മുണ്ടുടുത്ത് വന്ന കര്‍ഷകനെ കയറ്റിയില്ല; ബംഗളൂരുവിലെ മാള്‍ അടച്ചിടാന്‍ നിര്‍ദേശം

മുണ്ടുടുത്ത് വന്ന കര്‍ഷകനെ കയറ്റിയില്ല; ബംഗളൂരുവിലെ മാള്‍ അടച്ചിടാന്‍ നിര്‍ദേശം
Published on

മുണ്ടുടുത്ത് വന്ന വൃദ്ധനായ കര്‍ഷകനെയും മകനെയും പ്രവേശിപ്പിക്കാന്‍ തയ്യാറാകാത്ത മാള്‍ അടച്ചിടാന്‍ നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍. ബംഗളൂരുവിലെ ജി ടി വേള്‍ഡ് മാളാണ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. മാളില്‍ സിനിമ കാണാനെത്തിയ ഫക്കീരപ്പയെയും മകന്‍ നാഗരാജിനെയും സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. ടിക്കറ്റ് കാണിച്ചിട്ടും ഇവരെ കടത്തിവിടാന്‍ സെക്യൂരിറ്റി തയ്യാറായില്ല. മുണ്ടുടുത്തവരെ കയറ്റേണ്ടെന്നാണ് മാളിന്റെ നയമെന്ന് സെക്യൂരിറ്റി ഇവരോട് പറയുന്നത് സംഭവത്തിന്റെ വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

പാന്റ്‌സിട്ടു വന്നാലേ മാളില്‍ കയറ്റാനാകൂ എന്നും മാനേജ്‌മെന്റിന്റെ നിര്‍ദേശം ഇക്കാര്യത്തിലുണ്ടെന്നും മാള്‍ സൂപ്പര്‍വൈസറും പറഞ്ഞു. തങ്ങള്‍ വളരെ ദൂരത്തു നിന്നാണ് എത്തിയതെന്നും വസ്ത്രം മാറാന്‍ നിര്‍വാഹമില്ലെന്നും ഫക്കീരപ്പ പറഞ്ഞെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ശക്തമായ പ്രതിഷേധം സംഭവത്തില്‍ ഉയരുകയും ചെയ്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.

തൊട്ടടുത്ത ദിവസം തന്നെ പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു. മാളിനു മുന്നില്‍ സംഘടനകള്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചു. ഫക്കീരപ്പയുമായാണ് സംഘടനകള്‍ പ്രതിഷേധത്തിനെത്തിയത്. സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മാള്‍ അധികൃതര്‍ ഫക്കീരപ്പയെ മാളിനകത്ത് പ്രവേശിപ്പിക്കുകയും മാപ്പു പറയുകയും ചെയ്തു. പ്രായമായ കര്‍ഷകനെ മാള്‍ അധികൃതര്‍ അപമാനിച്ചതില്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in