യുഡിഎഫ് കോട്ടകള്‍ നിലംപരിശാക്കി പാലായില്‍ ഇടത് തേരോട്ടം; നാലാമൂഴത്തില്‍ മാണിയുടെ തട്ടകം പിടിച്ചടക്കി മാണി സി കാപ്പന്‍

യുഡിഎഫ് കോട്ടകള്‍ നിലംപരിശാക്കി പാലായില്‍ ഇടത് തേരോട്ടം; നാലാമൂഴത്തില്‍ മാണിയുടെ തട്ടകം പിടിച്ചടക്കി മാണി സി കാപ്പന്‍

13 തെരഞ്ഞെടുപ്പുകളില്‍ മാണിക്കൊപ്പം നിന്ന പാലായില്‍ ആദ്യമായി വിജയം നേടി എല്‍ഡിഎഫ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ മാണിയോട് മത്സരിച്ച് തോറ്റ മാണി സി കാപ്പന്‍ ആദ്യമായി നിയമസഭയിലെത്തും. വരാനിരിക്കുന്ന 5 ഉപതിരഞ്ഞെടുപ്പുകളുടെ സെമി ഫൈനല്‍ ആയി കണക്കാക്കാവുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തിലും പിന്നിലേക്ക് പോകാതെയാണ് ഇടതുമുന്നണിയുടെ വിജയം.

തുടര്‍ച്ചയായ നാലാം തവണയായിരുന്നു മാണി സി കാപ്പന്‍ പാലായിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുന്നത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ചേര്‍ന്ന എന്‍സിപി യോഗത്തില്‍ മാണി സി കാപ്പന്റെ പേര് മാത്രമേ ഉയര്‍ന്നിരുന്നുള്ളൂ. കെ എം മാണിക്കെതിരെ മൂന്ന് തവണ മത്സരിച്ച മണ്ഡലത്തിലെ സുപരിചിതനായ സ്ഥാനാര്‍ഥിയെ തന്നെ ഇത്തവണയും മത്സരിപ്പിക്കാന്‍ ഇടതുമുന്നണിയും തീരുമാനിച്ചു. കെ.എം.മാണിയുടെ കോട്ട വീഴ്ത്താന്‍ മാണി സി കാപ്പനു കഴിയുമെന്ന് എന്‍സിപിയും എല്‍ഡിഎഫും ഉറപ്പിച്ചിരുന്നു.

സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ചെറിയാന്‍ ജെ കാപ്പന്റെ മകനാണ് മാണി. കെഎം മാണിക്കെതിരെ മത്സരിച്ച ഓരോ തെരഞ്ഞെടുപ്പിലും ലീഡ് നില കുറയ്ക്കാന്‍ മാണി സി കാപ്പന് കഴിഞ്ഞിരുന്നു.ആദ്യമായി മത്സരിച്ച 2006ല്‍ ഉണ്ടായിരുന്ന 7590 വോട്ടുകളുടെ ലീഡ് 2011ല്‍ 5259 ലേക്കും 2016ല്‍ 4703 ലേക്കുമായി മാണി സി കാപ്പന്‍ ചുരുക്കിയിരുന്നു. മാണി അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മാണിക്ക് പകരക്കാരനായി മാണി സി കാപ്പനെ പാല തെരഞ്ഞെടുത്തത് 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലും.

യുഡിഎഫ് കോട്ടകള്‍ നിലംപരിശാക്കി പാലായില്‍ ഇടത് തേരോട്ടം; നാലാമൂഴത്തില്‍ മാണിയുടെ തട്ടകം പിടിച്ചടക്കി മാണി സി കാപ്പന്‍
മാണിയുടെ പാലാ മാണി സി കാപ്പന്

എന്‍സിപി സംസ്ഥാന ട്രഷററാണ് മാണി സി കാപ്പന്‍. ഒപ്പം നടന്‍ സിനിമാ നിര്‍മാതാവ്, സംവിധായകന്‍, മുന്‍ രാജ്യാന്തര വോളി താരം എന്നിങ്ങനെയും പ്രേക്ഷകര്‍ക്ക് സുപരിചിതന്‍. കഴിഞ്ഞ മൂന്ന് തവണ മത്സരിച്ചെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ കാണാനില്ലെന്നായിരുന്നു എതിരാളികള്‍ ഉയര്‍ത്തിയ വിമര്‍ശനം. എന്നാല്‍ പാലായിലെ സാധാരണക്കാര്‍ക്കിടയില്‍ ഇത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. മണ്ഡലത്തിലെ പൊതു ചര്‍ച്ചകളിലെല്ലാം ആദ്യം മുതല്‍ തന്നെ കൃത്യമായ പ്രചരണത്തിനിറങ്ങുകയും തന്റെ വ്യക്തിഗത വോട്ടുകള്‍ ഉറപ്പിക്കുകയും മാണി സി കാപ്പന്‍ ചെയ്തു.

