'ബാലഗോകുലം ആര്‍എസ്എസ് പോഷകസംഘടനയെന്ന് തോന്നിയിട്ടില്ല'; പാര്‍ട്ടിയോട് പെര്‍മിഷന്‍ ചോദിക്കണമെന്ന് തോന്നിയില്ലെന്ന് ബീന ഫിലിപ്പ്

'ബാലഗോകുലം ആര്‍എസ്എസ് പോഷകസംഘടനയെന്ന് തോന്നിയിട്ടില്ല'; പാര്‍ട്ടിയോട് പെര്‍മിഷന്‍ ചോദിക്കണമെന്ന് തോന്നിയില്ലെന്ന് ബീന ഫിലിപ്പ്

ആര്‍എസ്എസ് സംഘടനയായ ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച മാതൃസമ്മേളനത്തില്‍ ഉദ്ഘാടകയായെത്തിയതില്‍ വിശദീകരണവുമായി സിപിഐഎം മേയര്‍ ബീന ഫിലിപ്പ്. ബാലഗോകുലം ആര്‍എസ്എസ് പോഷക സംഘടന എന്ന നിലയ്ക്ക് തോന്നിയിട്ടില്ലെന്ന് ബീന ഫിലിപ്പ് പറഞ്ഞു. അവര്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ടതാണെന്ന് അറിയാമായിരുന്നു. പക്ഷേ അവരോട് സംസാരിക്കുമ്പോള്‍ അങ്ങനെ തോന്നിയിട്ടില്ല. മുന്‍പ് ബിജെപി പരിപാടിയില്‍ പോയപ്പോള്‍ പാര്‍ട്ടി കുഴപ്പമില്ല എന്നാണ് പറഞ്ഞത്. വര്‍ഗീയപരമായ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് മാത്രമാണ് പാര്‍ട്ടി പറഞ്ഞിട്ടുള്ളതെന്നും പോകരുത് എന്ന കര്‍ശന നിലപാട് തന്നോട് പറഞ്ഞിട്ടില്ലെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.

സ്ത്രീകളുടെ ഒരു കൂട്ടായ്മ അമ്മമാരോട് സംസാരിക്കാന്‍ പറയുമ്പോള്‍ അത് നിഷേധിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് പങ്കെടുത്തത്. പാര്‍ട്ടിയോട് പെര്‍മിഷന്‍ ചോദിക്കണമെന്ന് തോന്നിയില്ല. മേയര്‍ എന്ന നിലയ്ക്ക് പലപ്പോഴും നമുക്ക് ഫസ്റ്റ് സിറ്റിസന്‍ എന്നാണല്ലോ സങ്കല്‍പ്പം. പാര്‍ട്ടിയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഒരാളെപ്പോലെ ശീലം ഇല്ലാത്തത് കൊണ്ട് കര്‍ശനമായ നിയന്ത്രണം പാര്‍ട്ടി വെച്ചിട്ടില്ല. കരുതി പോകണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും ബീന ഫിലിപ്പ് പറഞ്ഞു.

കുട്ടികള്‍ ഭയഭക്തി ബഹുമാനത്തോടെ വളരണമെന്ന് പറഞ്ഞിട്ടില്ല. അത് എഴുതിയവര്‍ക്ക് ദുരുദ്ദേശ്യമുണ്ടെന്നും മേയര്‍ പറഞ്ഞു. എന്നാല്‍ ശിശുപരിപാലനത്തില്‍ കേരളം പുറകിലാണെന്ന് താന്‍ പറഞ്ഞുവെന്നും എന്നാല്‍ അത് ആരോഗ്യപരമായ കാര്യത്തിലല്ല, കുട്ടികളോടുള്ള കേരളത്തിലെ അപ്രോച്ചിനെയാണെന്നും മേയര്‍ പറഞ്ഞു.

വടക്കേ ഇന്ത്യയില്‍ ഏത് കുട്ടിയെയും വളരെ സ്‌നേഹത്തോടെ നോക്കും, അടുത്ത വീട്ടിലെ കുട്ടിക്ക് ഒരേ പോലെ ഭക്ഷണം കൊടുക്കും. എന്നാല്‍ കേരളത്തില്‍ കുട്ടികളെ സ്വാര്‍ത്ഥത പഠിപ്പിക്കും. ഇതൊക്കെ തന്നോട് പറഞ്ഞത് വടക്കേ ഇന്ത്യയിലുണ്ടായിരുന്ന തന്റെ ബന്ധുക്കളാണെന്നും മേയര്‍ പറഞ്ഞു. കേരളത്തില്‍ വന്നപ്പഴാണ് അറിയുന്നത് കുട്ടികളെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞ് വിട്ടാല്‍ അവരെ ഒരേ പോലെ കാണില്ലെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ട് കൃഷണനെ സ്‌നേഹിക്കുന്നവര്‍ എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനെ പോലെ കാണണമെന്ന് പറഞ്ഞതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത്. ആര്‍എസ്എസ് ആശയത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനാണ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതെന്നായിരുന്നു സിപിഐഎം നിലപാട്. പാര്‍ട്ടി അനുഭാവികളായ കുട്ടികള്‍ അത്തരം ശോഭായാത്രകളില്‍ പങ്കെടുക്കുന്നത് സിപിഐഎം വിലക്കുകയും ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ബദല്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in