ഗവര്‍ണര്‍ ഒപ്പിട്ടു; കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 പേര്‍ക്ക് ജയില്‍ മോചനം

ഗവര്‍ണര്‍ ഒപ്പിട്ടു; കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 പേര്‍ക്ക് ജയില്‍ മോചനം

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാര്‍ക്ക് മോചനം. ശിക്ഷ ഇളവ് ചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചതോടെയാണ് ഇവര്‍ ജയില്‍ മോചിതരാകുന്നത്.

22 വര്‍ഷത്തിന് ശേഷമാണ് മണിച്ചന്‍ മോചിതനാകുന്നത്. 33 പേരെ തിരിച്ചയച്ചതിന്റെ കാരണം തേടി ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു. എന്നാല്‍ വിദഗ്ധ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനം എടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം.

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് മണിച്ചന്‍. 2000 ഒക്ടോബര്‍ 21നായിരുന്നു 31 പേരുടെ ജീവനെടുത്ത മദ്യദുരന്തം. ആറ് പേര്‍ക്ക് കാഴ്ച പോവുകയും 150 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം എന്നാണ് പൊലീസ് കണ്ടെത്തല്‍. കൂട്ടുപ്രതി ഹൈറുന്നീസ 2009ല്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു.

The Cue
www.thecue.in