പാര്‍ട്ടിയുടെ സമുന്നതര്‍ എന്ന് അര്‍ജുനും ആകാശും ഉണ്ടാക്കിയ പ്രതീതി ക്യാമ്പയിനിലൂടെ തകര്‍ന്നു; ആ രോഷമാണ് തീര്‍ക്കുന്നത്; മനു തോമസ്

പാര്‍ട്ടിയുടെ സമുന്നതര്‍ എന്ന് അര്‍ജുനും ആകാശും ഉണ്ടാക്കിയ പ്രതീതി ക്യാമ്പയിനിലൂടെ തകര്‍ന്നു; ആ രോഷമാണ് തീര്‍ക്കുന്നത്; മനു തോമസ്

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നില്‍ക്കുന്ന സമയത്ത് ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തത് കൊണ്ടാണ് അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും തന്നെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ദ ക്യുവിനോട്. . പാര്‍ട്ടിയുടെ സമുന്നതരാണ് തങ്ങളെന്ന് ഇവര്‍ ഉണ്ടാക്കിയെടുത്ത പ്രതീതി അവസാനിപ്പിച്ചു എന്നതാണ് ഇവരുടെ പ്രശ്‌നമെന്നും മനു തോമസ്.

മനു തോമസിന്റെ വാക്കുകള്‍

നേതൃത്വത്തില്‍ നില്‍ക്കുന്ന സമയത്ത് ശക്തമായ ഒരു നിലപാട് സ്വീകരിച്ചു എന്നുള്ളതാണ് അര്‍ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും പോലുള്ളവരുടെ പ്രശ്‌നം. ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരായ ക്യാമ്പയിന്‍ നമ്മള്‍ കൃത്യതയോടെ മുമ്പോട്ട് കൊണ്ടു പോയി.

അവര്‍ അതുവരെ ഒരു രാഷ്ട്രീയ തണലൊക്കെ ഉണ്ട് എന്ന രീതിയില്‍ അഭിരമിച്ച് നില്‍ക്കുകയായിരുന്നു. അതായത് ഞങ്ങള്‍ ഈ പാര്‍ട്ടിയാണ്, ഡി.വൈ.എഫ്.ഐയാണ് എന്നൊക്കെയുള്ള ഒരു പ്രതീതിയുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ക്യാമ്പയിനോട് കൂടി അത് പൊളിഞ്ഞു. അതുകൊണ്ട് തന്നെ അവര്‍ക്ക് കിട്ടുന്ന രാഷ്ട്രീയ സംരക്ഷണവും സൗകര്യങ്ങളുമില്ലാതായി.

വലിയൊരു ശതമാനവും ആ ക്യാമ്പയിന്‍ വിജയിച്ചിട്ടുണ്ട്. തിരിച്ചറിയാത്ത ഒരു ചെറിയ ശതമാനം ഇപ്പോഴുമുണ്ട്. പക്ഷേ അതൊന്നും സംഘടനയുടെ ഏതെങ്കിലും ഘടകങ്ങളില്‍ ഉള്ളവരൊന്നുമല്ല. നേരത്തെ സ്ഥിതി അതായിരുന്നില്ല. സംഘടനാ ഘടകത്തിലുള്ളവരൊക്കെ ഇവരെ ഫോളോ ചെയ്തിരുന്നു. ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്കൊരു സ്വീകാര്യത അവര്‍ക്കിടയില്‍ പോലും ഉണ്ടായിരുന്നു. ആ സമയത്ത് ക്യാമ്പയിന്‍ നടത്തി കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന്റെയൊരു ഫ്രസ്‌ട്രേഷനാണ് ഇവര്‍ തീര്‍ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in