പിജെ ജോസഫ്/ജോസ് കെ മാണി പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് കുരുങ്ങിയപ്പോള്‍ അത് നേട്ടമാക്കാനും മാണി സി കാപ്പന് കഴിഞ്ഞു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം, തെരഞ്ഞെടുപ്പ് ചിഹ്നം, വിഭാഗീയത തുടങ്ങി ഒരുപാട് തര്‍ക്കങ്ങളില്‍ കുരുങ്ങിയപ്പോള്‍ ആശയക്കുഴപ്പങ്ങളില്ലാതെയായിരുന്നു മാണി സി കാപ്പന്‍ നാലാമങ്കത്തിനിറങ്ങിയത്. സ്ഥാനാര്‍ഥി എന്ന നിലയില്‍ മണ്ഡലത്തിലൊരു പരിചയപ്പെടുത്തല്‍ വേണ്ടി വന്നിരുന്നില്ലെന്നത് തന്നെയായിരുന്നു പ്രചരണത്തിന്റെ കരുത്തും. യുഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ഥി നിര്‍ണയങ്ങളില്‍ കുരുങ്ങിയപ്പോള്‍ പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്താനും മാണി സി കാപ്പന് കഴിഞ്ഞു.

യുഡിഎഫ് കോട്ടകള്‍ നിലംപരിശാക്കി പാലായില്‍ ഇടത് തേരോട്ടം; നാലാമൂഴത്തില്‍ മാണിയുടെ തട്ടകം പിടിച്ചടക്കി മാണി സി കാപ്പന്‍
ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന് ജോസഫ് ; കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ജോസ് ടോം 

54 വര്‍ഷം കെഎം മാണി കയ്യടക്കിവച്ച പാലാ നിലനിര്‍ത്താനായിട്ടായിരുന്നു മാണികുടുംബത്തിന്റെ വിശ്വസ്തനായ ജോസ് ടോം പുലിക്കുന്നേലിനെ കേരള കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ആദ്യം നിഷ ജോസ് കെ മാണിയുടെ പേരായിരുന്നു ചര്‍ച്ചകളില്‍ മുന്നിലുണ്ടായിരുന്നതെങ്കിലും പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള പാര്‍ട്ടിക്കകത്തെ തര്‍ക്കമായിരുന്നു ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയാക്കിയത്. തര്‍ക്കം മുറുകിയപ്പോള്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില ലഭിക്കാതെ കൈതച്ചക്ക ചിഹ്നത്തിലായിരുന്നു മത്സരം. പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങള്‍ മുറുകിയാലും പാലാ മാറ്റിക്കുത്തില്ല എന്ന ആത്മവിശ്വാസമായിരുന്നു യുഡിഎഫിനും കേരള കോണ്‍ഗ്രസിനും. ഒപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് എതിരെ നേടിയ വന്‍ വിജയവും.

യുഡിഎഫ് കോട്ടകള്‍ നിലംപരിശാക്കി പാലായില്‍ ഇടത് തേരോട്ടം; നാലാമൂഴത്തില്‍ മാണിയുടെ തട്ടകം പിടിച്ചടക്കി മാണി സി കാപ്പന്‍
‘യുഡിഎഫ് വാങ്ങിയ പടക്കങ്ങളും ലഡുവും പകുതി വിലക്ക് വാങ്ങും’; ജോസ് കെ മാണിയോടുള്ള എതിര്‍പ്പ് വോട്ടായെന്ന് മാണി സി കാപ്പന്‍ 

രണ്ടില നഷ്ടപ്പെട്ടപ്പോള്‍ കെഎം മാണിയാണ് ചിഹ്നമെന്നായിരുന്നു യുഡിഎഫ് പ്രചരണം. മാണിയോടുള്ള ജനങ്ങളുടെ സ്‌നേഹം ഒരിക്കല്‍ കൂടി വോട്ടാക്കാമെന്ന് കരുതി. എന്നാല്‍ മാണിയോട് കാണിച്ച സ്‌നേഹം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കേരള കോണ്‍ഗ്രസിനോടും യുഡിഎഫിനോടും ഇല്ലെന്ന് പാലാ തിരുത്തി.

ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി 2016ല്‍ കാല്‍ ലക്ഷത്തോളം വോട്ട് നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് എന് ഹരിക്ക് രണ്ടാമൂഴം നല്‍കിയത്. ശബരിമല യുവതീ പ്രവേശനമടക്കമുള്ള വിഷയങ്ങള്‍ മണ്ഡലത്തില്‍ ഉന്നയിച്ച് പ്രചരണത്തിനിറങ്ങിയ ബിജെപിയ്ക്ക് പക്ഷേ കഴിഞ്ഞ തവണ നേടിയത്ര വോട്ടുകള്‍ പോലും നേടാനായില്ല. ഘടകകക്ഷി നേതാക്കളായ പി സി തോമസിന്റെയും പിസി ജോര്‍ജിന്റെയും പാലായിലെ പിന്തുണയും ബിജെപിയെ തുണച്ചില്ല.

മാണി സി കാപ്പന്‍ കരുത്തനായ സ്ഥാനാര്‍ഥിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിരുന്നു. പാലായിലെ സമുദായ അംഗങ്ങള്‍ക്കിടയില്‍ മാണി സി കാപ്പന്‍ തരംഗമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. പാലായിലെ തര്‍ക്കത്തിനൊടുവില്‍ ജോസ് കെ മാണിയും പി ജെ ജോസഫും ജയിച്ചു, പാലായിലെ ജനം തോറ്റു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള അധികാരത്തര്‍ക്കവും കുടുംബവഴക്കും ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നുമെല്ലാം വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന ആദ്യം മുതല്‍ക്കെ തന്നെ മാണി സി കാപ്പന് വിജയ പ്രതീക്ഷ നല്‍കി. ബിഡിജെഎസ് വോട്ട് തനിക്ക് കിട്ടിയെന്നും തെരഞ്ഞെടുപ്പിന് ശേഷം മാണി സി കാപ്പന്‍ പറഞ്ഞു.

യുഡിഎഫ് കോട്ടകള്‍ നിലംപരിശാക്കി പാലായില്‍ ഇടത് തേരോട്ടം; നാലാമൂഴത്തില്‍ മാണിയുടെ തട്ടകം പിടിച്ചടക്കി മാണി സി കാപ്പന്‍
‘യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയം’; പാലാ ഉപതെരഞ്ഞെടുപ്പില്‍ സെല്‍ഫ് ട്രോളുമായി വിടി ബല്‍റാം 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടെങ്കിലും മുന്‍പ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേടിയ വിജയം എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കിയിരുന്നു. കൃത്യമായ പ്രചരണത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വീണ്ടും ഇടം നേടാമെന്ന് എല്‍ഡിഎഫ് കരുതി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേടിയ വിജയം കോണ്‍ഗ്രസിന് രാജ്യമൊട്ടാകെ കാഴ്ചവെയ്ക്കാന്‍ കഴിയാതിരുന്നതും ലോക്‌സഭയില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ പല നീക്കങ്ങളെയും പ്രതിരോധിക്കാന്‍ കഴിയാത്തതുമെല്ലാം ഉയര്‍ത്തിക്കൊണ്ടു വരാന്‍ എല്‍ഡിഎഫ് ശ്രമിച്ചു. കേരളത്തിലെ പാലാരിവട്ടം പാലം അഴിമതിയായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിനെതിരെ ചര്‍ച്ചയായ പ്രധാനപ്പെട്ട വിഷയം. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഉയര്‍ന്ന് ആരോപണങ്ങളും വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുമെല്ലാം ജനങ്ങളെ സ്വാധീനിക്കുകയും ഇടതുമുന്നണിക്ക് കരുത്ത് പകരുകയും ചെയ്തു.

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 54137 വോട്ടുകളാണ് മാണി സി കാപ്പന്‍ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം 51194 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരി 18044 വോട്ടുകളും നേടി. മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കെ നേടാനായത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാതെ ആയിരുന്നു ഇടത് മുന്നണിയുടെ വിജയം.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in