പൃഥ്വിരാജിനെതിരെ അപകീർത്തികരമായ വാർത്തകൾ നൽകരുത്: ഷാജൻ സ്കറിയയോട് കോടതി

പൃഥ്വിരാജിനെതിരെ  അപകീർത്തികരമായ 
വാർത്തകൾ നൽകരുത്: ഷാജൻ സ്കറിയയോട് 
കോടതി

പൃഥ്വിരാജിനെതിരെ അപകീർത്തികരമായ വാർത്ത നൽകിയതിന് മറുനാടൻ മലയാളിക്ക് താക്കീതുമായി എറണാകുളം അഡിഷണൽ സബ്ജഡ്ജ്. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൃഥ്വിരാജ് നൽകിയ മനനഷ്ടക്കേസിലാണ് കോടതി, മറുനാടൻ മലയാളി ന്യൂസ് പോർട്ടലിനും ഉടമ ഷാജൻ സ്കറിയയ്ക്കും താക്കീതുനൽകിയത്.

നികുതി വെട്ടിച്ചതിന്റെ പേരിൽ പൃഥ്വിരാജ് ആദായ നികുതി വകുപ്പിൽ 25 കോടി രൂപ പിഴയടച്ചു എന്ന റിപ്പോർട്ടിനെതിരെയാണ് പൃഥ്വിരാജ് പരാതി നൽകിയത്. 2023 മെയ് മാസത്തിൽ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച ലേഖനങ്ങളും വിഡിയോകളും അടിസ്ഥാനപ്പെടുത്തിയാണ് നടൻ കേസുനൽകിയത്. നേരത്തെ എം.എ യുസഫലിക്കെതിരെ നൽകിയ വ്യാജവാർത്തയിൽ, വിചാരണാഘട്ടത്തിൽ ഇനി യുസഫലിക്കെതിരായി വ്യാജവാർത്ത നല്കരുതെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു.

മലയാള സിനിമയിൽ ഖത്തർ ആസ്ഥാനമായുള്ള ഒരു കള്ളപ്പണ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ആ പണമുപയോഗിച്ചാണ് നടൻ പ്രചാരണം നടത്തുന്നത് എന്നുമായിരുന്നു മറുനാടൻ റിപ്പോർട്ട്. വാർത്ത അടിസ്ഥാനരഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് പ്രസ്താവനയിറക്കിയതിനെ തുടർന്നാണ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇപ്പോൾ പ്രസ്താവിച്ചിരിക്കുന്ന ഇടക്കാല വിധി പ്രകാരം വാദിയുടെ സ്വകാര്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനും, സത്‌പേരിനും പ്രശസ്തിക്കും കളങ്കം വരുത്തുന്ന ഉള്ളടക്കങ്ങൾ ഓൺലൈൻ ആയോ ഓഫ്‌ലൈനായോ ഏതെങ്കിലും മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്നത് തടയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in