'ഒരു മാസം ദ്രോഹിച്ചിട്ടും പിന്നെയും ഒറ്റയ്ക്ക് അവിടെ എന്തിന് പോയി'; വിജയ് ബാബു കേസില്‍ അതിജീവിതയ്‌ക്കെതിരെ മല്ലികാ സുകുമാരന്‍

'ഒരു മാസം ദ്രോഹിച്ചിട്ടും പിന്നെയും ഒറ്റയ്ക്ക് അവിടെ എന്തിന് പോയി'; വിജയ് ബാബു കേസില്‍ അതിജീവിതയ്‌ക്കെതിരെ മല്ലികാ സുകുമാരന്‍

വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസില്‍ അതിജീവിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി നടി മല്ലികാ സുകുമാരന്‍. തീരെ അറിവില്ലാത്ത ഒരു കൊച്ചുകുട്ടിയല്ല ആ പെണ്‍കുട്ടി. ഒരു മാസത്തോളം എന്തൊക്കെയോ ദ്രോഹങ്ങള്‍ ചെയ്തുവെന്നാണ് പറഞ്ഞത്. ഇത്രയും നല്ലൊരു കുട്ടി, അച്ഛനും അമ്മയുമെല്ലാമുണ്ട്, പിന്നെയും ഒറ്റയ്ക്ക് അവിടെ പോകുന്നത് ശരിയാണോയെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു.

ഇളം പ്രായത്തില്‍ പെണ്‍കുട്ടികള്‍ പ്രണയമോ, ആഗ്രഹമോ, അല്ലെങ്കില്‍ അവസരമോ എന്തും ആയിക്കോട്ടെ, ഒരു രക്ഷിതാവ് കൂടെയിരിക്കുന്നതിന് എന്താണ് പ്രശ്‌നം, അല്ലാതെ ഒറ്റയ്ക്ക് പോയാല്‍ മാത്രമാണോ ആഗ്രഹം നേടാന്‍ പറ്റൂ. ഒരു മാസത്തോളം ഇങ്ങനെ സംഭവിച്ചു എന്ന് പറഞ്ഞു, ഒരു മീഡിയയില്‍ ആ സമയത്തുള്ള ആ കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ കണ്ടു. ഈ പറയുന്ന ദിവസങ്ങളില്‍ ഇങ്ങനൊരാളിന്റെ നികൃഷ്ടമായ പെരുമാറ്റങ്ങളെക്കുറിച്ച് ഒന്നുമില്ല. എന്തിനാണ് പ്രേമം തോന്നിയെന്ന് പറഞ്ഞ് കൊല്ലുന്ന അവസ്ഥയെത്തിയാല്‍ മിണ്ടാതിരിക്കുമോ, അല്ലെങ്കില്‍ മിണ്ടാതെ അങ്ങ് പോണം, മല്ലിക സുകുമാരന്‍ പറഞ്ഞു. മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം.

അവസരം വേണോ, അതോ അഭിമാനം വേണോ, അതല്ലാതെ അവസരം കിട്ടണം എങ്കില്‍ സാരമില്ല, കിട്ടിയില്ലെങ്കില്‍ അത് മീടൂവാണ് എന്ന ആറ്റി‌റ്റ്യൂഡിനെയാണ് താന്‍ എതിര്‍ത്തതെന്നും മല്ലിക പറഞ്ഞു.

വിജയ് ബാബു ലൈവില്‍ അതിജീവിതയുടെ പേര് പറഞ്ഞത് ഒരു ആണിന്റെ വാശിയായിട്ട് വ്യാഖ്യാനിച്ചുകൂടെയെന്നും മല്ലിക സുകുമാരന്‍ ചോദിച്ചു. 'അയാള്‍ പറഞ്ഞത് ശരിയാണെന്ന് പറയുകയല്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശുദ്ധ പ്രോക്രിത്തരമാണ്. പക്ഷേ ചോരത്തിളപ്പുള്ള ചെറുപ്പക്കാരനാണ്. അവന് പത്തിരട്ടി വാശി തോന്നും. അങ്ങനെ നീ ഷൈന്‍ ചെയ്യേണ്ടെന്ന് തോന്നിക്കാണും', മല്ലിക സുകുമാരന്‍ പറഞ്ഞു.

The Cue
www.thecue.in