എം.എം മണിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി ശശിയും തന്നെ അപമാനിച്ചെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും രാജേന്ദ്രന്‍ അയച്ച കത്തിലാണ് അപമാനം നേരിട്ടതായി പറയുന്നത്.

എം.എം മണിയും കെ. വി. ശശിയും അപമാനിച്ചെന്നും വീട്ടിലിരിക്കാന്‍ പറഞ്ഞെന്നുമാണ് എസ്. രാജേന്ദ്രന്‍ കത്തില്‍ ആരോപിക്കുന്നത്. പരസ്യ അധിക്ഷേപം പേടിച്ചാണ് താന്‍ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രന്‍ കത്തില്‍ ആരോപിക്കുന്നു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. വി ശശിയുടെ നേതൃത്വത്തില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നു. ഇക്കാര്യം കേന്ദ്ര കമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചു. യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കെവി ശശി തന്നെ അപമാനിച്ചു. എം എം മണിയും അപമാനിച്ചു. എംഎല്‍എ ഓഫീസില്‍ വച്ച് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അറിയിച്ചപ്പോള്‍ എം എം മണി തന്നോട് പറഞ്ഞത് അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനാണ്. ജില്ലാ സെക്രട്ടറി കെ. കെ ജയചന്ദ്രന്‍ സഹായിച്ചാല്‍ തന്റെ സ്വഭാവം മാറുമെന്നും എം എം മണി പറഞ്ഞതായി എസ് രാജേന്ദ്രന്റെ കത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in