തിരുവല്ല നഗരസഭാ ഓഫീസിലെ റീല്‍ ചിത്രീകരണത്തില്‍ നടപടിയെടുക്കേണ്ടെന്ന് മന്ത്രിയുടെ നിര്‍ദേശം

തിരുവല്ല നഗരസഭാ ഓഫീസിലെ റീല്‍ ചിത്രീകരണത്തില്‍ നടപടിയെടുക്കേണ്ടെന്ന് മന്ത്രിയുടെ നിര്‍ദേശം
Published on

തിരുവല്ല നഗരസഭയിലെ ജീവനക്കാരുടെ വിവാദ റീലില്‍ നടപടി വേണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍ദേശിച്ചു. ഞായറാഴ്ചയാണ് റീല്‍ ചിത്രീകരിച്ചതെന്നും ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് ഇതെന്നും വ്യക്തമായ സാഹചര്യത്തിലാണ് നടപടി വേണ്ടെന്ന് നിര്‍ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടിയാണ് ജില്ലാ കളക്ടറുടെ നിര്‍ദേശമനുസരിച്ച് ജീവനക്കാര്‍ എത്തിയത്. ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു. അവധി ദിവസമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയില്‍ ആഘോഷപരിപാടികളൊന്നും ഓഫീസുകളില്‍ സംഘടിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. മന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നതായും മന്ത്രി കുറിച്ചു.

റീല്‍ ചിത്രീകരണം അച്ചടക്ക ലംഘനമാണെന്ന് കാട്ടി നഗരസഭാ സെക്രട്ടറി എട്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. റീല്‍ ചിത്രീകരിച്ചത് ഞായറാഴ്ചയാണെന്ന് ജീവനക്കാര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in