പറഞ്ഞത് അസംബന്ധമെങ്കില്‍ മുഖ്യമന്ത്രി കേസ് കൊടുക്കണം; വീണ വിജയനെതിരായ ആരോപണം ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍

പറഞ്ഞത് അസംബന്ധമെങ്കില്‍ മുഖ്യമന്ത്രി കേസ് കൊടുക്കണം; വീണ വിജയനെതിരായ ആരോപണം ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് എം.എല്‍.എ മാത്യു കുഴല്‍നാടന്‍. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ ജെയ്ക്ക് ബാലകുമാറാണ് തന്റെ മെന്റര്‍ എന്ന് വീണ വിജയന്‍ തന്റെ കമ്പനിയായ എക്‌സ ലോജിക്കിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി.

പിന്നീട് പി.ഡബ്ല്യു.സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വന്ന സമയത്ത് ഈ വിവരങ്ങള്‍ നീക്കം ചെയ്തു എന്നാണ് മാത്യു കുഴല്‍ നാടന്‍ പറഞ്ഞത്. ഗൂഗിള്‍ വെബ് ആര്‍ക്കൈവിലെ ഡീറ്റെയില്‍സ് കാണിച്ചുകൊണ്ടായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രസ് മീറ്റ്. ആരോപണങ്ങള്‍ തെറ്റെങ്കില്‍ കേസ് കൊടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മാത്യു കുഴല്‍ നാടന്‍ പറഞ്ഞത്

ഞാന്‍ പറഞ്ഞത് അസംബന്ധമാണ് എന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. സ്വപ്‌ന സുരേഷിനെ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് നിയമനം നടത്തിയത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ല്യു.സി) എന്ന് പറയുന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയാണ്. അത് നിഷേധിക്കാന്‍ പറ്റുമോ ഇല്ലയോ. അതിന് ശേഷം എന്തുകൊണ്ടാണ് ഈ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അങ്ങ് ഒരു ക്ലൗഡിലാകാനുള്ള കാരണമെന്നും ഞാന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.

സ്വപ്‌ന സുരേഷ് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന നിലയില്‍ നിയമിതയായി. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സാണ് അവരെ നിയമിച്ചത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം വേണ്ടത്ര സുതാര്യതയില്ലാതെ നിരവധി വര്‍ക്കുകള്‍ ലഭിച്ചു. പിഡബ്ല്യുസിക്കെതിരെ വലിയ ആക്ഷേപം നേരത്തെ ഉയര്‍ന്ന് വന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെകുറിച്ച് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

അവരുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടോ സ്വകാര്യതയുമായി ബന്ധപ്പെട്ടോ ഒരു പരാമര്‍ശവും ഞാന്‍ നടത്തിയില്ല. പിഡബ്ല്യുസിക്കെതിര ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സമയത്ത് വീണ വിജയന്‍ നടത്തുന്ന ഹെക്‌സ ലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളായി അവര്‍ തന്നെ ഡിക്ലയര്‍ ചെയ്ത വ്യക്തിയാണ് പിഡബ്ല്യുസിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക്ക് ബാലകുമാര്‍.

ജെയ്ക്ക് ബാലകുമാര്‍ എന്ന വ്യക്തി വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി അത്രമേല്‍ ഇന്‍വോള്‍മെന്റ് ഉള്ള ആളാണെന്നും ഞങ്ങളുടെ മെന്റര്‍ ആണെന്നും വീണ വിജയന്റെ കമ്പനിയായ ഹെക്‌സ ലോജിക്കിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. പി.ഡ.ബ്ല്യുസിക്കെതിരെ ആരോപണം വന്നപ്പോള്‍ ഈ വെബ്‌സൈറ്റ് ഡൗണ്‍ ആകുകയാണ്.

ഏകദേശം ഒരുമാസക്കാലം ഈ വൈബ്‌സൈറ്റ് ആര്‍ക്കും നോക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 2020 ജൂണ്‍ 20നാണ് ഈ വെബ്‌സൈറ്റ് വീണ്ടും ലഭ്യമാകുന്നത്. അന്ന് മെയ് 20ന് അവര്‍ പറഞ്ഞ പല പ്രധാനപ്പെട്ട കാര്യങ്ങളും വെബ്‌സൈറ്റില്‍ ഇല്ല. അതില്‍ നിന്ന് ജെയ്ക്ക് ബാലകുമാറിന്റെ പേര് നീക്കം ചെയ്തു. എന്തുകൊണ്ട് ആ പേര് മാറ്റേണ്ടി വന്നു. മുഖ്യമന്ത്രി സംശയത്തിന്റെ ക്ലൗഡിലാകുന്ന കാര്യങ്ങളാണ് ഞാന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഞാന്‍ ഇത് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി അസംബന്ധം എന്നാണ് പറഞ്ഞത്...

വെബ്‌സൈറ്റില്‍ എന്തൊക്കെ മാറ്റം വരുത്തിയെന്ന് വെബ് ആര്‍ക്കൈവില്‍ നിന്ന് ലഭ്യമാണ്. നിരവധി തവണ വെബ്‌സൈറ്റില്‍ മാറ്റം വരുത്തി. 2020 മെയില്‍ കമ്പനി വെബ്‌സൈറ്റില്‍ ജെയ്ക്ക് ബാലകുമാറിന്റെ ഫോട്ടോ ഉണ്ട്.

അന്ന് ഹെക്‌സ ലോജിക്ക് പറഞ്ഞിരുന്നത് ജെയ്ക്ക് ബാലകുമാറാണ് കമ്പനിയുടെ ഫൗണ്ടറിന്റെ മെന്റര്‍ എന്നാണ്. കമ്പനിയുടെ ഫൗണ്ടര്‍ വീണ വിജയനാണ്. ഹെക്‌സ ലോജിക്കിന്റെ വെബ്‌സൈറ്റില്‍ നിന്ന് ജെയ്ക്ക് ബാലകുമാറുമായി ബന്ധപ്പെട്ട ഡീറ്റെയില്‍സ് കാണതാവുകയായിരുന്നു. ഞാന്‍ പറഞ്ഞത് തെറ്റെങ്കില്‍ മുഖ്യമന്ത്രി കേസ് കൊടുക്കണം.

ഹെക്‌സ ലോജിക് സിംഗിള്‍ ഡയറക്ടര്‍ കമ്പനിയാണ്. വീണ വിജയന്‍ ആണ് കമ്പനിയുടെ ഡയറക്ടര്‍. നോമിനി വീണ വിജയന്റെ അമ്മ കമല വിജയനാണ്. ആ ഡയറക്ടറിനെ മെന്റര്‍ ചെയ്യുന്നയാള്‍ എന്ന പേരിലാണ് ജെയ്ക്ക് ബാലകുമാറിന്റെ പേര് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.=

Related Stories

No stories found.
logo
The Cue
www.thecue.in