'കട്ടുമുടിച്ച് ശീലിച്ചവര്‍ ഇനിയൊരിക്കലും അധികാരം കിട്ടില്ലെന്ന ഭയത്തില്‍ ചെയ്യുന്നത്'; എ.കെ.ജി സെന്റര്‍ ബോംബാക്രമണത്തില്‍ റിയാസ്

'കട്ടുമുടിച്ച് ശീലിച്ചവര്‍ ഇനിയൊരിക്കലും അധികാരം കിട്ടില്ലെന്ന ഭയത്തില്‍ ചെയ്യുന്നത്'; എ.കെ.ജി സെന്റര്‍ ബോംബാക്രമണത്തില്‍ റിയാസ്

എ.കെ.ജി സെന്റര്‍ ബോംബെറിഞ്ഞ് ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപ്പെട്ട കോണ്‍ഗ്രസുകാര്‍ ഇനിയൊരിക്കലും അധികാരം ലഭിക്കില്ലെന്ന വിഭ്രാന്തിയില്‍ കേരളത്തിന്റെ ക്രമസാമാധാന അന്തരീക്ഷം തകര്‍ന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ വിമാനത്തില്‍ വകവരുത്താന്‍ ശ്രമിച്ചവരെ മാലയിട്ട് സ്വീകരിച്ചവരാണ് കോണ്‍ഗ്രസെന്നും റിയാസ്. കോണ്‍ഗ്രസും ബി.ജെ.പിയും കേരളത്തില്‍ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും റിയാസ് ആരോപിച്ചു.

മുഹമ്മദ് റിയാസിന്റെ വാക്കുകള്‍

കേരളത്തെ കലാപഭൂമിയാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം തുടര്‍ഭരണം വന്നതിന് ശേഷം നടത്തികൊണ്ടിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും ബി.ജെ.പി നേതൃത്വവും മറ്റ് ഇടതുപക്ഷ വിരുദ്ധരുമൊക്കെ തുടര്‍ഭരണത്തെ അംഗീകരിക്കുന്നില്ല.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ അത് അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമം നമുക്ക് അറിയാം. വിമോചന സമരം എന്ന ഓമന പേരില്‍ നടത്തിയ പേക്കൂത്തിനെ കുറിച്ച് നമുക്ക് അറിയാം.

അന്ന് നടത്തിയ അക്രമം പോലെ തന്നെ ഇപ്പോള്‍ തുടര്‍ഭരണത്തെ അംഗീകരിക്കാന്‍ സാധിക്കാതെ ബോധപൂര്‍വ്വം കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും ബി.ജെ.പി നേതൃത്വവുമൊക്കെ നടത്തികൊണ്ടിരിക്കുന്നത്.

എ.കെ.ജി സെന്റര്‍ കേരളത്തിലെ ഇടതുപക്ഷ മനസുള്ളവരുടെ വികാരമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതിലൊന്നും ഒരു പ്രശ്‌നവുമില്ല. ബോംബെറിഞ്ഞ ആളെ മാലയിട്ട് സ്വീകരിക്കുകയും കെ.പി.സി.സി സെക്രട്ടറിയാക്കാനും ലജ്ജയില്ലാത്തയാളുകളാണ് അവര്‍.

മുഖ്യമന്ത്രിയെ വിമാനത്തില്‍ വകവരുത്താന്‍ ശ്രമിച്ചവരെ മാലയിട്ട് കോണ്‍ഗ്രസ് മാലയിട്ട് സ്വീകരിക്കുകയാണ്. തുടര്‍ഭരണം ഉണ്ടാക്കിയ ഒരു മാനസിക വിഭ്രാന്തിയുണ്ട്. ഇനി ഒരിക്കലും കേരളത്തില്‍ അധികാരത്തില്‍ വരില്ല എന്നൊരു ഭയം. അധികാരത്തില്‍ വന്നാല്‍ കട്ട് മുടിച്ച് ജീവിച്ചവരെ സംബന്ധിച്ചിടത്തോളം താങ്ങാനാകാത്തതാണ്.

കേരളത്തില്‍ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരായി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാറുന്നു.

അതേസമയം തിരുവനന്തപുരത്ത് എ.കെ.ജി സെന്റര്‍ ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സംഘത്തെ നിയോഗിക്കുക.

സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

പ്രതി ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമീപമുള്ള സി.സി.ടി.വി ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി കൂടുതല്‍ സിസിടിവി ക്യാമറകള്‍ പരിശോധിക്കും.

അതിനിടെ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

കഴിഞ്ഞ ദിവസം 11.30ഓടെയാണ് എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ എത്തിയ ആള്‍ ബോംബ് എറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in