എന്നെ പുകഴ്ത്തി സമയം കളയരുത്, സഭയുടെ സമയം വിലപ്പെട്ടത്; ഡി.എം.കെ എം.എല്‍.എമാര്‍ക്ക് സ്റ്റാലിന്റെ താക്കീത്

എന്നെ പുകഴ്ത്തി സമയം കളയരുത്, സഭയുടെ സമയം വിലപ്പെട്ടത്; ഡി.എം.കെ എം.എല്‍.എമാര്‍ക്ക് സ്റ്റാലിന്റെ താക്കീത്

നിയമസഭയില്‍ തന്നെ പുകഴ്ത്തി സമയം കളയരുതെന്ന് ഡി.എം.കെ എം.എല്‍.എമാരോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നേതാക്കളെ അനാവശ്യമായി പുകഴ്ത്തി സംസാരിച്ച് സമയം പാഴാക്കിയാല്‍ നടപടിയുണ്ടാവുമെന്നും സ്റ്റാലിന്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

നിയമസഭയിലെ ചര്‍ച്ചയ്ക്കിടെ ഡി.എം.കെ എം.എല്‍.എ ജി. ഇയ്യപ്പനാണ് സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചത്. എം.എല്‍.എ സംസാരിച്ച 17 മിനിട്ടില്‍ 15ഓളം തവണ മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്‍ എം.എല്‍.എമാര്‍ക്ക് താക്കീത് നല്‍കിയത്.

സഭയുടെ സമയം വിലപ്പെട്ടതാണെന്നും ചോദ്യോത്തര വേളയും, പ്രത്യേക വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സമയവും ഡി.എം.കെ നേതാക്കളെയോ തന്നെയോ പുകഴ്ത്താനുള്ള സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പുകഴ്ത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമമന്ത്രി സഭയില്‍ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. അപ്പോള്‍ തന്നെ സ്റ്റാലിന്‍ ഇതിനെ എതിര്‍ത്ത് സംസാരിച്ചിരുന്നു. ഇന്ന് സഭയില്‍ വീണ്ടും മറ്റു എം.എല്‍.എമാര്‍ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്‍ താക്കീത് നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും തമിഴ്‌നാട് മന്ത്രി സഭ പ്രമേയം പാസാക്കി. പ്രമേയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപോയി.