'ലിംഗസമത്വവും തുല്യനീതിയും അവിടെ നില്‍ക്കട്ടെ'; സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചതില്‍ വൈകാരികമായി മാത്യു. ടി തോമസ്

'ലിംഗസമത്വവും തുല്യനീതിയും അവിടെ നില്‍ക്കട്ടെ'; സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചതില്‍ വൈകാരികമായി മാത്യു. ടി തോമസ്

സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ വിമര്‍ശനവുമായി മാത്യു. ടി. തോമസ് എം.എല്‍.എ. പെണ്‍കുട്ടിയായിപ്പോയി എന്ന കാരണത്താല്‍ ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ എന്ന് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു. പെണ്‍കുട്ടിയോട് ആ കറുത്ത ദിനം മറക്കണമെന്നും എം.എല്‍.എ. ലിംഗസമത്വം, തുല്യനീതി, ഭരണഘടനാതത്വങ്ങള്‍ എന്നിവയെല്ലാം അവിടെ നില്‍ക്കട്ടെ ആ കുഞ്ഞു മനസിനെ വേദനിപ്പിച്ചില്ലേ എന്നും മാത്യു ടി. തോമസ്.

മാത്യു ടി. തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഷ്ടം !

സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചതിന് സംഘാടകര്‍ക്കു മേല്‍ മതനിഷ്ഠകളുടെ മറവില്‍ ശകാരങ്ങള്‍ വര്‍ഷിക്കുന്ന ദൃശ്യങ്ങള്‍ ഇന്നത്തെ വാര്‍ത്തകളില്‍ കാണാനിടയായി.

പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെണ്‍കുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?

ലിംഗസമത്വം, തുല്യനീതി,...

ഭരണഘടനാതത്വങ്ങള്‍ അവിടെ നില്‍ക്കട്ടെ..

ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചില്ലേ?

ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ?

മതബോധനങ്ങളുടെ ദുര്‍വ്യാഖ്യാനം എന്ന് കരുതിക്കോട്ടെ?

മകളെ... പൊറുക്കു ഞങ്ങളോട്.

മറക്കു ഇന്നെന്ന കറുത്ത ദിനത്തെ.

വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ.

നീ മിടുക്കിയായി വളരണം.

ഒന്നും നിന്നെ തളര്‍ത്താതിരിക്കട്ടെ.

നീ നിന്ദിതയല്ല...ആവരുത്..

ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങള്‍ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീര്‍ച്ച.

മാത്യു ടി. തോമസ്