പ്രതികളെ വെറുതെ വിട്ടില്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും, മാറാട് കേസില്‍ ജഡ്ജിക്ക് ഭീഷണി

പ്രതികളെ വെറുതെ വിട്ടില്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും, മാറാട് കേസില്‍ ജഡ്ജിക്ക് ഭീഷണി

കോഴിക്കോട് മാറാട് പ്രത്യേക കോടതി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ എസ് അംബികയ്ക്ക് ഭീഷണിക്കത്ത്. മാറാട് കേസില്‍ കഴിഞ്ഞ ദിവസം രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഭീഷണിക്കത്ത് അയച്ചത്.

ശിക്ഷ വിധിക്കപ്പെട്ട കോയമോനെയും നിസാമുദ്ദീനെയും വെറുതെ വിടണമെന്നാണ് ആവശ്യം. വെറുതെ വിട്ടില്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ലെന്നും പകരം വീട്ടുമെന്നുമാണ് കത്തിലുള്ളത്. തപാല്‍ വഴിയാണ് കത്ത് അയച്ചത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി നടക്കാവ് പൊലീസ് ദ ക്യുവിനോട് പറഞ്ഞു. മതസ്പര്‍ധ ഉണ്ടാക്കുന്ന വിധം കത്തിലൂടെ ഭീഷണപ്പെടുത്തി എന്നതാണ് കേസ്.

'സെഷന്‍സ് ജഡ്ജ് മാറാട് കേസിലെ വിധി പറഞ്ഞതിലുള്ള വിരോധത്താല്‍, റെഡ്‌സ്റ്റാര്‍ ടൈഗര്‍ ഫോഴ്‌സ് അടിവാരം, മുത്തങ്ങ എന്ന പേരില്‍ ജഡ്ജിയോട് കോയമോനെയും നിസാമുദ്ദീനെയും വെറുതെ വിടുക അല്ലെങ്കില്‍ അംബികാ ദേവിക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാണ് കത്തില്‍ പറയുന്നത്,' എന്ന് നടക്കാവ് എ.എസ്.ഐ പ്രദീപ് ദ ക്യുവിനോട് പറഞ്ഞു.

സിറ്റി പൊലീസ് മേധാവിക്ക് ജഡ്ജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജഡ്ജിയുടെ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. മാറാട് കേസിലെ 95-ാം പ്രതിയാണ് കോയമോന്‍. നിസാമുദ്ദീന്‍ 148-ാം പ്രതിയാണ്. സ്ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് കോയമോന് ശിക്ഷ വിധിച്ചത്. മാരകായുധങ്ങളുമായി കലാപമുണ്ടാക്കി എന്നതാണ് നിസാമുദ്ദീനെതിരെയുള്ള കുറ്റം.

Related Stories

No stories found.
logo
The Cue
www.thecue.in