മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കണം; സി.പി.എം വനിതാ സംഘടന സുപ്രീം കോടതിയില്‍

മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കണം; സി.പി.എം വനിതാ സംഘടന സുപ്രീം കോടതിയില്‍

മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വനിതാ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സുപ്രീം കോടതിയില്‍. ബലാത്സംഗങ്ങള്‍ക്കെതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് മാരിറ്റല്‍ റേപ്പിന് നല്‍കുന്ന ഇളവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗിക വേഴ്ചയും ക്രിമിനല്‍ കുറ്റമാണെന്നും അസോസിയേഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാണോ എന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിപരീത വിധികള്‍ പ്രസ്താവിച്ചിരുന്നു. മാരിറ്റല്‍ റേപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജിവ് ശക്ധറും, ഭരണഘടനാ വിരുദ്ധം അല്ലെന്ന് ജസ്റ്റിസ് സി. ഹരി ശങ്കറും വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഇടത് വനിതാ സംഘടന സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

മാരിറ്റല്‍ റേപ്പിന് നല്‍കുന്ന ഇളവ് ഭരണഘടനയുടെ 14, 15, 19(1)(മ), 21 വകുപ്പുകളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന് മുകളില്‍ വിവാഹത്തിന്റെ ഭാഗമായുള്ള സ്വകാര്യതയെ പ്രതിഷ്ഠിക്കുന്നതാണ് മാരിറ്റല്‍ റേപ്പിന് നല്‍കുന്ന ഇളവ് എന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

ബലാത്സംഗങ്ങള്‍ തടയുന്ന നിയമത്തില്‍ വിവാഹിതയായ സ്ത്രീയും, അവിവാഹിതയായ സ്ത്രീയെന്നും വേര്‍തിരിച്ചിട്ടില്ല. അതിനാല്‍തന്നെ പങ്കാളിയുടെ അനുമതിയില്ലാത്ത ഏതൊരു ബലാത്സംഗവും ക്രിമിനല്‍ കുറ്റമാക്കണമെന്നാണ് അഖേലിന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകള്‍ക്ക് തുല്യമായ പങ്കാളിത്വം നല്‍കണമെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുള്ളതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇഷ്ടമില്ലാത്ത ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല എന്ന് പറയാനുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ടെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
The Cue
www.thecue.in