നിധി എടുത്ത് നല്‍കാം, ചൊവ്വാ ദോഷം മാറ്റാം; സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങിയ 'രമേശന്‍ സ്വാമി' അറസ്റ്റില്‍

നിധി എടുത്ത് നല്‍കാം, ചൊവ്വാ ദോഷം മാറ്റാം; സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങിയ 'രമേശന്‍ സ്വാമി' അറസ്റ്റില്‍
Published on

പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. പുരയിടത്തില്‍ നിന്ന് നിധി കുഴിച്ചെടുത്ത് നല്‍കാം ചൊവ്വാ ദോഷം മാറ്റിത്തരാം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ തട്ടിപ്പിനരയാക്കിയ കൂപ്ലിക്കാട് രമേശനാണ് അറസ്റ്റിലായത്.

വണ്ടൂര്‍ സ്വദേശിനിയില്‍ നിന്ന് 1.10 ലക്ഷം രൂപ തട്ടിയ കേസിലാണ് രമേശന്‍ അറസ്റ്റിലായത്. രമേശന്‍ നമ്പൂതിരി, രമേശന്‍ സ്വാമി, സണ്ണി സ്വാമി എന്നീ പേരുകളിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. കൊല്ലം പുനലൂര്‍ കുന്നിക്കോട് വാടക വീട്ടില്‍ കഴയുകയായിരുന്നു പ്രതി.

വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഞ്ച് പവന്റെ സ്വര്‍ണം തട്ടി. ഇവരുടെ പക്കല്‍ നിന്ന് നിധി കുഴിച്ചെടുക്കാനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈപ്പറ്റിയ ഇയാള്‍ വീടിനു ചുറ്റും നിരവധി കുഴികളെടുത്ത് വീടും പറമ്പും താമസയോഗ്യമല്ലാതാക്കിമാറ്റുകയും ചെയ്തു. സമാനമായ രീതിയില്‍ വയനാട് മീനങ്ങാടി സ്വദേശിയില്‍ നിന്ന് എട്ട് പവനും കൈക്കലാക്കിയതായി പരാതിയുണ്ട്.

ജാതകവിധി പ്രകാരമുള്ള ചൊവ്വാദോഷം പ്രത്യേക പൂജയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ച് വണ്ടൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും പ്രതി 1,10,000 രൂപ തട്ടിയെടുത്തു. വിവാഹം ശരിയാകാതെ വന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാ ദോഷം മാറ്റിത്തരമാമെന്ന പേരില്‍ നിരവധി സ്ത്രീകളെ പറ്റിച്ചിട്ടുണ്ടെന്നാണ് വിവരം.

പുനലൂരിലെ ഒരു ഹോട്ടലില്‍ ചീഫ് ഷെഫായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഇയാളെ പൊലീസ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ പിടികൂടുന്നത്. ഇവിടെയും രമേശന്‍ ചില പൂജകളൊക്കെ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in