മുദ്രവെച്ച കവർ പരി​ഗണിച്ചുള്ള വിധി മീഡിയവണിനെ അറിയിക്കാതെ; സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അഭിഭാഷകൻ

മുദ്രവെച്ച കവർ പരി​ഗണിച്ചുള്ള വിധി 
മീഡിയവണിനെ അറിയിക്കാതെ; സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അഭിഭാഷകൻ

ഡിവിഷൻ ബെഞ്ച് വിധി ദൗർഭാ​ഗ്യകരമെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും മീഡിയവൺ അഭിഭാഷകൻ അഡ്വ. അമീൻ ഹസൻ. വാദം പൂർത്തിയായതിന് ശേഷം പരാതിക്കാരുടെ അറിവില്ലാതെയാണ് മുദ്രവെച്ച കവർ പരി​ഗണിച്ചുകൊണ്ടുള്ള ഒരു വിധി ഡിവിഷൻ ബെഞ്ചിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. അത് നിയമ വ്യവസ്ഥയിലെ തന്നെ ആശ്വാസകരമായ നടപടിയായി കാണാൻ കഴിയില്ലെന്നും അഡ്വ. അമീൻ ഹസൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

അഡ്വ. അമീൻ ഹസന്റെ വാക്കുകൾ

ഡിവിഷൻ ബെഞ്ച് വിധി ദൗർഭാ​ഗ്യകരമാണ്. വാദം പൂർത്തിയായതിന് ശേഷം പരാതിക്കാരുടെ അറിവില്ലാതെയാണ് മുദ്രവെച്ച കവർ പരി​ഗണിച്ചുകൊണ്ടുള്ള ഒരു വിധി ഡിവിഷൻ ബെഞ്ചിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.

നിയമ വ്യവസ്ഥയിലെ തന്നെ ആശ്വാസകരമായ നടപടിയായി ഇതിനെ കാണാൻ കഴിയില്ല. ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിച്ചുകൊണ്ട് ഭരണഘടന വിരുദ്ധമായിട്ടുള്ള ഈ കാര്യങ്ങൾ മീഡിയവൺ ചോദ്യം ചെയ്യും.

മുദ്രവെച്ച കവറിലെ വിശദാംശങ്ങൾ പരാതിക്കാരെ അറിയിച്ചില്ല എന്നതിനപ്പുറത്ത് ഭരണഘടനപരമായ ചില ചോദ്യങ്ങൾ ഉണ്ട്. പരാതിക്കാരെ അറിയിച്ചില്ല എന്ന് മാത്രമല്ല. വാദം കേൾക്കുന്ന സമയത്ത് അത്തരത്തിലുള്ള ഒരു ഫയൽ പ്രൊഡ്യൂസ് ചെയ്യുന്നതിനെക്കുറിച്ച് ഹൈക്കോടതി പരാമർശിച്ചിരുന്നില്ല.

വാദം കേട്ടതിന് ശേഷം വിധി പറയാനായി മാറ്റിയ സമയത്താണ് സീൽഡ് കവർ പരി​ഗണിക്കുന്ന നിലപാട് കേരള ഹൈക്കോടതി സ്വീകരിച്ചിട്ടുള്ളത്.

മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡിന് ചില ആശ്വാസകരമല്ലാത്ത സംഘടനകളുമായി ബന്ധമുണ്ട് എന്ന പരാമർശവും വിധി ന്യായത്തിൽ ഉണ്ട് എന്നാണ് മനസിലാക്കുന്നത്. അതിന്റെ വിശദാംശങ്ങൾ അറിഞ്ഞതിന് ശേഷമേ കൂടുതൽ പ്രതികരിക്കാൻ സാധിക്കു.

ഭരണഘടനാ വിരുദ്ധമാണ് എന്ന നിലപാടിൽ നിന്നുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കാനും ആശ്വാസകരമായ വിധി നേടിയെടുക്കാൻ സാധിക്കുമെന്നുമാണ് മീഡിയവൺ കരുതുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in