സഭയില്‍ നടത്തിയ റൂളിംഗ് ഞാന്‍ അടക്കമുള്ള സഭാംഗങ്ങള്‍ സ്വയം നവീകരിക്കാനുള്ള തുടക്കം കുറിക്കല്‍: സ്പീക്കര്‍ എം.ബി രാജേഷ്

സഭയില്‍ നടത്തിയ റൂളിംഗ് ഞാന്‍ അടക്കമുള്ള സഭാംഗങ്ങള്‍ സ്വയം നവീകരിക്കാനുള്ള തുടക്കം കുറിക്കല്‍: സ്പീക്കര്‍ എം.ബി രാജേഷ്

നിയമസഭയില്‍ നടത്തിയ റൂളിംഗ് സ്വയം വിമര്‍ശനമാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. സ്വയം നവീകരണത്തിന് വേണ്ടിയിട്ടുള്ള തുടക്കം കുറിക്കുകയാണ് ചെയ്തത്. അത് കേരള നിയമസഭയുടെ കരുത്തിനെ അതിന്റെ ആന്തരികമായ ശക്തിയെ ആണ് കാണിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള പ്രസംഗം വളരെ ഔചിത്യ പൂര്‍ണമായതും കരുതല്‍ ഉള്ളതുമായിരുന്നു. ആ പ്രസംഗത്തിലൂടെ കടന്നുപോയാല്‍ മനസിലാകും, അതും റൂളിംഗും പരസ്പര വിരുദ്ധമായിട്ടുള്ളതല്ല എന്നും സ്പീക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഞങ്ങള്‍ക്ക് സ്വയം തിരുത്താനും നവീകരിക്കാനും സ്വയം വിമര്‍ശനം നടത്താനുമുള്ള കെല്‍പ്പുണ്ട് എന്ന് തെളിയിക്കുകയാണ് സഭ യഥാര്‍ത്ഥത്തില്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ ജനാധിപത്യപരമാവണം എന്നതാണ് ഇന്ന് കേരളത്തില്‍ ഉയര്‍ന്നുവരുന്ന ഒരു അവബോധമെന്നും സ്പീക്കര്‍ പറഞ്ഞു.

കെ കെ രമയ്‌ക്കെതിരായ എം.എല്‍.എ എം.എം മണിയുടെ പരാമര്‍ശത്തെ തിരുക്കിക്കൊണ്ടായിരുന്നു സ്പീക്കറുടെ റൂളിംഗ്.

എം.ബി രാജേഷിന്റെ വാക്കുകള്‍

ഒന്നാമതായി സഭാംഗങ്ങളെ മാത്രമല്ല ഇത് ഓര്‍മിപ്പിക്കേണ്ടിവരുന്നത്. രണ്ടാമതായി അംഗങ്ങളെ ഓര്‍മിപ്പിക്കേണ്ടിവരുന്നു എന്നതിനേക്കാള്‍ ഞങ്ങളെല്ലാം ചേര്‍ന്ന് നടത്തിയ ഒരു സ്വയം വിമര്‍ശനമാണ്. സ്പീക്കറും സഭാംഗങ്ങളും എല്ലാം ചേര്‍ന്ന് ഒരു സ്വയം വിമര്‍ശനം നടത്തുകയാണ്. ഒരു സ്വയം നവീകരണത്തിന് വേണ്ടിയിട്ടുള്ള തുടക്കം കുറിക്കുകയാണ് ചെയ്തത്. അത് കേരള നിയമസഭയുടെ കരുത്തിനെ അതിന്റെ ആന്തരികമായ ശക്തിയെ ആണ് കാണിക്കുന്നത്.

ഞങ്ങള്‍ക്ക് സ്വയം തിരുത്താനും നവീകരിക്കാനും സ്വയം വിമര്‍ശനം നടത്താനുമുള്ള കെല്‍പ്പുണ്ട് എന്ന് തെളിയിക്കുകയാണ് സഭ യഥാര്‍ത്ഥത്തില്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ ജനാധിപത്യപരമാവണം എന്നതാണ് ഇന്ന് കേരളത്തില്‍ ഉയര്‍ന്നുവരുന്ന ഒരു അവബോധം. രാഷ്ട്രീയക്കാരെ കുറിച്ച് എല്ലാവരും പറയും. അത് പെട്ടെന്ന് ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും ഒരു പങ്കുണ്ട്. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

സഭയ്ക്ക് തിരുത്താമെന്ന് ഞങ്ങള്‍ തെളിയിച്ചു. ഇനി നിങ്ങളുടെ ഊഴമാണ്. മാധ്യമങ്ങള്‍ അത് തിരുത്താനും തയ്യാറാകണം. ഇത്തരം തെറ്റുകള്‍ എനിക്കും പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ക്കും പറ്റാവുന്ന തെറ്റാണ്. അത് തിരുത്തുക എന്നതാണ്.

പ്രത്യക്ഷത്തില്‍ സഭ്യമല്ലാത്തത് സഭയില്‍ അപ്പോള്‍ തന്നെ നീക്കം ചെയ്യുന്നതാണ്. അല്ലാതെ ചിലപ്പോള്‍ വാക്കുകളില്‍, സഭ്യേതരമായി ഒന്നുമില്ല, എന്നാല്‍ അത് പുറത്തേക്ക് നല്‍കുന്ന ആശയം പുതിയ കാലത്തിന് യോജിച്ചതല്ല എന്ന പരാതി വരുമ്പോള്‍ അത് കുറച്ചുകൂടി അവധാനതയോട് കൂടി പരിശോധിച്ച് മാത്രമേ ചെയ്യാന്‍ പറ്റൂ. അങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് ഇത് ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ പറഞ്ഞതാണ്.

മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള പ്രസംഗം വളരെ ഔചിത്യ പൂര്‍ണമായതും കരുതല്‍ ഉള്ളതുമായിരുന്നു. ആ പ്രസംഗത്തിലൂടെ കടന്നുപോയാല്‍ മനസിലാകും, അതും റൂളിംഗും പരസ്പര വിരുദ്ധമായിട്ടുള്ളതല്ല.

Related Stories

No stories found.
logo
The Cue
www.thecue.in