'എന്താ കോലം, ചെയ്യുന്നജോലിയോട് ആത്മാര്‍ത്ഥത വേണം'; റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന, നടപടി

'എന്താ കോലം, ചെയ്യുന്നജോലിയോട് ആത്മാര്‍ത്ഥത വേണം'; റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന, നടപടി

തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. റസ്റ്റ് ഹൗസുകളില്‍ ശുചിത്വം ഉറപ്പ് വരുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്ക് താമസ യോഗ്യമാക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു പരിശോധന.

ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു മുന്നറിയിപ്പില്ലാതെ മന്ത്രി മുഹമ്മദ് റിയാസ് റസ്റ്റ് ഹൗസിലെത്തിയത്. റസ്റ്റ് ഹൗസ് കെട്ടിടവും, പരിസരങ്ങളും നടന്ന് കണ്ട മന്ത്രി വൃത്തിയില്ലായ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. 'വൃത്തിയാക്കിവെക്കണം എന്ന് പറഞ്ഞത് നിങ്ങള്‍ക്ക് ബാധകമല്ലേ എന്ന് മന്ത്രി ജീവനക്കാരോട് ചോദിച്ചു. മിനിറ്റുകള്‍ മാത്രം മതി പരിസരം വൃത്തിയാക്കാന്‍ എന്ന് പറഞ്ഞ മന്ത്രി, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഇത് പൊളിക്കാനാണോ ഉദ്ദേശമെന്നും ചോദിച്ചു.

മന്ത്രിവരുന്നത് അറിയില്ലായിരുന്നുവെന്ന ഉദ്യോഗസ്ഥന്റെ മറുപടിയെയും മന്ത്രി വിമര്‍ശിച്ചു. ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത വേണമെന്നും മന്ത്രി പറഞ്ഞു.

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്ക് താമസ യോഗ്യമാക്കാന്‍ നിലപാടുകളെടുത്ത് മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാരാഷ്ട്രീയപാര്‍ട്ടികളും ജനങ്ങളും ഈ തീരുമാനത്തോടൊപ്പമാണ്. നാളെ മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ആരംഭിക്കുകയാണ്. ശുചിത്വം ഉറപ്പ് വരുത്തണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ തലസ്ഥാനത്തെ ഈ റസ്റ്റ് ഹൗസില്‍ ഈ നിര്‍ദേശങ്ങളൊന്നും ബാധകമല്ല എന്ന രീതിയിലാണ് ഇവര്‍ മുന്നോട്ട് പോകുന്നത്.

അടുക്കളയുള്‍പ്പടെ ഉള്‍പ്പടെ എല്ലാ സ്ഥലവും പരിശോധിച്ചു. ശുചിത്വമില്ലായ്മ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടും. ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാവുന്ന പ്രവണതയല്ല ഇത്. അതുകൊണ്ട് ശക്തമായ നടപടി തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.

'ഇങ്ങനെയൊക്ക പോയാല്‍ മതിയെന്ന് ആരെങ്കിലും കരുതിയാല്‍ ഇങ്ങനെയൊന്നുമല്ല പോകാന്‍ പോകുന്നത്. തെറ്റായ രീതിയില്‍ ഏത് ഉദ്യോഗസ്ഥന്‍ ചിന്തിച്ച് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അത് വെച്ചുപൊറുപ്പിക്കില്ല. ശക്തമായ നടപടിയുണ്ടാകും. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളില്‍ ശുചിത്വം ഉറപ്പ് വരുത്തണമെന്നത് തീരുമാനമാണ്. നല്ല സമീപനത്തെ നിരുത്സാഹപ്പെടുത്തുന്ന രീതി അത് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല', മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in