ഇങ്ങനെയെങ്കില്‍ ലിഫ്റ്റിനും ചാര്‍ജ് ഈടാക്കുമല്ലോ, ലുലു മാള്‍ പാര്‍ക്കിംഗ് ഫീയില്‍ ഹൈക്കോടതി

ഇങ്ങനെയെങ്കില്‍ ലിഫ്റ്റിനും ചാര്‍ജ് ഈടാക്കുമല്ലോ, ലുലു മാള്‍ പാര്‍ക്കിംഗ് ഫീയില്‍ ഹൈക്കോടതി

മാളുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് കേരള ഹൈക്കോടതി. ലുലു മാള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുകയായിരുന്നു കോടതി.

''മാളുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് ശരിയല്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. പാര്‍ക്കിംഗ് ഫീ അനുവദിച്ചാല്‍ ലിഫ്റ്റുകള്‍ക്കും അവര്‍ ചാര്‍ജ് ഈടാക്കാന്‍ സാധ്യതയുണ്ട്,''കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

നേരത്ത കേസ് പരിഗണിക്കുന്നതിനിടെ കളമശ്ശേരി മുന്‍സിപ്പാലിറ്റിയോട് കോടതി വിശദീകരണം തേടിയിരുന്നു.

ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കുന്നതു തന്നെ പാര്‍ക്കിംഗ് സ്പേസ് കൂടി ഉള്‍പ്പെടുത്തിയാണ്. നിര്‍മ്മാണത്തിന് ശേഷം ഉടമയ്ക്ക് പാര്‍ക്കിംഗ് ഫീ ഈടാക്കാന്‍ സാധിക്കുമോ എന്നതാണ് ചോദ്യം. പ്രഥമ ദൃഷ്ടിയാല്‍ പാടില്ലെന്നാണ് അഭിപ്രായം. വിഷയത്തില്‍ മുന്‍സിപ്പാലിറ്റിയുടെ നിലപാട് അറിയണം,'' എന്നായിരുന്നു കോടതി പറഞ്ഞത്.

കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മുന്‍സിപ്പാലിറ്റി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 21ലേക്ക് മാറ്റി.

ലുലുമാള്‍ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നുവെന്നാണ് പരാതി. അതേ സമയം ലുലുമാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കേരള മുന്‍സിപ്പാലിറ്റി ആക്ട് 447 പ്രകാരം തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നും വാദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in