കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തില്‍ മന്ത്രിയും; വരന്‍ വിദ്യാര്‍ത്ഥിയെന്ന് ആര്‍.ബിന്ദു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തില്‍ മന്ത്രിയും; വരന്‍ വിദ്യാര്‍ത്ഥിയെന്ന് ആര്‍.ബിന്ദു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി ആര്‍.ബിന്ദു. കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിലാണ് ആര്‍.ബിന്ദു പങ്കെടുത്തത്. കേസില്‍ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളാണ് അമ്പിളി മഹേഷ്.

ഇയാള്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു. കേസില്‍ അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതി കിരണിനെയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

വരന്റെ മൂരിയാടിലെ വീട്ടില്‍ നടന്ന ചടങ്ങിലേക്കാണ് മന്ത്രി എത്തിയത്. കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടി നിലപാടുകളോട് ഇടഞ്ഞു നില്‍ക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ മന്ത്രി ചടങ്ങില്‍ പങ്കെടുത്തത് വിവാദമാക്കിയിട്ടുണ്ട്.

വരന്റെ അമ്മ ദീര്‍ഘകാലമായി മഹിളാ അസോസിയേഷന്‍ നേതാവാണെന്നും ഇത് അനാവശ്യ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും താന്‍ വരന്റെ വീട്ടിലെ കല്യാണ റിസ്പഷനാണ് പോയതെന്നും മന്ത്രി ദ ക്യുവിനോട് പ്രതികരിച്ചു.

ഞാന്‍ വരന്റെ വീട്ടില്‍ കല്യാണ റിസപ്ഷനാണ് പോയത്. വരന്റെ അമ്മ ലത ചന്ദ്രന്‍ സി.പി.ഐ.എമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്റെ ദീര്‍ഘകാലമായിട്ടുള്ള നേതാവുമാണ്. ഞങ്ങളൊരുമിച്ച് ഇരുപത് കൊല്ലത്തോളമായി പ്രവര്‍ത്തിക്കുന്നതാണ്.

അവര്‍ ഈ കേസില്‍ പ്രതിയൊന്നുമല്ല. പിന്നെ ഇത് ഒരു പ്രണയ വിവാഹം കൂടിയാണ്. ഇന്റര്‍ റിലീജിയസ് വിവാഹം കൂടിയാണ്. വരന്‍ എന്റെ വിദ്യാര്‍ത്ഥിയാണ്. ഇത് അനാവശ്യ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ്. വധുവിന്റെ വീട്ടിലല്ല ഞാന്‍ കല്യാണത്തിന് പോയത്. പിന്നെ കുട്ടികള്‍ പ്രണയിച്ചാണ് കല്യാണം കഴിച്ചത്. കുട്ടികള്‍ ഡിവൈ.എഫ്.ഐയില്‍ ഒക്കെ ഉള്ളവരാണ്,' ആര്‍. ബിന്ദു ദ ക്യുവിനോട് പ്രതികരിച്ചു.

സ്വന്തം മണ്ഡലത്തിനുള്ളില്‍ നടന്ന വിവാഹമായതിനാലാണ് മന്ത്രി ആര്‍.ബിന്ദു ചടങ്ങില്‍ പങ്കെടുത്തതെന്ന വിശദീകരണങ്ങളാണ് പാര്‍ട്ടി വൃത്തങ്ങള്‍ അനൗദ്യോഗികമായി പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in