നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി എംഎല്‍എ അന്‍വര്‍ സാദത്ത് അല്ല: വെളിപ്പെടുത്തി ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി എംഎല്‍എ അന്‍വര്‍ സാദത്ത് അല്ല: വെളിപ്പെടുത്തി ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന വിഐപി എംഎല്‍എ അന്‍വര്‍ സാദത്ത് അല്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് ഒരു വിഐപിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിഐപി ആലുവയിലെ ഉന്നതനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നുമുള്ള സംശയങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഐപി അന്‍വര്‍ സാദത്തല്ലെന്ന് ബാലചന്ദ്രകുമാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

'വിഐപി അന്‍വര്‍ സാദത്ത് ആണോ എന്ന സംശയം ഉയര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ പല തവണ അദ്ദേഹത്തിന്റെ വീഡിയോ കണ്ടു. അങ്ങനെ അത് അന്‍വര്‍ സാദത്ത് അല്ലെന്ന് ഉറപ്പായി. എന്നാല്‍ വിഐപി രാഷ്ട്രീയക്കാരനാകാം. രാഷ്ട്രീയവും ബിസിനസ്സും ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു ഉന്നതന്റെ പേരും ചിത്രവും പൊലീസ് കാണിച്ചു, അതുസംബന്ധിച്ച വിവരങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.' - എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ വിഐപിയാണ് എത്തിച്ചതെന്നും അത് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. അന്വേഷണത്തെ തുടര്‍ന്ന് പൊലീസ് ബാലചന്ദ്രകുമാറിന് ചില ശബ്ദരേഖയും ഫോട്ടോകളും കാണിച്ചിരുന്നു. ഫോട്ടോയില്‍ ഉള്ള വ്യക്തി വിഐപി ആയിരിക്കാമെന്നും ബാലചന്ദ്രകുമാര്‍ പൊലീസിനോട് വ്യക്തിമാക്കിയിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത്. അയാള്‍ തന്റെ അടുത്ത് ഇരുന്നിട്ടുള്ളതിനാല്‍ തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ബാലചന്ദ്രകുമാര്‍ പൊലീസിനോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ ബാലചന്ദ്രകുമാര്‍ തന്നെയാണ് വ്യക്തമാക്കിയത്.

വിഐപിയെ കുറിച്ച് ബാലചന്ദ്രകുമാര്‍ പറഞ്ഞത്:

ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവന്‍ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവര്‍ക്കും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ട്. അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.

കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറിക്കാര്‍ഡ് ദിലീപിന് എത്തിച്ച് കൊടുത്തതില്‍ ഒരു ഉന്നത വ്യക്തിക്ക് പങ്കുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്നാണ് കേസില്‍ തുടര്‍ അന്വേഷണത്തിന് കോടതി അനുവതിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും വിഐപി ദിലീപിന്റെ കൂട്ടുപ്രതിയാണ്. എന്നാല്‍ എഫ്‌.ഐ.ആറില്‍ ഇയാളുടെ പേര് ഇല്ല, മറിച്ച് അജ്ഞാതനായ വ്യക്തി എന്നാണ് ഉള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in