വാവ സുരേഷിന്റെ ഇഷ്ടപ്രകാരമുള്ള വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വാസവന്‍; എഞ്ചിനീയര്‍ നാളെയെത്തും

വാവ സുരേഷിന്റെ ഇഷ്ടപ്രകാരമുള്ള വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വാസവന്‍; എഞ്ചിനീയര്‍ നാളെയെത്തും

വാവ സുരേഷിന് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മന്ത്രി വി.എന്‍.വാസവന്‍ കടകംപള്ളി എം.എല്‍.എ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. മന്ത്രി വി.എന്‍ വാസവന്‍ വാവ സുരേഷിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.

വാവ സുരേഷിന് കിട്ടിയ പുരസ്‌കാരങ്ങള്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത വീട്ടിലാണ് അദ്ദേഹമിപ്പോള്‍ താമസിക്കുന്നത്. ഇത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

'' സുരേഷിന്റെ ഇഷ്ടപ്രകാരമുള്ള വീടായിരിക്കും നിര്‍മ്മിക്കുക. എല്ലാ ക്രമീകരണങ്ങളും ഒരുക്കി നല്‍കും. വീടിന്റെ നിര്‍മ്മാണം ഒരു ദിവസം പോലും നിര്‍ത്തിവെക്കില്ല. സുരേഷ് ആശുപത്രിയില്‍ കിടന്നപ്പോഴാണ് വീടിന്റെ അവസ്ഥ മനസിലാക്കുന്നത്.'' മന്ത്രി പറഞ്ഞു.

സുരേഷിന്റെ പ്രവര്‍ത്തനം തുടരാന്‍ വേണ്ടിയാണ് വീടിന്റെ കാര്യത്തില്‍ ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഞ്ചിനീയര്‍, വാവ സുരേഷും കുടുംബാംഗങ്ങളുമായി സംസാരിച്ച് അവരുടെ കൂടി അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷമായിരിക്കും പ്ലാന്‍ ഉണ്ടാക്കുക.

വാവ സുരേഷിനെ വിമര്‍ശിക്കുന്നവര്‍ അദ്ദേഹം മൃഗസ്‌നേഹിയും മനുഷ്യ സ്‌നേഹിയുമാണെന്നത് കാണാതെ പോകുന്നുവെന്നും മന്ത്രി പറഞ്ഞു. സുരേഷിന്റെ പ്രവൃത്തികള്‍ എല്ലാവര്‍ക്കും കണ്‍മുന്നില്‍ ബോധ്യമാകുന്നവയാണ്. അത്തരം കാര്യങ്ങളെ ആക്ഷേപിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in