കയ്യിൽ വെച്ചേരെ, മാപ്പും വേണ്ട കോപ്പും വേണ്ട; സുധാകരനെ തള്ളി എം.എം മണി

കയ്യിൽ വെച്ചേരെ, മാപ്പും വേണ്ട കോപ്പും വേണ്ട; സുധാകരനെ തള്ളി എം.എം മണി

അധിക്ഷേപ പരാമർശത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ തള്ളി എം.എം. മണി. 'ഒരുത്തന്റെയും മാപ്പും വേണ്ട,കോപ്പും വേണ്ട. കയ്യിൽ വെച്ചേരെ. ഇവിടെ നിന്നും തരാനൊട്ടില്ലതാനും,' എന്നാണ് എം.എം മണിയുടെ പ്രതികരണം.

സുധാകരന്റെ പേര് പരാമർശിക്കാതെയാണ് പ്രതികരണം. എം.എം മണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ.പി.സി പ്രസിഡന്റ് കെ.സുധാകരനും മഹിളാ കോൺ​ഗ്രസും ഖേദം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു.

'ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി.

ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.

തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു,' എന്നായിരുന്നു സുധാകരൻ പറഞ്ഞത്.

ചിമ്പാൻസിയുടെ ചിത്രത്തിൽ എം.എം മണി എം.എൽ.എയുടെ ചിത്രം ഒട്ടിച്ച് അധിക്ഷേപം നടത്തിയ സഭവത്തിൽ മഹിളാ കോൺ​ഗ്രസ് ഖേദ പ്രകടനം നടത്തിയതിന് പിന്നാലെയാണ് സംഭവത്തെ ന്യായീകരിച്ച് സുധാകരൻ രം​ഗത്തെത്തിയത്.

മണിയുടെ ചിത്രം ചിമ്പാന്‍സിയുടെ ചിത്രത്തോട് ചേര്‍ത്ത് വെച്ച് നടത്തിയ പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖമെന്നായിരുന്നു സുധാകരന്റെ മറുപടി. അത് അങ്ങനെ ആയിപ്പോയതില്‍ ഞങ്ങള്‍ എന്ത് പിഴച്ചു, ഒറിജിനലല്ലാതെ കാണിക്കാന്‍ പറ്റോ, സൃഷ്ടാവോട് പറയാമെന്ന് അല്ലാതെയെന്നും സുധാകരന്‍ പറഞ്ഞു.

വിഷയത്തില്‍ മഹിളാ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവരുടെ മാന്യതയും തറവാടിത്തവും അന്തസുമാണെന്നും മണിക്ക് അതൊന്നും ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. അധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിക്കുമോ എന്ന ചോദ്യത്തിന് ഖേദം പ്രകടിപ്പിക്കാന്‍ മാത്രം ഒന്നും പറഞ്ഞില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. സംഭവം വിവാദമായതിന് പിന്നാലെയാണ് തിങ്കളാഴ്ച രാത്രി സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ഖേദം പ്രകടിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in