'അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് അവരെ നശിപ്പിക്കണം'; 15 നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിച്ചുവെന്ന് സിസോദിയ

'അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് അവരെ നശിപ്പിക്കണം'; 15 നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിച്ചുവെന്ന് സിസോദിയ

പതിനഞ്ച് പേര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രഅന്വേഷണ ഏജന്‍സികളെ നിര്‍ബന്ധിച്ചുവെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പതിനഞ്ച് പേരുടെ ലിസ്റ്റാണ് ഡല്‍ഹി പൊലീസിനും, സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും മോദി നല്‍കിയതെന്നും മനീഷ് സിസോദിയ ആരോപിച്ചു.

'റെയ്ഡുകള്‍ നടത്താനും കള്ളക്കേസെടുക്കാനും മോദി ആവശ്യപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് അവരെ നശിപ്പിക്കണമെന്നായിരുന്നു നിര്‍ദേശമെന്നും സിസോദിയ. ലിസ്റ്റില്‍ ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി നേതാക്കളുടെ ഉള്‍പ്പടെ പേരുകള്‍ ഉണ്ടായിരുന്നു.'

ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് ആസ്താന പ്രധാനമന്ത്രിയുടെ ആവശ്യം അംഗീകരിച്ചുവെന്നും സിസോദിയ ആരോപിച്ചു. 'രാകേശ് ആസ്താനയായിരുന്നു മോദിയുടെ ബ്രഹ്മാസ്ത്രം. ജോലി തീര്‍ത്തുകൊടുക്കാമെന്ന് അദ്ദേഹം മോദിയോട് സമ്മതിച്ചു.'

സിസോദിയയുടെ ആരോപണങ്ങള്‍ തള്ളി ബി.ജെ.പി രംഗത്തെത്തി. ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധ ലഭിക്കുന്നതിനായി എ.എ.പി കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഡല്‍ഹി ബി.ജെ.പി ഘടകം അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു.

മനീഷ് സിസോദിയയുടെ ആരോപണങ്ങള്‍ക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്‌രിവാളും രംഗത്തെത്തി. 'ഞങ്ങള്‍ക്കെതിരെ നിരവധി വ്യാജകേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും റെയ്ഡുകള്‍ നടത്തുകയും ചെയ്തു, പക്ഷെ നിങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. ഇനിയും നിങ്ങള്‍ വ്യാജകേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും റെയ്ഡുകള്‍ നടത്താനും ആഗ്രഹിക്കുന്നുണ്ടോ? സ്വാഗതം', എന്നായിരുന്നു കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in