ഇത്തരം ക്രിമിനലിസം വളരാന്‍ അനുവദിക്കില്ല, ബിന്ദു അമ്മിണിയെ കയ്യേറ്റം ചെയ്തയാള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ആര്‍ ബിന്ദു

ഇത്തരം ക്രിമിനലിസം വളരാന്‍ അനുവദിക്കില്ല, ബിന്ദു അമ്മിണിയെ കയ്യേറ്റം ചെയ്തയാള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ആര്‍ ബിന്ദു

ആക്ടിവിസ്റ്റും അധ്യാപികയുമായി ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് സാമൂഹ്യ നീതി വകുപ്പ് ആര്‍ ബിന്ദു. ബിന്ദു അമ്മിണിയ്ക്ക് നേരെ നടുറോഡില്‍ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കാനാവില്ലെന്നും നടപടിയുണ്ടാകുമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിശ്വാസമോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അക്രമത്തിനു പിന്നില്‍; പരപീഡാ വ്യഗ്രതയും ഇഷ്ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണെന്നും ആര്‍ ബിന്ദു പറഞ്ഞു.

അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനല്‍ മനസ്സുകാര്‍ക്ക് പൊതുറോഡില്‍ സമ്മാന്യത നല്‍കിയവര്‍ക്കും ഈ അക്രമത്തില്‍ നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സര്‍ക്കാര്‍ കാട്ടില്ല, ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം വൈകുന്നേരം മര്‍ദ്ദനത്തിനിരയായത്. ബേപ്പൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ മോഹന്‍ദാസ് എന്നയാളാണ് അക്രമിച്ചതെന്ന് പൊലീസ് പറയുന്നു. വെള്ളയില്‍ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

വാഹനം നിര്‍ത്തുന്നത് സംബന്ധിച്ച തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ബിന്ദുവിന്റെ പരാതിയില്‍ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

അടുത്തിടെ ഓട്ടോ മനപൂര്‍വ്വം ഇടിപ്പിച്ചസംഭവത്തില്‍ ബിന്ദുവിന് പരിക്കേറ്റിരുന്നു.

The Cue
www.thecue.in