ജനറല്‍/ എസ്.സി ഫണ്ട് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്‍കാനാകും; സ്‌പോര്‍ട്‌സ് ടീം വിവാദത്തില്‍ മേയറുടെ വിശദീകരണം

ജനറല്‍/ എസ്.സി ഫണ്ട് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്‍കാനാകും; സ്‌പോര്‍ട്‌സ് ടീം  വിവാദത്തില്‍ മേയറുടെ വിശദീകരണം

ജാതി തിരിച്ചുള്ള തിരുവനന്തപുരം നഗരസഭയുടെ സ്‌പോര്‍ട്‌സ് ടീം പദ്ധതി വിവാദമായതോടെ വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍.

'തിരുവനന്തപുരം നഗരസഭ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി കളരി (ജനറല്‍) കളരി (എസ്.സി) എന്ന പ്രോജക്ട് ഹെഡില്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്ലറ്റിക്‌സ് എന്നീയിനങ്ങളില്‍ കായിക പരിശീലനം നടപ്പിലാക്കി വരുന്നു.

ഇത്തരത്തില്‍ സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ജനറല്‍ /എസ്.സി ഫണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത.

ഓരോ കായിക ഇനത്തിലും ആണ്‍കുട്ടികളില്‍ നിന്നും 25 പേരെയും പെണ്‍കുട്ടികളില്‍ നിന്നും 25 പേരെയാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഒരുമിച്ച് പരിശീലനം നല്‍കി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം രൂപീകരിക്കുക എന്നതാണ് ആശയം,'' എന്നാണ് മേയര്‍ ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പിട്ടത്.

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം നഗരസഭയുടെ സ്‌പോര്‍ട്‌സ് ടീം രൂപീകരണവുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റിനെ സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു. സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണ്.

കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പതിവ് രീതികളില്‍ നിന്ന് മാറി ഒരു പടികൂടി മുന്നിലോട്ട് നമ്മുടെ കായിക രംഗത്തെ നയിക്കാന്‍ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. നഗരസഭയോ ഞാനോ ഉദ്ദേശിക്കാത്ത തരത്തിലാണ് വ്യാഖ്യാനങ്ങള്‍ എന്നതിനാല്‍ അതേ സംബന്ധിച്ച് ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു.

തിരുവനന്തപുരം നഗരസഭ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി കളരി (ജനറല്‍) കളരി (എസ്.സി) എന്ന പ്രോജക്ട് ഹെഡില്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്ലറ്റിക്‌സ് എന്നീയിനങ്ങളില്‍ കായിക പരിശീലനം നടപ്പിലാക്കി വരുന്നു.

നഗരത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ട്രയല്‍സ് നടത്തിയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിലേക്കായി വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജനറല്‍ ഫണ്ട് ഉപയോഗിച്ചും എസ്.സി ഫണ്ട് ഉപയോഗിച്ചും പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

ഇത്തരത്തില്‍ സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ജനറല്‍ /എസ്.സി ഫണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത. ഓരോ കായിക ഇനത്തിലും ആണ്‍കുട്ടികളില്‍ നിന്നും 25 പേരെയും പെണ്‍കുട്ടികളില്‍ നിന്നും 25 പേരെയാണ് തിരഞ്ഞെടുക്കുന്നത് . തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഒരുമിച്ച് പരിശീലനം നല്‍കി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം രൂപീകരിക്കുക എന്നതാണ് ആശയം.

ഇതിന്മേല്‍ ഇനിയും ചര്‍ച്ചകളും വിപുലീകരണവും ആവശ്യമാണ് എന്നും, അതിനായി നഗരത്തിലെ കായിക പ്രേമികളുമായും വിദഗ്ദരുമായും ചര്‍ച്ച നടത്തുമെന്നും നേരത്തെ സൂചിപ്പിച്ചിരുന്നു. അങ്ങനെ അതിവിപുലമായ ഒരു പദ്ധതിയായി ഇത് മാറുമെന്ന ആത്മവിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്. അത്തരം ഒരു പദ്ധതിയെ വിവാദത്തില്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല. അതുകൊണ്ട് ഈ വിശദീകരണത്തോടെ ഈ വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങള്‍ക്ക് ജാതി തിരിച്ചുള്ള ടീം രൂപീകരിക്കുന്ന വിവരം മേയര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഓരോ ടീമിലും 25 കുട്ടികള്‍ ഉണ്ടാകും. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എസ്.സി/എസ്.ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്നാണ് മേയര്‍ പറഞ്ഞത്. ഇത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മേയറുടെ വിശദീകരണം.

Related Stories

No stories found.
The Cue
www.thecue.in