മാരിറ്റല്‍ റേപ്പ് കുറ്റകരവും ഭരണഘടനാ വിരുദ്ധവും, ഡല്‍ഹി ഹൈക്കോടതിയില്‍ ഭിന്നവിധി; കേസ് സുപ്രീംകോടതിയിലേക്ക്

മാരിറ്റല്‍ റേപ്പ് കുറ്റകരവും ഭരണഘടനാ വിരുദ്ധവും, ഡല്‍ഹി ഹൈക്കോടതിയില്‍ ഭിന്നവിധി; കേസ് സുപ്രീംകോടതിയിലേക്ക്

ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ എന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഭിന്ന വിധി. രണ്ടംഗ ബെഞ്ചില്‍ ഭര്‍തൃ ബലാത്സംഗത്തിന് നല്‍കുന്ന ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധറും ഭര്‍തൃ ബലാത്സംഗം ഭരണഘടനാ വിരുദ്ധം അല്ലെന്ന് സി. ഹരി ശങ്കറും വിധി പറഞ്ഞു. ഭിന്ന വിധിയെ തുടര്‍ന്ന് കേസ് വിശാല ബെഞ്ചിന് വിട്ടു.

ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ബലാത്സംഗം ചെയ്യുന്ന പുരുഷന്‍ ഭര്‍ത്താവാണെങ്കില്‍ അത് ലൈംഗികാതിക്രമമായി കാണാന്‍ കഴിയില്ല. എന്നാല്‍ സ്ത്രീയുടെ പ്രായം 15 വയസില്‍ താഴെയാണെങ്കില്‍ ഇത് ബലാത്സംഗമായി കാണുമെന്നും പറയുന്നു. സുപ്രീം കോടതി പിന്നീട് ഇത് 18 വയസാക്കി തീര്‍പ്പാക്കിയിരുന്നു.

ബലാത്സംഗ നിയമത്തില്‍ ഭര്‍ത്താക്കന്മാര്‍ക്ക് ലഭിക്കുന്ന ഇളവ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ ദിവസങ്ങള്‍ നീണ്ട വാദ പ്രതിവാദത്തിന് ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

മാരിറ്റല്‍ റേപ് കുറ്റകരമാണോ എന്ന വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി അറിയിച്ചിരുന്നു.

എന്നാല്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാത്ത കോടതി കേസ് നീട്ടികൊണ്ട് പോകാന്‍ കഴിയില്ലെന്ന് അറിയിച്ചു.