അതിനാല്‍ ഞാനെന്‍റെ മന്ത്രി സ്ഥാനം രാജിവെക്കുകയാണ്; സജി ചെറിയാന്‍ പറഞ്ഞത് പൂര്‍ണരൂപം

അതിനാല്‍ ഞാനെന്‍റെ മന്ത്രി സ്ഥാനം രാജിവെക്കുകയാണ്; സജി ചെറിയാന്‍ പറഞ്ഞത് പൂര്‍ണരൂപം

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ ജൂലായ് 3 2022ന് സി.പി.ഐ.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന തരത്തില്‍ പ്രചരണമുണ്ടായി. ഭരണഘടനയെ ബഹുമാനിക്കുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഇതുസംബന്ധിച്ച് കേരള നിയമസഭയില്‍ വാര്‍ത്ത വന്ന സമയത്ത് തന്നെ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കിയതാണ്.

ഞാന്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം നമ്മുടെ ഭരണഘടന ഇന്ന് നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ പ്രതിരോധം രാജ്യത്തെമ്പാടും തീര്‍ക്കാനുള്ള പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് നിങ്ങള്‍ക്ക് അറിയാം. നിയമപരമായും രാഷ്ട്രീയമായുമുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചാണ് ഇടതുപക്ഷം രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കാന്‍ പരിശ്രമിക്കുന്നത്.

ഭരണഘടന സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തവരാണ് സി.പി.ഐ.എമ്മും ഇടതുപക്ഷവും. സ്വാതന്ത്ര്യത്തിന് ശേഷമുളള ഏഴര ദശാബ്ദകാലങ്ങളില്‍ ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മാത്രമല്ല സാമൂഹിക നീതിക്ക് വേണ്ടിയുള്ള ലക്ഷ്യങ്ങളും അട്ടിമറിക്കപ്പെട്ടതായി നമ്മള്‍ പല ഘട്ടങ്ങളില്‍ കണ്ടിട്ടുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം ഇത്തരം നീക്കങ്ങളെ ചെറുക്കുന്നതില്‍ ഞാനുള്‍പ്പെടെയുള്ള പ്രസ്ഥാനം അഭിമാനാര്‍ഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്.

ഇപ്പോഴും ആ പങ്ക് നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്. 1975-77 ലെ അടിയന്തരാവസ്ഥ, കോണ്‍ഗ്രസാണ് പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിമയ നടപടി, വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ പാലിക്കാതെ അനുച്ഛേദം 370 റദ്ദാക്കിയത് തുടങ്ങി ഒരുപാട് വിഷയങ്ങള്‍ ഉണ്ടായി. ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങളില്‍ എന്റെ പ്രസ്ഥാനം മുന്നില്‍ നിന്നിട്ടുണ്ട്.

കോണ്‍ഗ്രസും ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പിയും ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നത് ഇവര്‍ വ്യാപകമായി നടപ്പിലാക്കി. ഇപ്പോഴും നടപ്പിലാക്കിവരികയാണ്. 1989ല്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ ഈ രീതിയിലാണ് പിരിച്ചുവിട്ടിട്ടുള്ളത്.

മതനിരപേക്ഷ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ വലുതാണ്. ഏറ്റവും ഒടുവില്‍ ഗുജറാത്തില്‍ കലാപത്തിന് ഉത്തരവാദികളായവരെ തുറന്ന് കാട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നടപടികളും നമ്മള്‍ കണ്ടതാണ്. ഈ വിമര്‍ശനം എന്റെ പ്രസംഗത്തില്‍ ഞാന്‍ ഉയര്‍ത്തിയിട്ടുണ്ട്. ആ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗം നിങ്ങള്‍ പ്രക്ഷേപണം ചെയ്തില്ല എന്നുള്ളതാണ് എനിക്ക് നിങ്ങളോടുള്ള പരാതി.

എന്റേതായ ഭാഷയിലും ശൈലിയിലുമാണ് ഈ വിമര്‍ശനങ്ങളെല്ലാം ഞാന്‍ ഉന്നയിച്ചത്. ഒരിക്കല്‍ പോലും ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഞാന്‍ കരുതിയില്ല. അങ്ങനെ ഉദ്ദേശിച്ചിട്ടേ ഇല്ല. ഈ കാര്യം നിയമസഭയില്‍ വ്യക്തമാക്കിയതാണ്. ഭരണഘടനയോടുള്ള കൂറും വിധേയത്വവും 43 വര്‍ഷം, എട്ടാം ക്ലാസില്‍ ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഉള്ള കാലം മുതല്‍ എന്റെ പൊതുപ്രവര്‍ത്തനത്തില്‍ ഞാന്‍ കാത്തുസൂക്ഷിച്ചിട്ടുണ്ട്.

രാജ്യത്തോടും ജനങ്ങളോടും ഭരണഘടനയോടും നീതി വ്യവസ്ഥയോടും അങ്ങേയറ്റം കൂറുപുലര്‍ത്തിയ ഒരു വ്യക്തി എന്ന നിലയില്‍ ഇത്തരത്തില്‍ തെറ്റിധരിപ്പിക്കുന്ന വിധത്തിലുള്ള പ്രചരണങ്ങള്‍ എന്നെ വേദനിപ്പിച്ചു. ആ നിലയില്‍ ഞാന്‍ പറഞ്ഞ ചില വാചകങ്ങള്‍ തെറ്റിധാരണയുണ്ടാക്കുന്ന പ്രചരണത്തിന് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു മണിക്കൂര്‍ നീണ്ട എന്റെ പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയാണ് ഈ ദുഷ്പ്രചാരണത്തിന് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഇത് സി.പി.ഐ.എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും സംസ്ഥാന സര്‍ക്കാരും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയസമീപനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ എന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചരണം ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നില്‍ അതിയായ പ്രയാസവും ദുഃഖവും ഉണ്ടാക്കുന്നുണ്ട്.

എന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ പറ്റിയുള്ള നിയമവശങ്ങളെ പറ്റി ബഹുമാനപ്പെട്ട മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്ത് ഉപദേശം കിട്ടിയെന്ന് എനിക്കറിയില്ല. ഈ സാഹചര്യത്തില്‍ ഒരു സ്വതന്ത്രമായ തീരുമാനമാണ് ഞാനെടുക്കുന്നത്. ആ സ്വതന്ത്രമായ തീരുമാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ഞാന്‍ ആശയവിനിമയം നടത്തിയ ശേഷം മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്ന എന്റെ അഭിപ്രായം ഞാന്‍ രേഖപ്പെടുത്തുകയാണ്.

അതിനാല്‍ ഞാന്‍ എന്റെ മന്ത്രിസ്ഥാനം രാജിവെക്കുകയാണ്. എന്റെ രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് തൊട്ടുമുന്‍പ് ഞാന്‍ നല്‍കുകയുണ്ടായി. മതനിരപേക്ഷ ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്റെ പ്രസ്ഥാനം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ തുടര്‍ന്നും ഇപ്പോഴത്തേക്കാള്‍ സജീവമായി ഉണ്ടായിരിക്കും എന്നുകൂടി പറയാന്‍ ആഗ്രഹിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in