ചുഞ്ചു നായര്‍ ജാതിവാലല്ല, ട്രോളുകാര്‍ക്ക് വെറും മൃഗമെങ്കില്‍ തങ്ങള്‍ക്ക് മകളെന്ന് പരസ്യം നല്‍കിയ കുടുംബം
ചുഞ്ചു നായര്‍ ഞങ്ങളുടെ ഇളയ മകളായിരുന്നു. ഞങ്ങള്‍ക്കവള്‍ റാണിയായിരുന്നു, വീടിനെ നിര്‍ണ്ണയിക്കുന്ന ഘടകമായിരുന്നു. അവളുടെ വിയോഗത്തിന്റെ വേദനയിലാണ് ഞങ്ങളിപ്പോഴും. അരുമയായ പൂച്ചയുടെ വിയോഗത്തില്‍ പത്രപ്രരസ്യം നല്‍കിയ മലയാളി കുടുംബത്തിന്റെ വാക്കുകളാണ്. ചുഞ്ചു എന്ന പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തത് ജാതി ചിന്തിച്ചല്ല, പെണ്‍മക്കളുടെ പേരുപോലെ നല്‍കിയതാണെന്നും കുടുംബം വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് കുടുംബത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിലായിരുന്നു പരസ്യം വന്നത്. നവി മുംബൈയിലെ സ്ഥിരതാമസക്കാരാണ് അനിത നായരും (യഥാര്‍ത്ഥ പേരല്ല, പേര് വെളിപ്പെടുത്താന്‍ ഈ കുടുംബം ആഗ്രഹിക്കുന്നില്ല) കുടുംബവും.
ട്രോള്‍ പരിഹാസങ്ങള്‍ക്ക് അനിത നായരുടെ മറുപടി ഇങ്ങനെ
ചുഞ്ചുവിന്റെ വിയോഗത്തിന്റെ വേദനയില്‍ കഴിയുന്നവരാണ് ഞങ്ങള്‍. ട്രോളുന്നവര്‍ക്ക് അതൊരു ജീവി മാത്രമാണ്. ചുഞ്ചു 18 വര്‍ഷത്തോളം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. വാര്‍ധക്യം ബാധിച്ചാണ് മരണപ്പെടുന്നത്. സാധാരണഗതിയില്‍ പൂച്ചകള്‍ അത്രകാലം ജീവിക്കാറില്ല. എന്നാല്‍ സ്‌നേഹപൂര്‍ണമായ അന്തരീക്ഷത്തില്‍ കഴിഞ്ഞതിനാലാണ് ഇത്ര ആയുസ്സ് കിട്ടിയതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
അനിത നായര്‍
ഞങ്ങളവള്‍ക്ക് യാതൊരു പരിശീലനവും നല്‍കിയിട്ടില്ല. എന്നിട്ടും എങ്ങിനെ പെരുമാറണമെന്ന് അവള്‍ക്കറിയാമായിരുന്നു. എത്ര വിശന്നാല്‍ പോലും ഞങ്ങളുടെ പ്ലേറ്റില്‍ കയ്യിടില്ല. ഫ്രഷായ മത്സ്യങ്ങള്‍ മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളൂ. അതും ഞങ്ങള്‍ നല്‍കിയാല്‍ മാത്രം. ഞങ്ങളില്ലാത്തപ്പോള്‍ വീട്ടുസഹായി ഭക്ഷണം നല്‍കിയാല്‍ കഴിക്കാന്‍ കൂട്ടാക്കാറില്ലെന്നും അനിത നായര്‍ ഓര്‍ത്തെടുക്കുന്നു.
ചുഞ്ചുവിനെ കിട്ടിയ കഥ ഇങ്ങനെ
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പൂന്തോട്ടത്തിലാണ് അവളെ കണ്ടത്. പാലും ഭക്ഷണവും നല്‍കി. ഇതുതുടര്‍ന്നപ്പോള്‍ ഞങ്ങളോട് ഇണങ്ങി. എന്റെ ചെറുപ്പത്തില്‍ ഞാന്‍ കേരളത്തിലായിരുന്നപ്പോള്‍ വീട്ടിലൊരു പൂച്ചയുണ്ടായിരുന്നു. സുന്ദരി എന്നായിരുന്നു അതിന്റെ പേര്. ഈ പൂച്ചയ്ക്കും ആ പേര് തന്നെ നല്‍കി. വിളിച്ചുവിളിച്ച് ചുഞ്ചുവെന്ന് ചുരുങ്ങിയതാണ്.
അനിത നായര്‍
ആദ്യ പ്രസവത്തില്‍ ചുഞ്ചുവിന് 4 കുട്ടികളെയും നഷ്ടമായി. അന്നൊക്കെ അത് കടുത്ത വേദനയിലായിരുന്നു. ആ ദിവസങ്ങളില്‍ ഞാനും ഭര്‍ത്താവും മക്കളുമൊക്കെ അവളെ കഴിയാവുന്നപോലെല്ലാം പരിചരിച്ചു. തൊട്ടടുത്ത പ്രസവത്തിലും അവള്‍ക്ക് കുട്ടികളെ നഷ്ടമായി. ഇതേതുടര്‍ന്ന് ചികിത്സ ലഭ്യമാക്കി. ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും വീട്ടിലേക്ക് തിരികെയെത്താന്‍ തിടുക്കം കാട്ടി തുന്നലുകളെല്ലാം അവള്‍ പറിച്ചുകളഞ്ഞു. ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടുകയും ചെയ്തു. അന്നൊക്കെ ഡോക്ടര്‍മാര്‍ നിരന്തരം ഞങ്ങളെ ബന്ധപ്പെടുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അവള്‍ ആണ്‍ പൂച്ചകളെ അടുപ്പിച്ചില്ല. എന്റെ മക്കള്‍ എന്നോട് ചേര്‍ന്നിരിക്കുന്നതൊന്നും അതിന് ഇഷ്ടമായിരുന്നില്ല. അത്ര അടുപ്പമാണ് അതിന് ഞങ്ങളോടുണ്ടായിരുന്നത്.
ഫോട്ടോ എടുക്കുന്നതിനോടൊന്നും അധികം താല്‍പ്പര്യം കാണിച്ചിരുന്നില്ല. അതിനാല്‍ കൂടുതള്‍ ഫോട്ടോകളൊന്നുമില്ല. പ്രായം കൂടിയപ്പോള്‍ അവളുടെ വൃക്കകളുടെ പ്രവര്‍ത്തനം താളം തെറ്റുകയും പല്ലുകള്‍ ക്ഷയിക്കുകയു ചെയ്തു. അവളുടെ അവസാന നാളുകളില്‍ അയല്‍ക്കാര്‍ ചുഞ്ചുവിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഏറെ ചികിത്സകള്‍ നടത്തിയിട്ടും ഫലം കണ്ടില്ല. ക്രിമറ്റോറിയത്തിലാണ് സംസ്‌കരിച്ചത്. താനും പെണ്‍മക്കളും ഭര്‍ത്താവും അവള്‍ക്ക് അവിടെ യാത്രയയപ്പ് നല്‍കിയെന്നും അനിത പറയുന്നു. ഞങ്ങള്‍ വേറെ പൂച്ചയെ ഇപ്പോള്‍ വളര്‍ത്തുന്നില്ല. അയല്‍പക്കങ്ങളിലുള്ളവ വീട്ടില്‍ വരാറുണ്ട്, അത്രമാത്രം. ചുഞ്ചുവില്‍ നിന്ന് വിട്ടുപോരുക എളുപ്പമല്ലെന്നും അനിത പറയുന്നു.

